രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ കൊലവിളി; കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധ പ്രകടനം നടത്തി

Spread the love

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി വര്‍ഗീയ പ്രസ്താവനള്‍ക്കെതിരെ കോണ്‍ഗ്രസ് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പാളയം

രക്തസാക്ഷി മണ്ഡപത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ ആത്മാവും മതേതരത്വത്തിന്റെ സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ബിജെപിയുടെ ലക്ഷ്യം വര്‍ഗീയതയും ഏകാധിപത്യവുമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. റൗഡികളുടെയും സംസ്‌കാരശൂന്യന്‍മാരുടെയും പാര്‍ട്ടിയാണ് ബിജെപി. രാഹുല്‍ ഗാന്ധിയുടെ അത്ര സംസ്‌കാരവും ഭാഷാപരിജ്ഞാനവും ഇല്ലാത്ത മോദിയുടെ ശിഷ്യന്‍മാരാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത്. അവരെ തിരുത്താന്‍ അഭിമാനബോധവും സംസ്‌കാരവുമുള്ള ആരും ബിജെപിയിലില്ല.

രാഹുല്‍ ഗാന്ധിക്ക് സംരക്ഷണം ഒരുക്കാന്‍ രാജ്യത്തെ കോടിക്കണക്കിന് മതേതരവിശ്വാസികളുണ്ടെന്ന കാര്യം ബിജെപി വിസ്മരിക്കരുത്.രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. അന്തസ്സുള്ള ജനാധിപത്യത്തില്‍ വിശ്വാസമുള്ള ഒരു നേതാവെങ്കിലും ബി.ജെ പിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഹീനമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നവരെ വിലക്കുമായിരുന്നു. മോദി ടെലിപ്രോംറ്ററില്‍ നോക്കി വായിക്കുന്നത് വലിയ കഴിവല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. പ്രതിപക്ഷ നേതാവിന്റെ നാവ് മുറിക്കുമെന്ന ഭീഷണി ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഡോ.ശശി തരൂര്‍ എം പി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കനകക്കുന്നിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കി.

കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,പത്തനംതിട്ട ആന്റോ ആന്റണി എംപി, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,എറണാകുളം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്,കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി, കണ്ണൂര് ടൗണില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ് സിപി മാത്യു,പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,വയനാട് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *