സിപിഐക്ക് പുല്ലുവില; അന്‍വറിനെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് എംഎം ഹസന്‍

Spread the love

സ്വര്‍ണ്ണക്കളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവായി മുഖ്യമന്ത്രി പരോക്ഷമായി ചിത്രീകരിച്ച പി.വി.അന്‍വര്‍ എംഎല്‍എയെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതും കേസെടുക്കാത്തതും എന്തുകൊണ്ടാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് എഡിജിപി അജിത് കുമാറിന് സംരക്ഷണം വലയം തീര്‍ക്കുന്ന മുഖ്യമന്ത്രി അന്‍വര്‍ സ്വര്‍ണ്ണക്കളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവായാണ് സൂചിപ്പിച്ചത്.സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാണ് അന്‍വര്‍.

അദ്ദേഹത്തിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഗൗരവതരമാണ്.ഇദ്ദേഹത്തെ കുറിച്ച് ഇത്തരം ഒരു അറിവ് മുഖ്യമന്ത്രിക്കുണ്ടായിട്ടും എന്തുകൊണ്ട് അന്‍വറിനെതിരായി അന്വേഷണം നടത്തുന്നില്ല? മാഫിയാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തിയെ എന്തിനാണ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമായി ഇപ്പോഴും നിലനിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇദ്ദേഹത്തെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുമോ? മുന്‍പ് ബദല്‍ രേഖയുടെ പേരില്‍ എംവി രാഘവനെ സിപിഎം പാര്‍ലമെന്റി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രം മുഖ്യമന്ത്രി മറക്കരുതെന്നും എംഎം ഹസന്‍ ഓര്‍മ്മപ്പെടുത്തി.

ആര്‍എസ്എസ് കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ മാറ്റണമെന്ന് സിപി ഐയുടെ ആവശ്യവും മുഖ്യമന്ത്രി നിരാകരിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ മാത്രമെ നടപടിയെടുക്കൂയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എഡിജിപിയുടെ കീഴുദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രി ആരോപണവിധേയര്‍ക്ക് നല്‍കിയ പിന്തുണ. എഡിജിപി ഒരു തെറ്റും ചെയ്തില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുന്നത്. മാത്രവുമല്ല പി.വി.അന്‍വറിനെതിരായി പ്രത്യാരോപണവും മുഖ്യമന്ത്രി നടത്തി. എഡിജിപിക്ക് മുഖ്യമന്ത്രി നല്‍കുന്ന സംരക്ഷണം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സന്ദേശമാണ്. എഡിജിപിക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ പ്രഹസന അന്വേഷണം നടത്തി ക്ലീന്‍ചീറ്റ് നല്‍കാന്‍ പോകുന്നുയെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ഹസന്‍ പറഞ്ഞു.

പൂരം കലക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സിപി ഐയുടെ നേതാക്കളുടെ ആവശ്യത്തെ മുഖ്യമന്ത്രി പുച്ഛത്തോടെ തള്ളുകയാണ് ചെയ്തത്. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപി ഐയുടെ ആവശ്യത്തിന് പുല്ലുവിലയാണ് മുഖ്യമന്ത്രി നല്‍കിയത്. ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് സിപി ഐ എങ്കില്‍ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടിയോട് പ്രതികരിക്കാന്‍ തയ്യാറാകണം. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ജയറാംപടിക്കലിന്റെ കഥ ഉദ്ധരിക്കുമ്പോള്‍, 1977 ലെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ബിജെപി പിന്തുണയോടെ മത്സരിച്ച് വിജയിച്ച ചരിത്രം ഈ അവസരത്തില്‍ അദ്ദേഹം ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *