ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

Spread the love

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കായിരുന്നു നിയമനം. സെപ്റ്റംബര്‍ 23 തിങ്കളാഴ്ച മുതല്‍ കെ വി എസ് മണിയന്റെ നിയമനം പ്രാബല്യത്തില്‍ വന്നു. രണ്ടര ദശാബ്ദത്തോളം കൊടക് മഹീന്ദ്ര ബാങ്കില്‍ സേവനമനുഷ്ഠിച്ച കെ വി എസ് മണിയന്‍, ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയില്‍ നിന്ന് രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായി കൊടക് ബാങ്കിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലകള്‍ക്കുപുറമെ ധന മാനേജ്മന്റ് വകുപ്പിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുണ്ട്. ഈ മേഖലകളില്‍ നിലവാരമുള്ള ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ഫ്രാഞ്ചൈസി ആയി കൊടക് മഹീന്ദ്ര ബാങ്കിനെ മാറ്റിയെടുക്കാനും അദ്ദേഹത്തിനായി. ബാങ്കിങ് രംഗത്തുള്ള കെ വി എസ് മണിയന്റെ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണമുള്ള നേതൃത്വഗുണവും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

വാരണസി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും മുംബൈയിലെ ജംനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ കെ വി എസ് മണിയന്‍ കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റായും യോഗ്യത നേടിയിട്ടുണ്ട്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *