ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ സി.പി.എമ്മും സര്‍ക്കാരും വീണിടത്തു കിടന്ന് ഉരുളുന്നു : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് മലപ്പുറം ചുങ്കത്തറയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (25/09/2024).

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലെ അന്വേഷണവും പൂരം കലക്കിയത് അന്വേഷിച്ചതു പോലുള്ള പ്രഹസനം; കൂടിക്കാഴ്ച കഴിഞ്ഞ് 16 മാസമായിട്ടും അന്വേഷിക്കാതിരുന്നത് എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനായതു കൊണ്ട്; ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ സി.പി.എമ്മും സര്‍ക്കാരും വീണിടത്തു കിടന്ന് ഉരുളുന്നു.

……………………………………………………………………………………………………………………………………………………

നിലമ്പൂര്‍ (ചുങ്കത്തറ) : മുഖ്യമന്ത്രിയുടെ ദൂതനായി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന ആരോപണം സെപ്തംബര്‍ നാലിനാണ് പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ ആരോപിച്ചത്. ആദ്യം രണ്ടു കൂട്ടരും നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. കണ്ടാല്‍ എന്താ കുഴപ്പമെന്നും അജിത് കുമാര്‍ പാര്‍ട്ടിക്കാരനല്ലെന്നും വാദിച്ചവരാണ് 21 ദിവസത്തിന് ശേഷം അന്വേഷണം പ്രഖ്യാപിച്ചത്.

2023 മെയ് മാസത്തിലാണ് അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. അക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ല. ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ട കാര്യം തൃശൂര്‍ ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രയും കണ്ടതാണ്. കൂടിക്കാഴ്ചയുടെ പിറ്റേന്ന് ആ റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി അത് നിസാരമായി എടുത്തോ? ആര്‍.എസ്.എസ് നേതാവുമായി

എ.ഡി.ജി.പി ചര്‍ച്ച് നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയിട്ട് 16 മാസമായി. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്? ഡൊമസ്റ്റിക് അന്വേഷണത്തിനെങ്കിലും തയാറായോ? പൊളിറ്റിക്കലായ പ്രശ്‌നമായതിനാല്‍ ഇക്കാര്യത്തില്‍ ഡൊമസ്റ്റിക് അന്വേഷണം മാത്രമെ നടത്താന്‍ സാധിക്കൂ. എ.ഡി.ജി.പി ക്രൈം ചെയ്‌തെന്ന ആരോപണമല്ല പ്രതിപക്ഷം ഉന്നയിച്ചത്. മുഖമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് നേതാവിനെ സഹായിച്ച എ.ഡി.ജി.പി ബി.ജെ.പി തൃശൂരില്‍ വിജയിപ്പിക്കാമെന്ന ഉറപ്പാണ് നല്‍കിയത്. പകരമായി ഇങ്ങോട്ട് ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായി പോയതു കൊണ്ടാണ് ഇത്രയും കാലം ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത്. ഇതിലെ ഒരു പ്രതി മുഖ്യമന്ത്രിയാണ്. അതേ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൂരം കലക്കിയത് നേതൃത്വം നല്‍കിയ അജിത് കുമാര്‍ അതേക്കുറിച്ച് അന്വേഷിച്ചതു പോലുള്ള പ്രഹസനമാണ് ഈ അന്വേഷണവും.

പൂരം നടക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തൃശൂരില്‍ ഉണ്ടായിരുന്നെന്ന പ്രതിപക്ഷ ആരോപണം ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പൊലീസിന്റെ പ്ലാന്‍ വലിച്ചെറിഞ്ഞ് അജിത് കുമാര്‍ നല്‍കിയ പ്ലാന്‍ അനുസരിച്ചാണ് പൂരം കലക്കിയത്. പൂരം കലക്കാനുള്ള പ്ലാനാണ് അജിത് കുമാര്‍ നല്‍കിയത്. പൂരം കലക്കാനുള്ള പ്ലാന്‍ ഉണ്ടാക്കിയ അജിത് കുമാറിനെ കൊണ്ടാണ് മുഖ്യമന്ത്രി പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിപ്പിച്ചത്. അതേ പരിപാടിയാണ് മുഖ്യമന്ത്രി കൂടി പ്രതിയായ ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള അന്വേഷണത്തിലും നടക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ് ഈ അന്വേഷണം. പ്രതിരോധത്തിലായ സി.പി.എമ്മും സര്‍ക്കാരും അതില്‍ നിന്നും രക്ഷപ്പെടാന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്.

പൂരം കലക്കാനുള്ള ദൗത്യവുമായാണ് എ.ഡി.ജി.പി തൃശൂരില്‍ തങ്ങിയത്. ബി.ജെ.പി- സി.പി.എം ബാന്ധവത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പൂരം കലക്കിയത്. മന്ത്രിമാര്‍ക്ക് പോലും വരാന്‍ പറ്റാത്ത സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ മുന്നിലും പിന്നിലും പൊലീസുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി രക്ഷകനായി പ്രത്യക്ഷപ്പെടുകയായിരുന്നു. എന്തൊരു നാടകമായിരുന്നു അത്. ജോലി പോയാലും കലക്കല്‍ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ആളാണ് എം.ആര്‍ അജിത് കുമാര്‍.

പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണ്. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കീഴ് ഉദ്യോഗസ്ഥരെ കൊണ്ടാണ് അജിത് കുമാറിനെതിരെ അന്വേഷിപ്പിക്കുന്നത്. അന്വേഷണങ്ങളില്‍ ഒരു പ്രസക്തിയുമില്ല. എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ. മുഖ്യമന്ത്രിയുടെ ദൂതനായി പോയതു കൊണ്ടാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്. ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

മുകേഷും രഞ്ജിത്തും രാജിവച്ച് ഒഴിയേണ്ടതാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആരോപണ വിധേയരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാര്‍ ഒളിപ്പിച്ചു വച്ചുവെന്ന് പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് ഇന്നലെ ഹൈക്കോടതിയും പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം അതിനു ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ച് മാത്രമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. അത് പോരെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്ന കുറ്റകൃത്യമങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്നും അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ അതേ ആവശ്യം ഹൈക്കോടതിയും സര്‍ക്കാരിനോ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാതിരിക്കുന്നത് തന്നെ കുറ്റകൃത്യമാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റിപ്പോര്‍ട്ടിലെ ചില പേജുകള്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയത്. സ്ത്രീ വിരുദ്ധ സര്‍ക്കാര്‍ ആതുകൊണ്ടാണ് ഈ നിലപാടെടുക്കുന്നത്.

മലപ്പുറത്ത് വിദ്യാര്‍ത്ഥികളുടെ ടി.സി നഷ്ടപ്പെട്ട സംഭവം ഗൗരവത്തോടെ അന്വേഷിക്കണം. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയാറാകണം.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *