അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Spread the love

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അന്‍വര്‍ മുന്നോട്ടു വെച്ച പ്രശ്‌നങ്ങളില്‍ ഉത്തരം പറയാതെ മുങ്ങിക്കളയാനാണ് ശ്രമം. മകളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും പൂരം കലക്കി തൃശൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടു പോകാനാകില്ല.

കേരള രാഷ്ട്രീയത്തില്‍ ഇത്രയും കാലം ബിജെപിയോട് യുദ്ധം ചെയ്യുന്നുവെന്നു തോന്നിച്ച സിപിഎമ്മിന് അവരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നതും തൃശൂര്‍ സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി നീക്കുപോക്കു നടത്തിയെന്നതുമായ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇത് കേരള ജനതയെ വഞ്ചിക്കലാണ്. ന്യൂനപക്ഷങ്ങളെയും മതേതരത്വത്തെയും വഞ്ചിക്കലാണ്.

അന്‍വറിനെ പുറത്താക്കിയും അന്‍വറിനെതിരെ രംഗത്തുവരാന്‍ സൈബര്‍ വെട്ടുക്കിളിക്കൂട്ടങ്ങളോട് ആഹ്വാനം ചെയ്തുമൊക്കെ അണികളെ കബളിപ്പിക്കാന്‍ എം.വി ഗോവിന്ദന് ആകും. ആ കളി അടിമകളായ ഒരു പറ്റം സിപിഎം അണികളുടെ അടുത്ത് ചിലവാകും. പക്ഷേ പൂരം കലക്കല്‍ മുതല്‍ സ്വര്‍ണക്കടത്തുവരെയുള്ള ഓരോ വിഷയങ്ങളിലും സിപിഎമ്മും മുഖ്യമന്ത്രിയും കേരളത്തിലെ ജനതയോട് മറുപടി പറയണം.

അന്‍വര്‍ പറയുന്നത് പുതിയ കാര്യങ്ങളല്ല. ഞാന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്നും നിരവധി നിയമവിരുദ്ധ ഇടപാടുകള്‍ അവിടെ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വലം കൈ ആയിരുന്ന ഉന്നതോദ്യോഗസ്ഥന്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ ്അറസ്റ്റിലായിട്ടു പോലും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് അന്ന് രക്ഷപ്പെടാന്‍ പിണറായിക്കു കഴിഞ്ഞു. അന്നു ഞാന്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും അന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പിവി അന്‍വര്‍ എംഎല്‍എ ഇപ്പോള്‍ ശരിവെക്കുകയാണ്. കൂടെക്കിടക്കുന്നവര്‍ക്കാണ് രാപ്പനി അറിയാവുന്നത്.

ഇന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സാമൂഹ്യ വിരുദ്ധരുടെയും താവളമാവുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എല്ലാ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നു. ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുമായുള്ള കേസുകള്‍ ഒതുക്കാനാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസോ യുഡിഎഫോ അന്‍വര്‍ എന്ന വ്യക്തിക്കു പിന്തുണ നല്‍കുന്നില്ല. പക്ഷേ അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ വളരെ പ്രസക്തമാണ്. അത് ഞങ്ങള്‍ നേരത്തേ ഉന്നയിച്ച വിഷയങ്ങളാണ്. കേരളജനത വളരെ ശക്തമായി തന്നെ ആ വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യും. ആ വിഷയങ്ങള്‍ ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം.

യുഡിഎഫിനെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം ബിജെപിയുമായി കൂട്ടു ചേര്‍ന്നത് എന്നത് വ്യക്തമാണ്. ഇത് സിപിഎമ്മിന്റെ അപചയവും ന്യൂനപക്ഷ വഞ്ചനയുമാണ്. കേരളത്തിലെ എല്ലാ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്തൊരു ദുര്യോഗമാണ് കേരളത്തിന് സംഭവിച്ചിരിക്കുന്നത്. സ്വര്‍ണക്കള്ളകടത്ത് ആവിയായി പോയി. മുഖ്യമന്ത്രിയെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ തയ്യാറായില്ല. മറ്റു മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രി പേടിക്കാതെ നടന്നത് ഈ ധാരണയുള്ളതു കൊണ്ടാണ് – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *