മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കാട്ടാക്കടയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്; മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? അഭിമുഖത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ആരൊക്കെ? അവരുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധം? സി.പി.എമ്മിലെ രാഷ്ട്രീയ ജീര്‍ണത ഇടതു മുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിലേക്ക് വഴി തെളിക്കുന്നു.


തിരുവനന്തപുരം (കാട്ടാക്കട)  :  പി.ആര്‍ ഏജന്‍സി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹിന്ദു ദിനപത്രം മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് തയാറായത്. അഭിമുഖം നടക്കുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നെന്ന് ഹിന്ദു വിശദീകരിച്ചിട്ടുണ്ട്. പി.ആര്‍ ഏജന്‍സിയെ ഏറ്റവും പ്രധാനപ്പെട്ട ആളായ വിനീത് ഹണ്ടയുടെ സന്നിധ്യം അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പി.ആര്‍ പ്രതിനിധികള്‍ പത്രത്തിന്

കുറിപ്പ് നല്‍കിയത്. ഈ പി.ആര്‍

ഏജന്‍സി ആരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നു കൂടി അന്വേഷിക്കണം. ഡല്‍ഹിയിലെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടാല്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയും ഏത് വിഭാഗത്തിലുള്ള നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ് കെയ്‌സണെന്നു ബോധ്യമാകും. ഇതേ ഏജന്‍സി തന്നയാണ് ഹിന്ദുവുനും ഖലീജ് ടൈംസിനും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്‍കിയത്. മന്ത്രിമാര്‍ ചോദിച്ചതു പോലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കണമെങ്കില്‍ എന്തിനാണ് പി.ആര്‍ ഏജന്‍സി? വഴിയിലൂടെ പോയ ആരെങ്കിലും ഹിന്ദുവിന് ഒരു അഭിമുഖം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി നല്‍കുമോ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഭിമുഖം നല്‍കിയത്. എന്നിട്ടാണ് അദ്ദേഹം അഭിമുഖത്തില്‍ പറയാത്ത കാര്യം ബുദ്ധിപൂര്‍വം എഴുതി ചേര്‍ത്തത്.

സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് ആദ്യമായി പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഞാനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞത്. അന്ന് മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞില്ലല്ലോ? സ്വര്‍ണക്കള്ളക്കടത്തിന് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സര്‍ക്കാരാണെന്നാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ബി.ജെ.പി ചെയ്യുന്നതു പോലെ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണു പോയി. വിവാദമുണ്ടായപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്.

ഹിന്ദു പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പൂര്‍ണമായും നല്‍കാത്ത പത്രം ദേശാഭിമാനിയാണ്. ഹിന്ദുവിന്റെ വിശദീകരണ കുറിപ്പ് വായിച്ചാല്‍ എന്തിനു വേണ്ടിയാണ് ഇതു ചെയ്തതെന്നു മനസിലാകും. മറ്റു ചില രാഷ്ട്രീയ ബന്ധങ്ങളുള്ള പി.ആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയെ കൊണ്ട് ഈ വാചകം പറയിച്ചത്. ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത്.

മുഖ്യമന്ത്രി പറയാതെയാണ് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എഴുതിക്കൊടുത്തതെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തെങ്കില്‍ അവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

അഭിമുഖത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേരുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ആരൊക്കെയാണ് ഒപ്പമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തട്ടേ. കമ്പനി ആര്‍ക്കു വേണ്ടിയാണ് ഇത്രയും കാലം പി.ആര്‍ ചെയ്തിരുന്നത്? കമ്പനിയുടെ പൊളിറ്റിക്കല്‍ കാമ്പയിന്‍ ആര്‍ക്കു വേണ്ടിയായിരുന്നു എന്ന് അന്വേഷിച്ചാല്‍ കുറെ കാര്യങ്ങള്‍ കൂടി മനസിലാകും.

സാധാരണയായി ഡല്‍ഹിയില്‍ പോയി അഭിമുഖം കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. ഹിന്ദു പോലുള്ള ഒരു പത്രത്തിന് അഭിമുഖം നല്‍കിയത് ഡല്‍ഹിയിലെ ഏമാന്‍മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്. അവരുടെ നറേറ്റീവാണ് അഭിമുഖത്തിലൂടെ മുഖ്യമന്ത്രി കൊണ്ടു വരാന്‍ ശ്രമിച്ചത്. അവരെ ഭയന്നാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ആ ഭയത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മാധ്യമ ഉപദേശകനും മാസം 12 ലക്ഷം മുടക്കിയുള്ള സോഷ്യല്‍ മീഡിയ കൂട്ടവും പി.ആര്‍.ഡിയും ഉള്ളപ്പോഴാണ് അഭിമുഖത്തിനായി പി.ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയത്.

ഇടതു മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് പി.വി അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനം. സി.പി.എമ്മിലെ രാഷ്ട്രീയ ജീര്‍ണത ഇടതു മുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിലേക്ക് വഴി തെളിക്കുകയാണ്.

ഒരു മാസത്തിനുള്ളില്‍ നിരവധി സമരങ്ങളാണ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയത്. എല്‍.ഡി.എഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ നടത്തിയ ഏക സമരം സോളാര്‍ വിഷയത്തിലായിരുന്നു. അത് എങ്ങനെ അവസാനിച്ചെന്ന് എല്ലാവര്‍ക്കും അറിയാം. യു.ഡി.എഫ് സമരത്തിനെതിരെ ആയിരക്കണക്കിന് കേസുകളാണ് എടുത്തത്. നവകേരള സദസിന്റെ സമയത്ത് കല്യാശേരി മുതല്‍ തിരുവനന്തപുരം ലാത്തിച്ചാര്‍ജായിരുന്നു. ഏതു കാലത്താണ് ഇത്രയും സമരങ്ങള്‍ നടത്തിയിട്ടുള്ളത്? സമരം പോര എന്നു പറയുന്ന ആരും സമരത്തിന് വരാത്തവരാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *