മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത് ? : രമേശ് ചെന്നിത്തല

Spread the love

പൂരം കലക്കലില്‍ അന്വേഷണം നടക്കുന്നില്ലെന്നു RTI നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.
പൂരം കലക്കിയ എഡിജിപിക്കു മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍.

കീറിയ ചാക്കിന്റെ വിലപോലുമില്ലാതെ സിപിഐ
ഇരിക്കുന്ന കസേരയുടെ മഹത്വത്തെ പറ്റി ബിനോയി വിശ്വം ഓര്‍ക്കണം

പിആര്‍ ഏജന്‍സിയെക്കുറിച്ചുള്ള ന്യായീകരണം നട്ടാല്‍ കുരുക്കാത്ത നുണ
മുഖ്യമന്ത്രിയുടെ പതനം അതിദയനീയം.

………………………………………………………………………………………………………………………………..

തിരുവനന്തപുരം :  മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം പോലും മറികടന്ന് എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരളജനതയോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയേയും ഓഫീസിനെയും വെള്ളത്തിലാക്കാന്‍ കഴിയുന്നത്ര രഹസ്യ രേഖകള്‍ എഡിജിപി അജിത് കുമാറിന്റെ പക്കലുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിനും വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നതിനും വേണ്ടി ബിജെപി – ആര്‍എസ്എസ് നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് ഈ എഡിജിപി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കു വേണ്ടി പോലീസിനെ ഉപയോഗിച്ച് സ്വര്‍ണമാഫിയയയെ നിയന്ത്രിക്കുന്നതും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ്.

എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകള്‍ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ട് ഇപ്പോള്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അന്വേഷണം തീര്‍ന്നാല്‍ അടുത്ത അന്വേഷണം പ്രഖ്യാപിക്കും. അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കും വരെ അന്വേഷണം തുടരും. നടപടി എടുക്കുന്നത് വൈകിപ്പിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്.

പൂരം കലക്കലില്‍ അന്വേഷണമില്ല എന്നു വിവരാവകാശത്തിനു മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാരാണ് പൂരം കലക്കി എന്ന ആരോപണത്തിനു വിധേയനായ എഡിജിപിക്ക് ഒരു രോമത്തിനു പോലും കേടു വരാതെ, സ്ഥാന ചലനം പോലും ഉണ്ടാവാതെ സംരക്ഷിക്കുന്നത് എന്നതു പ്രത്യേകം ഓര്‍ക്കണം.

സിപിഐയോട് കേരളജനത സഹതപിക്കണം. കീറിയ ചാക്കിന്റെ വില പോലും നല്‍കാതെ അവരെ ചവിട്ടി തേച്ചു കളയുകയാണ്. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നത് എന്ന് ബിനോയ് വിശ്വത്തിന് വല്ല ഓര്‍മ്മയുമുണ്ടോ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് ഇതുപോലെ മുഖ്യമന്ത്രി ക്‌ളീന്‍ ചിറ്റ് നല്‍കിയതാണ്. ഇപ്പോള്‍ അദ്ദേഹം ആ ക്‌ളീന്‍ ചിറ്റുമായി പലവട്ടം ജയിലിലായി. ഒരു ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഈ ഉദ്യോഗസ്ഥനും അതേ ഗതി തന്നെ വരും. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഇടനിലക്കാരന്‍ ആയതു കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഈ ഉദ്യോഗസ്ഥന്‍ ഊരിപ്പോകും എന്നത് ഉറപ്പാണ്.

ഈ ഡീലിന്റെ തുടര്‍ച്ച തന്നെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി തന്നെ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയായി രംഗത്തു വന്നിരിക്കുന്നത്. മലപ്പുറത്തിനെതിരെയും ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി ഹിന്ദു പത്രത്തിലൂടെ നടത്തിയ ആക്ഷേപങ്ങള്‍ ഈ സംഘ് പരിവാര്‍ ബന്ധത്തിന്റെ തുടര്‍ച്ച തന്നെയാണ്. സംഘ് പരിവാര്‍ ശക്തികളുടെ നാവായി കേരളാ മുഖ്യമന്ത്രി മാറി. പിണറായി വിജയന്‍ സംഘ് പരിവാറിനാല്‍ പൂര്‍ണമായി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

അഭിമുഖം നടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും കടന്നു വരാന്‍ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്ലതു പോലെ അനുഭവിച്ചതാണല്ലോ.

മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി കളിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്.

നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *