ആകാശ ചെരുവിലെ നിഴൽ കൂത്ത് (ജേക്കബ് ജോൺ കുമരകം) ഡാളസ്

Spread the love

ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ള
ക്യാൻവാസിൽ തൂവെള്ള ചായത്തിൽ അലസമായി കോറിയിട്ടിരിക്കുന്ന
ചിത്രങ്ങൾ പോലെ വന്ധ്യ മേഘങ്ങൾ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും
കിടക്കുന്നു . ചില കൂട്ടം തെറ്റിയ മേഘ ക്കീറുകൾ അപ്പൂപ്പൻ താടിപോലെ
കനമില്ലാതെ പറന്നു കളിക്കുന്നു . കൈവെള്ളയിലെ രേഖകൾ പോലെ കുറുകെയും
നെടുകെയും കുത്തി വരച്ച പുക വരകൾ
ഇങ്ങു താഴെ , ഏകാന്തതയിൽ ആകാശ നീലിമയിലേക്കു കണ്ണ് നട്ടു ഇരിക്കുന്ന
എന്റെ കണ്ണിനു മുമ്പിൽ , മേഘങ്ങളാകുന്ന മഞ്ഞിൻ കൂനകൾക്കു ,
പഞ്ഞിക്കെട്ടുകൾക്കു കാറ്റിന്റെ തലോടൽ കിട്ടിയിട്ടെന്നപോലെ രൂപ മാറ്റം
വരുന്നോ? ആകാശച്ചെരുവിൽ ഒരു നിഴൽ കൂത്തിനുള്ള ഒരുക്കമാണോ ?
ആ മേഘ ശകലങ്ങൾക്ക് ശാപമോക്ഷം കിട്ടി ജീവൻ വെക്കുകയാണോ?
എവിടെ നിന്നോ ഉയരുന്ന പുല്ലാങ്കുഴൽ നാദം ! പാഴ് മുളം തണ്ടിൽ കാറ്റിന്റെ
ചുണ്ട് അമർന്ന പോലെ ആ ഓടക്കുഴൽ സംഗീതം വായുവിൽ ഒഴുകി ഒഴുകി
വരുന്നു , അത് കാളിന്ദിയുടെ ഓളങ്ങളിൽ മുത്തമിട്ടോ, കുളിരുള്ള കാളിന്ദി
പുളകിതയായോ ? പുൽമേടുകളിൽ മേഞ്ഞു കൊണ്ടിരുന്ന ഗോക്കളെല്ലാം ആ
ഗോപാല സംഗീതത്തിന് കാതു കൂർപ്പിക്കുന്നോ ? അതെ, ..അത് രാധയുടെ പാദ
നൂപുരങ്ങളിൽ നിന്നും കേൾക്കുന്ന ചിലമ്പൊലി ശബ്ദം തന്നെയല്ലേ
കേൾക്കുന്നത്..
ആ ഗീതിക ഭക്തി സാന്ദ്രമാവുകയാണ് ! അത് അടുത്തടുത്തായി വരുന്നു , ഇപ്പോൾ
വ്യക്തമായി കേൾക്കാം ഗീതാഗോവിന്ദം അല്ല , ജ്ഞാനപ്പാന ആണെന്ന് തോന്നുന്നു !
ഗുരുവായൂർ അമ്പലനടയിൽ ഇരുന്നു കണ്ണും പൂട്ടി കണ്ണനെ ഉപാസിക്കുന്ന ,
തലയിൽ കുടുമ വച്ച ആ ബ്രാഹ്മണൻ പാടുകയാണ് , തൊണ്ടയിടറി . തന്റെ മകൻ
മരിച്ച ദുഃഖം കൃഷ്ണ ഭക്തി കൊണ്ട് മൂടി തൊണ്ട പൊട്ടി പാടുകയാണ് "
ഉണ്ണിയായി നീയരികിൽ ഉള്ളപ്പോൾ ഉണ്ണികൾ എനിക്കെന്തിന് കണ്ണാ….”

ചെറുകാറ്റിൽ ഇളകുന്ന രൂപങ്ങൾ , മാറുന്ന നിഴലുകൾ … കപില വസ്തുവിലെ
രാജ കൊട്ടാരത്തിൽ നിന്നും ഗയയിലെ ബോധി വൃക്ഷ ചുവട്ടിലേക്കുള്ള കഠിന
വഴികൾ … ശുദ്ധോധന രാജാവിന്റ കൊട്ടാരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചു
പോകുന്ന സിദ്ധാർത്ഥ കുമാരൻ ! കൗമാര പ്രായത്തിൽ മോഹിച്ചു, പ്രണയിച്ചു
എല്ലാ പ്രതിബന്ധത്തെയും തരണം ചെയ്ത് സ്വന്തമാക്കിയ യശോധര . അവളുടെ
അച്ഛൻ മറ്റു രാജാക്കന്മാരെ പോലെ മകളുടെ വരൻ വില്ലാളി വീരൻ ആയ
ആയോധന കലയിൽ അഗ്രഗണ്യൻ ആയിരിക്കണമെന്ന് ആശിച്ചെങ്കിൽ അത്
തെറ്റാണെന്നു പറയാൻ പറ്റില്ല . യശോദര അത് അർഹിക്കുന്നുണ്ട് . അവൾ
മനോഹരി ആയിരുന്നു
പല വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ പ്രഗത്ഭരായ രാജകുമാരന്മാർ
എത്തിയിരുന്ന മാറ്റുരക്കാനും യെശോധരയെ വേൾക്കാനും !
ആയോധന കലയിൽ പ്രാവീണ്യം തെളിയിക്കാൻ ഓരോരുത്തരും അവരുടെ
കഴിവുകൾ മുഴുവൻ പുറത്തെടുത്തെങ്കിലും കപില വസ്തുവിന്റെ
മാണിക്യത്തിന്റെ മുമ്പിൽ അവർക്കാർക്കും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല .
എല്ലാ വില്ലുകളും കുലച്ചു തീർന്ന ശേഷം ആരും ഒരിക്കലും തൊടാൻ ധൈര്യം
കാണിച്ചിട്ടില്ലാത്ത സിംഹഭാനു വില്ല് പോലും നിഷ്പ്രയാസം കുലച്ചാണ്
സിദ്ധാർത്ഥ രാജകുമാരൻ യശോധരയെ സ്വന്തമാക്കി പരിണയിച്ചതു .
അവളെയും ജീവിത്തിന്റെ മൊത്തം അർത്ഥമായിരുന്ന സ്വന്തം മകൻ
രാഹുലിനെയും ഏറെ നേരം നോക്കി നിന്ന ശേഷം സ്വന്തം അരമനയിൽ നിന്നും
സത്യത്തിന്റെ പൊരുൾ തേടി ഇറങ്ങിയ സിദ്ധാർഥൻ ! ആ മനുഷ്യന്റെ
ജീവിതത്തിന്റെ സംഘർഷങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ആ വൃക്ഷം . അവസാനം ആ
മനുഷ്യനിലെ സിദ്ധാർഥന്റെ അവസാന കണികയും തപസിലൂടെ എരിഞ്ഞു
ഭസ്മമായി, ത്രികാല ജ്ഞാനി യായി മാറിയ ബുദ്ധന്റെ എല്ലാ പരിണാമങ്ങളും
കണ്ട ആ വൃക്ഷവും മാറിയില്ലേ , ഒരു ബോധി വൃക്ഷമായി ? ആ വൃക്ഷം തലയാട്ടി
ചിരിക്കുന്നുണ്ടോ ? എല്ലാം അറിയാം എന്ന മട്ടിൽ ! എവിടെ നിന്നോ അശരീരി
കേട്ടോ " ബുദ്ധം ശരണം ഗച്ഛാമി ,ധർമം ശരണം ഗച്ഛാമി , സംഘം ശരണം ഗച്ഛാമി ,

കൊച്ചു കാറ്റിൻ കൈകൾ പിന്നെയും രൂപങ്ങളെ മാറ്റി മാറ്റി വീണ്ടും നിഴലാട്ടം
തുടരുന്നു … തലയിൽ രോമങ്ങളില്ലാത്ത , അർദ്ധ നഗ്നനായ യോഗി ! രഘുപതി
രാഘവ രാജാറാം പതിത പതീത പാവന സീതാറാം ഈശ്വര അള്ള തേരോ നാം ..
ഭജൻ തുടങ്ങി, പ്രാർത്ഥനക്കും ധ്യാനത്തിനും സമയമായി…..കൈയിൽ ഒരു വടി ,
അരയിൽ ചെറിയ ഒരു ഘടികാരം തൂക്കിയിട്ടിരിക്കുന്നു . തൊഴിച്ചു പല്ലു
കളഞ്ഞവനോട് പോലും ചിരിച്ചു കുശലം പറഞ്ഞ കർമയോഗി ! കൊന്നു
കൊലവിളിച്ചവർ പോലും രാജ്ഘട്ടിൽ വന്നു നിന്ന് പൂവാരി എറിഞ്ഞു
നമിക്കുമ്പോളും ചിരിക്കുന്ന , അധികാരത്തിന്റെ അപ്പ കഷണങ്ങൾ തനിക്കു
പറ്റിയതല്ല എന്ന് പറഞ്ഞു അതിന്റെ അടുത്ത് പോലും എത്തി നോക്കാതെ കൂടെ
നിന്നവർ കടി പിടി കൂട്ടുന്നതും കണ്ടു ചിരിക്കുന്നു ആ മഹാത്മാ (വ്) ! പുതിയ
തലമുറയ്ക്ക് വിശ്വസിക്കാൻ പറ്റാത്ത വിധം " എന്റെ ജീവിതമാണ് എന്റെ
സന്ദേശം" എന്ന് ചങ്കു വിരിച്ചു ഇന്നും എന്നും ഒരു വെല്ലുവിളി ആയി നിൽക്കും
ആ വ്യക്തിത്വത്തെ , " ഒരു കനവായിരുന്നോ ഗാന്ധി …" എന്ന് സന്ദേഹിക്കുന്നവരെ
കുറ്റം പറയാൻ പറ്റുമോ ?…പടിഞ്ഞാറേ ചക്രവാളം ചുവക്കാൻ തുടങ്ങി ! രാവിലെ കിഴക്ക് ഉണരാൻ സൂര്യൻ
ജല സമാധിക്ക് ഒരുങ്ങുകയാണ് ! ആകാശത്തിന്റെ നിറം മാറിത്തുടങ്ങി ! കാറ്റടിച്ചു
ക്യാൻവാസിൽ തെളിഞ്ഞ ചിത്രങ്ങളെല്ലാം ഒറ്റ നിറമായി മാറി ! ഞാൻ മാത്രം
ഇപ്പോഴും കണ്ട കാഴ്ചകളുടെ ആലസ്യത്തിൽ നിന്നും ഉണരാതെ ഇരിക്കുന്നു….

 

Author

Leave a Reply

Your email address will not be published. Required fields are marked *