തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

Spread the love

എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീവ്ര യജ്ഞ പരിപാടി.

മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി വനിത ശിശുവികസന വകുപ്പ്.

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടലിലൂടെ (http://posh.wcd.kerala.gov.in) 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 5,440 സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 2023ല്‍ സജ്ജമാക്കിയ പോര്‍ട്ടലിലൂടെ ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യാനായത് നേട്ടമാണ്. സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പരിശോധനകളിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായത്. മേഖല അടിസ്ഥാനത്തില്‍ ആക്ട് സംബന്ധിച്ച ബോധവത്ക്കരണവും നല്‍കുന്നതാണ്. എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കിയത്. 10 ജീവനക്കാരിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണ്.

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താല്‍ക്കാലികം) തൊഴിലിടങ്ങളിലെ സ്ഥാപന മേധാവികള്‍/ തൊഴിലുടമകള്‍ എന്നിവര്‍ അവരുടെ ഇന്റേണല്‍ കമ്മിറ്റി വിവരങ്ങള്‍, ഇന്റേണല്‍ കമ്മിറ്റിയില്‍ ലഭിച്ച പരാതികളുടെ എണ്ണം, റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. പത്തില്‍ കുറവ് ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാര്‍, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ കളക്ടറേറ്റിലെ ലോക്കല്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കല്‍ കമ്മിറ്റി വിവരങ്ങള്‍, റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അതാതു ജില്ലാ കളക്ടര്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. സ്ഥാപന മേധാവികള്‍/ തൊഴിലുടമകള്‍ക്കെതിരായ പരാതിയാണെങ്കില്‍ അത് ലോക്കല്‍ കമ്മിറ്റിയില്‍ നല്‍കേണ്ടതാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണല്‍ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *