ജി.ആര്‍.സി വാരാഘോഷം: ഒക്ടോബര്‍ 10 മുതല്‍ 17 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

Spread the love

കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബോധവത്കരണ ക്ലാസുകള്‍, അയല്‍ക്കൂട്ട ചര്‍ച്ചകള്‍, സെമിനാറുകള്‍, തെരുവ് സംവാദം, പോസ്റ്റര്‍, കാര്‍ട്ടൂണ്‍ പ്രദര്‍ശനം, തുടങ്ങി വിവിധ പരിപാടികളാണ് ജി.ആര്‍.സി
വാരാചരണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അറിയിച്ചു. ഭരണക്രമത്തിലും, തീരുമാനമെടുക്കല്‍ പ്രക്രിയയിലും സ്ത്രീകളുടെ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിനുവേണ്ടി 81 ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച 46 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴിയാണ് ജി.ആര്‍.സികളുടെ സേവനം ജില്ലയില്‍ ലഭ്യമാക്കുന്നത്. പ്രാദേശികതലത്തില്‍ ജിആര്‍സിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. സ്ത്രീപദവി പഠനം, പ്രാപ്തി വര്‍ദ്ധന പരിശീലനം,ഗ്രൂപ്പ് കൗണ്‍സിലിംഗ്,വ്യക്തിഗത കൗണ്‍സിലിംഗ്, ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, വയോജനങ്ങള്‍, തുടങ്ങിയവര്‍ക്ക് മാനസിക പിന്തുണ, ‘ക്ലിക്ക്’ എന്ന പ്രത്യേക പദ്ധതിയിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, ഗോത്ര വിഭാഗങ്ങള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മാനസിക പിന്തുണ ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജി.ആര്‍.സി നടപ്പിലാക്കിവരുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു.

ജില്ലയിലെ മൊത്തം ജി.ആര്‍.സികളിലായി ഇതുവരെ 575 നേരിട്ടുള്ള കേസുകളും 1603 കൗണ്‍സിലിംഗ് കേസുകളും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും കുടുംബശ്രീ ജന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമായി നിലവില്‍ 81 ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജന്‍ഡര്‍ റിസോര്‍സ് സെന്ററുകള്‍ ഇനിയും ആരംഭിക്കാത്ത ഇടങ്ങളില്‍ ഈ വര്‍്ഷം തന്നെ സെന്ററുകള്‍ ആരംഭിച്ച് കൂടുതല്‍ പേരിലേക്ക് സേവനം എത്തിക്കുവാന്‍ ലക്ഷ്യമിടുന്നുന്നുണ്ടെന്നും കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *