സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ചേലക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. 12/10/2024.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും; എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോള്‍ കോംപ്രമൈസാകും; ഇത് നാടകമാണ്.

മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്‍ച്ചയാക്കും. ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കോംപ്രമൈസ് ചെയ്യും. ക്യാബിനറ്റ് ചേര്‍ന്ന് നിയമസഭ കൂടാന്‍ തീരുമാനിച്ച് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ല. ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ലെന്നത് ഭരണഘടനാപരമായ നിയമമാണ്.

എന്നാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ആ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. സര്‍ക്കാരും ഗവര്‍ണറും നിയമം തെറ്റിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്താന്‍ ഇവര്‍ ഒത്തുകൂടും. എന്നിട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ തമ്മില്‍ പോരാണെന്നു പറയും. എത്ര തവണ പോര് നടന്നു. എല്ലാം കോംപ്രമൈസാകും. ഇത് നാടകമാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അപ്പോഴാണ് വിഷയം മാറ്റാന്‍ ഇവര്‍ തമ്മില്‍ പോര്. അതിന് ഞങ്ങള്‍ ഒരു ഗൗരവവും നല്‍കുന്നില്ല. ഇത് ഒരാഴ്ച നീണ്ടു നില്‍ക്കും. ചിലപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും.

കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്നു വ്യക്തമായി. അതിനെ മറികടന്നാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇരുപതില്‍ 18 സീറ്റിലും വിജയിച്ചത്. ആ വിജയം ആവര്‍ത്തിക്കും. ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ വിട്ടത് ആരാണെന്നൊക്കെ എല്ലാവര്‍ക്കും വ്യക്തമായി. പൂരം കലക്കിയതാണെന്നു പ്രതിപക്ഷം ആദ്യം പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചില്ല. ഇപ്പോള്‍ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും മന്ത്രിമാരും പറയുന്നത് പൂരം കലക്കിയെന്നാണ്. ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ് പൂരം കലക്കിയത്.

പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയും മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയും ചെയ്യും. നിയമസഭയില്‍ പോലും ഉത്തരം പറയാന്‍ പറ്റിയില്ല. നിങ്ങള്‍ അറിയാതെയാണ് മലപ്പുറത്തെ കുറിച്ച്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചതെന്ന് നിങ്ങള്‍ ഇന്റര്‍വ്യൂ കൊടുത്തതെങ്കില്‍ എന്തുകൊണ്ട് പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുത്തില്ല? എഴുതിക്കൊടുത്തെന്നു പറയുന്ന മുന്‍ എം.എല്‍.എയുടെ മകനോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഫോണില്‍ പോലും മുഖ്യമന്ത്രി ചോദിച്ചില്ല. അതിനര്‍ത്ഥം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞു കൊണ്ടാണ് എല്ലാം നടന്നതെന്നാണ്. സെപ്തംബര്‍ 13-ന് ദേശീയ മാധ്യമങ്ങള്‍ക്ക് പി.ആര്‍ ഏജന്‍സി നല്‍കിയ പത്രക്കുറിപ്പും 21-ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും 29-ന് ഹിന്ദുവിന് നല്‍കിയ ഇന്റര്‍വ്യൂവും ഒരു സ്ഥലത്ത് ഉണ്ടാക്കിയതാണ്. അത് ബി.ജെ.പിയുടെ ഓഫീസിലാണോ സി.പി.എമ്മിന്റെ ഓഫീസിലാണോ ഉണ്ടാക്കിയതെന്ന സംശയം മാത്രമെയുള്ളൂ. സംഘ്പരിവാര്‍ അജണ്ടയാണ് ഇതിലെല്ലാം.

നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് ആലപ്പുഴയിലെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടിച്ചു വച്ചിരിക്കുമ്പോഴാണ് പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ എല്ലാ മാധ്യമങ്ങളിലുമുണ്ട്. കേരളം മുഴുവന്‍ അതു കണ്ടതുമാണ്. അത് കാണാത്തത് കേരളത്തിലെ പൊലീസ് മാത്രമാണ്. അവര്‍ സി.പി.എമ്മിന്റെ അടിമക്കൂട്ടമാണ്. അതിനെതിരെ നിയമപരമായ മറ്റു നടപടികള്‍ നോക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *