സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേട് : യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍

Spread the love

 

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (18.10.24)


തിരുവനന്തപുരം: സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍. ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി. അവസരവാദിയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിപിഎം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണന്നും ഹസ്സന്‍ പറഞ്ഞു. സിപിഎമ്മിന്റെ അടവ് നയം അല്ല ഇത് അടിയറവാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരമോഹിയും അവസരവാദിയുമായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം നടപടി പാലക്കാട് ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയമാണ്.
ദുര്‍ബലനായ ഒരാളെ സിപിഎം പാലാക്കാട് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച വിജയം നേടുമെന്നും സിപിഎമ്മില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും ഹസന്‍ ചോദിച്ചു.

സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിലെ മോഹഭംഗമാണ് ഒരു രാത്രി കൊണ്ട് കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല എന്ന് പറയാന്‍ സരിന്‍ തയ്യാറായത്. സിപിഎമ്മില്‍ അവസരം കുറഞ്ഞാല്‍ സരിന്‍ അവിടെ ഉണ്ടാകുമോ എന്നത് കാത്തിരുന്ന തന്നെ കാണാം. കോണ്‍ഗ്രസില്‍ ഒരു കോക്കസുമില്ല. സരിന്‍ പറയുന്നതെല്ലാം അവാസ്തവമാണ്. സിപിഎമ്മില്‍ പിണറായി വിജയനും പി.ശശിയും എഡിജിപി അജിത് കുമാറും അടങ്ങുന്ന കോക്കസാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് ഇത്രയും നാള്‍ പറഞ്ഞിരുന്ന സരിന്‍ ഇപ്പോള്‍ സിപിഎമ്മിനെ സുഖിപ്പിക്കാനാണ് കോക്കസ് ആരോപണം കോണ്‍ഗ്രസിനെതിരെ തിരിക്കുന്നത്. കൃത്യമായ കൂടിയാലോചനകളിലൂടെ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും എം എം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *