കൊച്ചി: കെല്‍ട്രോണ്‍ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ്സ് ഹോട്ടലില്‍ നടന്ന പരിപാടിയിലാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം നടത്തിയത്. കെല്‍ട്രോണ്‍ നിര്‍മിച്ച സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇല മെന്റ്‌സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ് മറൈന്‍ ടൂവ്ഡ് അറേ ആന്റ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് ഇന്നു കൈമാറിയത്.
അതോടൊപ്പം, പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍ നിന്നു ഫ്ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് കെല്‍ട്രോണ്‍ സ്വീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എന്‍പിഒഎല്‍ രൂപകല്‍പ്പന നിര്‍വഹിച്ച ടോര്‍പ്പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡില്‍ നിന്നും, ഇന്ത്യയില്‍, മനുഷ്യസഹായം ഇല്ലാതെ സെന്‍സറുകളുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്ന ഉപകരണം നിര്‍മ്മിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെക്സി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നു ബോ ആന്‍ഡ് ഫ്ലാങ്ക് അറേ നിര്‍മ്മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും കെല്‍ട്രോണ്‍ സ്വീകരിച്ചു.
ഈ സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പരിപാടിയുടെ വേളയിൽ തന്നെ രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമിച്ചു കൊണ്ട് കെൽട്രോൺ ചരിത്രം സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ – ഇലക്ട്രോണിക്സ് എക്കോ സിസ്റ്റം കേരളത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായ നടപടികളുമായി മുന്നോട്ടുള്ള പാതയിലാണ് കെല്‍ട്രോണ്‍. തിരുവനന്തപുരത്ത് രണ്ട് തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള ആറ്റിങ്ങല്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാമതായി കഴക്കൂട്ടത്ത് തുടങ്ങുന്ന നോളജ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായി വരുന്നു. പാന്‍ സിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സൊല്യൂഷനുകള്‍ നടപ്പിലാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും സിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (സിഒസി) സജ്ജീകരിക്കുന്നതിനുമായി തിരുപ്പതി സ്മാര്‍ട്ട് സിറ്റി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും 80 കോടി രൂപയുടെ ഓര്‍ഡര്‍ നടപ്പിലാക്കിയിട്ടുണ്ട്.
‘ഉത്തരവാദ വ്യവസായം – ഉത്തരവാദ നിക്ഷേപം’ (‘Responsible Industry – Responsible Investment’ )എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള വികസനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിലാണ് കെല്‍ട്രോണ്‍ ഊന്നല്‍ നല്‍കുന്നത്. 2025 ല്‍ ആയിരം കോടി വിറ്റുവരവും 2030 ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ വിഭാവനം ചെയ്യുന്നത്.
ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ ഡി സേഷാഗിരി, എന്‍ എസ് ടി എല്‍ ഡയറക്ടര്‍ ഡോ എബ്രഹാം വറുഗീസ്, ഭാരത് ഇലക്ട്രോണിക്സ് നേവല്‍ സിസ്റ്റംസ് ഹെഡ് കെ കുമാര്‍, ഭാരത് ഡൈനാമിക്സ് ജി എം സിംഹചലം, റികൈസ് മറൈന്‍ ഫൗണ്ടര്‍ മൈത്രി മക,ഡയറക്ടറേറ്റ് ഓഫ് നേവല്‍-ഡിസൈന്‍ ശശാങ്ക് ശങ്കർ,എച്ച് എസ് എല്‍ വെപ്പണ്‍സ് ഹെഡ് ചാവ വിജയ കുമാര്‍, ബി പി ടി ചെയര്‍മാന്‍ കെ അജിത് കുമാര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണമൂര്‍ത്തി, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ നായര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ വിജയന്‍ പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹേമചന്ദ്രന്‍, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ നാവികസേന കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിര്‍മ്മാണം കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ രൂപകല്‍പ്പന നിര്‍വഹിച്ച നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക്ക് ലെബോറട്ടറി, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി, സി-ഡാക് തുടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. ഡിസൈന്‍ പ്രകാരം സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ – ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക്ക് ലെബോറട്ടറി എന്നിവിടങ്ങളില്‍ നിന്നും കെല്‍ട്രോണിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.
ഡിഫന്‍സ് ഇലക്ട്രോണിക്സ് മേഖലയില്‍ 25 വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള കെല്‍ട്രോണ്‍ നാവികസേനയ്ക്ക് വേണ്ടി ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. എന്‍പിഒഎന്നിന്റെയും എന്‍ എസ് ടി എല്ലിന്റെയും സി-ഡാക്കിന്റെയുംസാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ – ടോവ്ഡ് അറെ സിസ്റ്റം, സോണാര്‍ അരെ, ഡിസ്ട്രസ് സോണാര്‍, എക്കോ സൗണ്ടര്‍, കാല്‍വിറ്റേഷന്‍ മീറ്റര്‍, ഇ എം ലോഗ്, അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ കെല്‍ട്രോണ്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നു. ഇന്ത്യന്‍ നാവികസേന രാജ്യത്തിനകത്തും പുറത്തും നിര്‍മ്മിക്കുന്ന എല്ലാ കപ്പലുകളിലും അന്തര്‍വാഹിനികളിലും കെല്‍ട്രോണിന്റെ മൂന്ന് സുപ്രധാന ഉപകരണങ്ങളായ എക്കോ സൗണ്ടര്‍, ഈയെം ലോഗ് , അണ്ടര്‍വാട്ടര്‍ കമ്മൂണിക്കേഷന്‍ സിസ്റ്റംസ് ഉണ്ടെന്നത് അഭിമാനാര്‍ഹമാണ്.
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയില്‍ നിന്നും 250 കോടി രൂപയുടെ ഓര്‍ഡര്‍ നിലവില്‍ കെല്‍ട്രോണിന്റെ പക്കലുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്തില്‍ ലോഗ്, അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, ഫ്ലൈറ്റ് ഡെക്കിലേക്കുള്ള ട്രാഫിക് ലൈറ്റുകള്‍ തുടങ്ങിയവ കെല്‍ട്രോണിന്റെയാണ്. സമുദ്രത്തിനടിയില്‍ അന്തര്‍വാഹിനികളെ തിരിച്ചറിയുന്നതിനായി എന്‍പിഒഎല്ലിന്റെ രൂപകല്പനയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വേരിയബിള്‍ ഡെപ്ത്ത് ടോവ്ഡ് അറെ സംവിധാനത്തിലും കെല്‍ട്രോണിന്റെ കൈയൊപ്പുണ്ട്.
ചെറിയ ഓര്‍ഡറുകളില്‍ നിന്നും തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട ഡിഫന്‍സ് പദ്ധതികളില്‍ ഭാഗമാകാന്‍ കെല്‍ട്രോണിന് കരുത്ത് നല്‍കിയത് ഡിആര്‍ഡിഒ, എന്‍പിഒഎല്‍, എന്‍എസ്ടിഎല്‍, സിഡാക് തുടങ്ങിയ രാജ്യത്തെ തന്ത്രപ്രധാന ഗവേഷണ സ്ഥാപനങ്ങളും, ഡിഫന്‍സ് പൊതുമേഖല സ്ഥാപനങ്ങളായ ബെല്‍, ബിഡിഎല്‍, എച്ച്എസ്എല്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തനങ്ങളാണ്.
കെല്‍ട്രോണ്‍ യൂണിറ്റുകളായ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് അരൂരിലും, കെല്‍ട്രോണ്‍ എക്വിപ്മെന്റ് കോംപ്ലക്സ് തിരുവനന്തപുരത്തും, ഉപകമ്പനിയായ കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലുമാണ് ഡിഫന്‍സ് ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ നടക്കുന്നത്.
അതിലെല്ലാം ഉപരിയായി, കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടികളില്‍ കെല്‍ട്രോണിന്റെ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഫണ്ടുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബഡ്ജറ്റില്‍ പ്ലാന്‍ ഫണ്ടില്‍ തുക വകയിരുത്തി കെല്‍ട്രോണിന്റെ ഫാക്ടറികളുടെ നവീകരണത്തിനും, പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വൈവിധ്യവല്‍ക്കരണത്തിനും സഹായമാകുന്ന നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിച്ചുവരുന്നത്. പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും കെല്‍ട്രോണ്‍ സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും, കമ്പനിയുടെ മൊത്തമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷനും, വ്യവസായ വകുപ്പും നടത്തിയിട്ടുള്ള ഫലപ്രദമായ ഇടപെടലുകളുമാണ് സമയബന്ധിതമായി നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായകമായത്.
2017 മുതല്‍ ഈ വര്‍ഷം വരെ ഏകദേശം 29.46 കോടി രൂപ കെല്‍ട്രോണിന് പ്ലാന്‍ ഫണ്ട് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ കൊല്ലത്തെ ബഡ്ജറ്റില്‍ 19 കോടി രൂപ വകയിരുത്തി ഭരണാനുമതി നല്‍കുകയും ചെയ്തു.
ഫാക്ടറി നവീകരണത്തിനും, പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ഉതകുന്ന മൂലധന നിക്ഷേപങ്ങള്‍ ഇതിലൂടെ പ്രാവര്‍ത്തികമാക്കി വരികയാണ് കെല്‍ട്രോണ്‍. എന്‍ എ ബി എല്‍ അക്രഡിറ്റേഷന്‍ ഉള്ള ‘ഇലക്ട്രോണിക്സ് ടെസ്റ്റിംഗ് ഫെസിലിറ്റി’ സ്ഥാപിക്കുന്നതിന് പൈലറ്റ് പ്രോജക്ട് ആയി 2024-25 ബജറ്റില്‍ 20 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണിനു അനുവദിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് അരൂര്‍ ക്യാമ്പസ് ഫെസിലിറ്റിയില്‍ ഇത് സ്ഥാപിച്ച് പ്രവര്‍ത്തനം തുടുങ്ങുന്നതിനായ് കെല്‍ട്രോണ്‍ സമര്‍പ്പിച്ച വിശദമായ പദ്ധതി രൂപരേഖ സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്.
ഫോട്ടോ ക്യാപ്ഷന്‍ .
കെല്‍ട്രോണ്‍ നിര്‍മിച്ച ഇന്ത്യന്‍ നേവിക്ക് വേണ്ടിയുള്ള സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തില്‍ കെല്‍ട്രോണ്‍ എം.ഡി ശ്രീകുമാര്‍ നായര്‍ എന്‍പിഒഎല്‍ ഡയരക്ടര്‍ ഡോ. ഡി.ശേഷഗിരിക്ക് കൈമാറുന്നു. ഉമാ തോമസ് എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണ മൂര്‍ത്തി , ബിപിടി ചെയര്‍മാന്‍ കെ അജിത് കുമാര്‍ എന്നിവര്‍ സമീപം.
Aiswarya