പ്രതിപക്ഷ നേതാവ് വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (19/10/2024)
തുലാം മാസത്തിന്റെ തുടക്കമായ ഇന്നലെ ശബരിമലയില്‍ വലിയ തിരക്കായിരുന്നു. ഏഴ് മണിക്കൂറായിരുന്നു ക്യൂ. അവിടെ സര്‍ക്കാര്‍ ഒരു മുന്നൊരുക്കങ്ങളും നടത്തിയില്ല. കുടിവെള്ളമോ ആവശ്യത്തിന് പൊലീസോ ഇല്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കഴിഞ്ഞ വര്‍ഷം 90000 ഓണ്‍ലൈന്‍ ബുക്കിങും 15000 സ്‌പോര്‍ട് ബുക്കിങുമാണ് ഉണ്ടായിരുന്നത്. എന്നിട്ടാണ് ഇത്തവണ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ 80000 ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കി പരിമിതപ്പെടുത്തിയത്. ഇന്റര്‍നെറ്റ് എന്താണെന്ന് അറിയാതെ 41 ദിവസത്തെ വ്രതമെടുത്ത് അയല്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് പന്തളത്തുവച്ച് മാല ഊരി പുറത്തു പോകേണ്ട അവസ്ഥ ഉണ്ടാക്കരുത്. പൂരം കലക്കിയതു പോലെ ശബരിമല കലക്കാന്‍ ഇറങ്ങേണ്ടെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയുടെ യോഗത്തില്‍ എടുത്ത തീരുമാനം ഇരുമ്പ് ഉലക്കയാണോ? അതു മാറ്റാന്‍ പാടില്ലേ? തെറ്റായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ആ തീരുമാനം നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭംഗിയായി തീര്‍ത്ഥാടനം നടത്തിയിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്ക് എന്തിന്റെ അസുഖമാണ്? ശബരിമല വീണ്ടും വിഷയമാക്കരുത്. വിഷയമാകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കരുത്.