സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

Spread the love

ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും: ദേശീയ സമ്മേളനം.

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിഡിസി വളരെ പ്രധാന ഘട്ടത്തിലേയ്ക്കാണ് കടക്കുന്നത്. യുണിസെഫ് സിഡിസിയുമായി നോളജ് പാര്‍ട്ണറായി സഹകരിക്കുമ്പോള്‍ ഈ മേഖലയിലെ ഗവേഷണത്തിനും പുരോഗതിയ്ക്കും ഏറെ സഹായിക്കും. സംസ്ഥാനത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും ഇത് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. രണ്ടാം കേരള മോഡല്‍ ഓരോ വ്യക്തിയുടേയും ജീവിത ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രയത്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. നമ്മുടെ ലക്ഷ്യം വളരെ വലുതാണ്. ആ ലക്ഷ്യത്തിന് വേണ്ടി ഓരോരുത്തരുടേയും കഠിനാധ്വാനം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് സിഡിസിയില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച് യൂണിസെഫ് നോളേജ് പാര്‍ട്ണറായുള്ള പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശിശുക്ഷേമ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുറഞ്ഞ മരണനിരക്ക്, എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, അപൂര്‍വ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സൗജന്യ ചികിത്സ എന്നിവ ഉദാഹരണങ്ങളാണ്. നവജാത ശിശുക്കളുടെ സമഗ്രവും സാര്‍വത്രികവുമായ പരിശോധനയ്ക്കായി ശലഭം, ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നല്‍കുന്ന ഹൃദ്യം, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ്, എസ്എംഎ, ലൈസോസോമല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്‌സ് പോലുള്ള അപൂര്‍വ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് കെയര്‍, കുട്ടികള്‍ക്ക് സൗജന്യ മോണോക്ലോണല്‍ ആന്റിബോഡി പ്രൊഫിലാക്‌സിസ്, ശ്രുതിതരംഗം, ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചെലവേറിയ ചികിത്സകള്‍ക്കായി ആരോഗ്യകിരണം തുടങ്ങിയ മാതൃകാപരമായ പദ്ധതികളുമുണ്ട്. സംസ്ഥാനത്ത് ജനിതക വിഭാഗവും ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആരംഭിച്ചു. പ്രത്യേക ആരോഗ്യ സംരക്ഷണം വേണ്ട കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പീഡിയാട്രിക് പാലിയേറ്റീവ് കെയര്‍ പദ്ധതി സംസ്ഥാനം ആലോചിക്കുന്നുണ്ട്.

കുട്ടികളുടെ വികസനപരവും പെരുമാറ്റപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന് പ്രത്യേക പദ്ധതിയുണ്ട്. ലോകമെമ്പാടുമുള്ള 8 ശതമാനം കുട്ടികളും ആറ് പ്രധാന വികസന പ്രശ്നങ്ങളിലൊന്ന് അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തും കുറെ കുട്ടികള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വികസന പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാനും അതനുസരിച്ചുള്ള ചികിത്സയൊരുക്കാനുമുള്ള ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇത്തരം കുട്ടികളെ കണ്ടെത്തി ചികിത്സിച്ച് പരിഹരിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരെക്കൂടി ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്. സ്‌ക്രീനിംഗ്, രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം എന്നിവയ്ക്കും വികസന-പെരുമാറ്റ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഒരു സമഗ്രമായ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിസെഫ് ചീഫ് ഓഫ് ഹെല്‍ത്ത് ഡോ. വിവേക് വീരേന്ദ്ര സിംഗ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, സിഡിസി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ദീപ ഭാസ്‌കരന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി.എസ്. ബിന്ദു, സിഡിസി രജിസ്ട്രാര്‍ വിനീത് കുമാര്‍ വിജയന്‍, യുണിസൈഫ് പ്രതിനിധികളായ കെഎല്‍ റാവു, ഡോ. കൗശിക് എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *