ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത് : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്‌ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍.

ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരില്‍ അടിച്ചമര്‍ത്തപ്പെട്ട ഭീകരവാദശക്തികള്‍ തെക്ക് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിലും സമൂഹത്തിൻറെ വിവിധ മേഖലകളിലും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ വെല്ലുവിളികളും പ്രതിസന്ധികളും കേരളജനത വൈകാതെ നേരിടേണ്ടിവരും. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്ര സർക്കാർ ഇതിനോടകം പുറത്തുവിട്ടപ്പോൾ അതിന്റെ പേരുകളും താവളമാക്കിയ സ്ഥലങ്ങളുടെ വിവരണങ്ങളും, അന്തർദേശീയ സാമ്പത്തിക ഇടപാടുകളും വെളിവായിട്ടുണ്ട്. ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഈ വിഷയങ്ങൾ എല്ലാം തമസ്കരിക്കുന്ന സമീപനമാണ് മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്ന രാഷ്ട്രീയനേതൃത്വങ്ങൾ ഭാവിയില്‍ വലിയ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണസംവിധാനങ്ങള്‍, ഉന്നതവിദ്യാഭ്യാസമേഖലകള്‍, തൊഴിലിടങ്ങള്‍, സിനിമ -മാധ്യമ മേഖലകൾ തുടങ്ങി ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന തലങ്ങളിലെല്ലാം ഇത്തരം ശക്തികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും സാന്നിധ്യവും വളര്‍ച്ചയും നിസ്സാരവല്‍ക്കരിക്കുന്നത് അപകടമാണ്.

കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണരംഗത്തെ ധൂര്‍ത്തും കേരളത്തെ അതിതീവ്രമായി ഗ്രസിച്ചിരിക്കുമ്പോൾ, ഇതിനൊന്നും പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്‍കി വേരുറപ്പിക്കാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരവാദശക്തികള്‍ക്കുമുമ്പില്‍ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുട്ടുമടക്കിയിരിക്കുന്നത് ലജ്ജാകരവും രാഷ്ട്രീയ അന്തസ്സിനെയും അഭിമാനത്തെയും കളങ്കപ്പെടുത്തുന്നതുമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരളസമൂഹത്തില്‍ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവരും തെറ്റിദ്ധാരണകള്‍ പരത്തി ആഗോളഭീകരവാദത്തിന് കുടപിടിക്കുന്നവരും ഇതിന്റെ പേരില്‍ ജനങ്ങളെ തെരുവിലിറക്കുന്നവരും ഈ തലമുറയെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും.പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഭീകരവാദ പ്രസ്ഥാനങ്ങളായ ഹമാസിനും ഹിസ്ബുള്ളക്കും, ഹൂതികൾക്കും സിന്ദാബാദ്‌ വിളിക്കുന്ന മത-രാഷ്ട്രീയ ശക്തികൾ കേരളത്തിൽ ദൂര വ്യാപകമായി ദുരന്തം സൃഷ്ടിക്കും.

മദ്യവും മയക്കുമരുന്നും സുലഭമായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത് ഭാവിപ്രതീക്ഷകള്‍ തകിടം മറിക്കുന്നു. സാക്ഷരകേരളത്തില്‍ മതവര്‍ഗ്ഗീയ ചേരിതിരിവുകളില്ലാതെ സമാധാനവും ഐക്യവും പരസ്പര സൗഹാര്‍ദ്ദവും നിലനിര്‍ത്തി ജനങ്ങളുടെ ഭീതിയും ആശങ്കകളും അകറ്റുവാന്‍ കേന്ദ്ര സംസ്ഥാന രാഷ്ട്രീയ ഭരണനേതൃത്വങ്ങളും വിവിധ മതസാമുദായിക സംവിധാനങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മനുഷ്യജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഭീകരവാദത്തിനെതിരെ പൊതുസമൂഹം ഉണരണമെന്നും വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *