ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

Spread the love

കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായി, സ്ഥാപകനായ ശ്രീ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എംബിബിഎസ്, ബിഇ/ ബിടെക്, ബിഎസ് സി നഴ്‌സിംഗ്, എംബിഎ എന്നിവ കൂടാതെ ബിഎസ് സി അഗ്രികള്‍ചര്‍/ ബിഎസ് സി (ഓണേഴ്‌സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളില്‍ 2024 -2025 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. സംസാരം, കാഴ്ച അല്ലെങ്കില്‍ ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. ഒരുലക്ഷം രൂപയുടെ പരിധിയില്‍ നില്‍ക്കുന്നതാണെങ്കില്‍, കോഴ്‌സ് കാലയളവില്‍ വാങ്ങുന്ന ഒരു പേര്‍സണല്‍ കമ്പ്യൂട്ടര്‍/ ലാപ്‌ടോപ്പ്/ടാബ്ലെറ്റിന്റെ തുക വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കുന്നതാണ്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്‌സിലും ഒരു സ്‌കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നല്‍കേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ സ്‌കോളര്‍ഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തിന്റെയും യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ മുഖാമുഖം നടത്തിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 18. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: https://www.federalbank.co.in/corporate-social-responsibility

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *