ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്ത വനിതാ നേതാവിനെ സംരക്ഷിക്കുന്നതോ സിപിഎമ്മിന്റെ സ്ത്രീ സുരക്ഷ? യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

സ്ത്രീ സുരക്ഷയേയും സംരക്ഷണത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം കണ്ണൂരില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസുള്ള വനിതാ നേതാവിനെ സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഒളിവ് ജീവിതം നടത്തുന്ന പിപി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് അതിനാലാണ്. സിപിഎമ്മിന്റെ സംഘടനാ ചുമതലകളില്‍ പിപി ദിവ്യ ഇപ്പോഴും തുടരുന്നത് സരംക്ഷണത്തിന്റെ സന്ദേശം കൂടിയാണ്. പാര്‍ട്ടി സെക്രട്ടറി നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം അവര്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുമ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും പിപി ദിവ്യക്കൊപ്പമെന്നാണ് ഇതുവരെയുള്ള നടപടികള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഇന്നത്തെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പി.കെ.ശ്യാമളെ ആയിരുന്നത് കൊണ്ട് അന്ന് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയകേസ് മരിച്ചുപോയതെന്നും എംഎം ഹസന്‍ പരിഹസിച്ചു.

ആന്തൂരിലെ സാജന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എംവി ഗോവിന്ദന്‍ എന്തുകൊണ്ട് പോയില്ല? സിപിഎം വനിതാ നേതാക്കളുടെ അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും രണ്ടു രക്തസാക്ഷികളാണ് നവീന്‍ ബാബുവും ആന്തൂരിലെ സാജനും. ആയുധം കൊണ്ട് നിരവധി പേരുടെ ജീവനെടുത്ത പാര്‍ട്ടിയാണ് സിപിഎമ്മാണ്. ഇപ്പോള്‍ വാക്കുകളെ ആയുധമാക്കി ഹൃദയം തകര്‍ത്ത് കൊല്ലുന്ന പുതുരീതി അവലംബിക്കുകയാണ്. ഈ രീതിയില്‍ രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട വനിതാ നേതാക്കള്‍ക്ക് മാതൃകാ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ അത് സ്ത്രീസമൂഹത്തിനാകെ അപമാനകരമാകുമെന്ന് എംഎം ഹസന്‍ മുന്നറിയിപ്പ് നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *