ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (27/10/2024)

കൊച്ചി :   പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണ്. പൂരം കലക്കിയതിനെ തുടര്‍ന്നാണ് കമ്മിഷണറെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. 5 മാസമായിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ എ.ഡി.ജി.പി അജിത് കുമാറിനെ തന്നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ത്രിതല അന്വേഷണം നടക്കുകയാണ്. ഗൂഡാലോചനയെ

കുറിച്ച് ക്രൈബ്രാഞ്ച് മേധാവി വെങ്കിടേഷും അജിത്കുമാറിന്റെ പങ്കിനെ കുറിച്ച് ഡി.ജി.പിയും ഉദ്യോഗസ്ഥ വീഴ്ചയെ കുറിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് അന്വേഷിക്കുന്നത്. ത്രിതല അന്വേഷണം പ്രഖ്യപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്. ത്രിതല അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എന്ത് പ്രസക്തിയാണുള്ളത്. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്.

പൂരം കലക്കിയതല്ലെന്ന് സി.പി.ഐക്കാര്‍ പറയട്ടെ. സി.പി.ഐ മന്ത്രി കെ. രാജന്‍ പൂരം കലക്കിയതാണെന്നാണ് നിയമസഭയില്‍ പറഞ്ഞത്. തൃശൂരിലെ എല്‍.ഡി.എഫ് എം.എല്‍.എ ബാലചന്ദ്രനും നിയമസഭയില്‍ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്. വത്സന്‍ തില്ലങ്കേരിയാണ് കലക്കിയതെന്നു പറഞ്ഞിട്ട് അയാള്‍ക്കെതിരെ കേസെടുത്തോ? മന്ത്രിമാരോട് പൊലീസ് പോകേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ ആര്‍.എസ്.എസ് നേതാവിന്റെ അകമ്പടിയോടെ, മുന്നിലും പിന്നിലും പൊലീസുമായി നാടകീയമായി രംഗത്തിറക്കി. സുരേഷ് ഗോപിക്ക് സിനിമയില്‍ പോലും അഭിനയിക്കാത്ത തരത്തില്‍ നാടകീയമായി രംഗത്തെത്താന്‍ രക്ഷകവേഷം കെട്ടിച്ചത് ആരാണ്?

വെടിക്കെട്ട് മാത്രമല്ല മഠത്തില്‍ വരവും അലങ്കോലപ്പെട്ടു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് എത്തിയപ്പോള്‍ റോഡില്‍ മുഴുവന്‍ വാഹനങ്ങളായിരുന്നു. പിറ്റേ ദിവസം തെക്കോട്ടിറക്കവും അലങ്കോലപ്പെട്ടു. പിറ്റേ ദിവസത്തെ വെടിക്കെട്ടിനു വേണ്ടി തലേദിവസം രാത്രി തന്നെ എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതെല്ലാം മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നത് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. കേസെടുത്താല്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രിയുടെ അറിവോടെ ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടി അജിത് കുമാര്‍ നേരിട്ടു പോയാണ് പൂരം കലക്കിയത്. കമ്മിഷണര്‍ നല്‍കിയ ബ്ലൂപ്രിന്റ് വലിച്ചെറിഞ്ഞ അജിത് കുമാര്‍ പൂരം കലക്കാനുള്ള ബ്ലൂപ്രിന്റാണ് പൊലീസിന് നല്‍കിയത്. എന്നിട്ടും അജിത്കുമാറിനെയാണ് പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും നിക്ഷ്പക്ഷമാകില്ല. അതുകൊണ്ടാണ് യു.ഡി.എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.

പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അത് പിന്നീട് മന്ത്രിമാരും സി.പി.ഐ നേതാക്കളും ആവര്‍ത്തിച്ചു. പൂരം കലക്കിയതാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. പൂരം കലക്കിയതല്ലെങ്കില്‍ കമ്മിഷണറെ മാറ്റിയത് എന്തിനാണ്? പൂരം കലക്കിയപ്പോള്‍ അജിത് കുമാര്‍ തൃശൂരില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞതും പ്രതിപക്ഷമല്ലേ? രാവിലെ 11 മുതല്‍ കമ്മിഷണര്‍ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? സ്‌പെഷല്‍ ബ്രാഞ്ച് എവിടെയായിരുന്നു? മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നോ? ത്രിതല അന്വേഷണം നടത്തുന്നതിനിടയിലാണ് പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ അന്വേഷണം ആരെ കബളിപ്പിക്കാനാണ്? ബി.ജെ.പിയുമായി കൂട്ടു ചേര്‍ന്നാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. ക്ഷേത്രത്തെയും ആചാരത്തെയും കുറിച്ച് ക്ലാസെടുക്കുന്ന ബി.ജെ.പിയും പൂരം കലക്കാന്‍ കൂട്ടു നിന്നു.

91-ല്‍ സി.പി.എം ബി.ജെ.പി പിന്തുണ വാങ്ങിയത് സംബന്ധിച്ച് ഇപ്പോള്‍ പാലക്കാട് ഒരു കത്ത് പുറത്തുവന്നിട്ടുണ്ട്. അന്ന് ബി.ജെ.പി പിന്തുണയോട് കൂടിയാണ് പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അന്നു മുതല്‍ക്കെ സി.പി.എമ്മുമായി ബന്ധമുണ്ടെന്നാണ് ശിവരാജന്‍ പറയുന്നത്. അന്നും ഇന്നും സി.പി.എമ്മല്ല, കോണ്‍ഗ്രസാണ് ഞങ്ങളുടെ ശത്രുവെന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. പാലക്കാട് ഇപ്പോഴും ഡീലാണ്. അവര്‍ ഒന്നിച്ചാണ്. ഞങ്ങള്‍ അവരെ ഒന്നിച്ച് നേരിടും. അവര്‍ രണ്ടാ സ്ഥാനത്തേക്ക് മത്സരിച്ചോട്ടെ.

സി.പി.എം ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ജയരാജന്‍ ബുക്ക് ഇറക്കിയത്. പി.ഡി.പി പിന്തുണയോടെ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിന് വച്ച ബോര്‍ഡ് ഇപ്പോഴും എറണാകുളത്തുണ്ട്. കേരളം മുഴുവന്‍ പി.ഡി.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞവര്‍ക്ക് എപ്പോള്‍ മുതലാണ് പി.ഡി.പി വിരോധവും മഅ്ദനി വിരോധവും ഉണ്ടായത്? പിണറായി വിജയന്‍ മഅ്ദനിക്ക് വേണ്ടി വേദിയില്‍ കാത്തിരുന്നിട്ടില്ലേ? മൂന്ന് പതിറ്റാണ് ജമാഅത്ത് ഇസ്ലാമി പ്രീണനമായിരുന്നില്ലേ? ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നതിന്റെ ഭാഗമായാണ് പി.ഡി.പിക്ക് ജമാഅത്ത് ഇസ്ലാമിക്കും എതിരെ പറയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് 35 ദിവസവും സി.എ.എയെ കുറിച്ചാണ് പിണറായി പറഞ്ഞത്. അന്ന് ന്യൂനപക്ഷ പ്രീണനമായിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ജയരാജനെ കൊണ്ട് പുസ്തകം ഇറക്കിച്ചതും പിണറായി വിജയന്‍ അവിടെ പോയി ലീഗ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചത്. ഒരു മാസം മുന്‍പ് പറഞ്ഞതാണ് പിണറായി വിജയന്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നത്. തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണ നല്‍കിയപ്പോള്‍ ജയരാജനും പിണറായിയും മിണ്ടിയില്ലല്ലോ? സി.പി.എമ്മില്‍ ജീര്‍ണത ബാധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലും യു.ഡി.എഫിലും ഒരു അനൈക്യവുമില്ല. എല്‍.ഡി.എഫില്‍ പി.പി ദിവ്യ വിഷയത്തിലും പൂരം കലക്കിയതിലും വര്‍ഗീയ സംഘടനകളുടെ കാര്യത്തിലും 50 കോടിയുടെ കോഴയിലും സി.പി.എമ്മിനും എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും വ്യത്യസ്ത അഭിപ്രായമാണ്. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത എല്‍.ഡി.എഫിന്റെ ശൈഥില്യത്തിലേക്ക് നയിക്കും.

എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യും. ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ബി.ജെ.പി പരിഗണിച്ചത്. ശോഭ സുരേന്ദ്രന്റെ ബോര്‍ഡു വരെ വച്ചില്ലേ? പിന്നീട് കത്തിച്ചു കളഞ്ഞു. അത് വാര്‍ത്തയല്ലേ? വി.ഡി സതീശന്റെ പദ്ധതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഇയാള്‍ക്ക് നാണമുണ്ടോ? ബി.ജെ.പിയില്‍ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോണ്‍ഗ്രസ് വിട്ടെത്തി വാതില്‍ക്കല്‍ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നല്‍കിയ ഗോവിന്ദന് വി.ഡി സതീശന്റെ പ്ലാന്‍ ആണെന്നു പറയാന്‍ നാണമില്ലേ? അവിടെ സി.പി.എം ചര്‍ച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എം.ബി രാജേഷിന്റെ അളിയന്റെയും പേരല്ലേ അവിടെ ചര്‍ച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാര്‍ത്ഥിയായില്ലല്ലോ? ഞങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പരിഗണിച്ചിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയും ബി.ജെ.പി ജില്ലാ കമ്മിറ്റിയും നിര്‍ദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാര്‍ത്ഥിയായത്. എല്ലാ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റകള്‍ പേരുകള്‍ നിര്‍ദ്ദേശിക്കും. ഡി.സി.സി അധ്യക്ഷന്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ ഒരാളാണ് സ്ഥാനാര്‍ത്ഥിയായത്. അതില്‍ എന്ത് വാര്‍ത്തയാണുള്ളത്. അങ്ങനെയെങ്കില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കാതെ ഇപ്പോള്‍ ഉള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിതിനെ കുറിച്ചും വാര്‍ത്ത ചെയ്യേണ്ടേ? അവരെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുവരെ കത്തിച്ചു. വെള്ളം കോരിയും വിറക് വെട്ടിയും നടന്നവരെയൊന്നും പരിഗണിക്കാതെ ബി.ജെ.പിയും കോണ്‍ഗ്രസും സീറ്റ് നല്‍കാത്ത ആള്‍ക്ക് സീറ്റ് നല്‍കിയ നാണം കെട്ട പാര്‍ട്ടിയല്ലേ സി.പി.എം. യു.ഡി.എഫ് മത്സരിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ചെറുപ്പക്കാരും വനിതകളും ഇല്ലല്ലോയെന്ന് നിങ്ങള്‍ ചോദിച്ചു. അന്ന് സിറ്റിങ് എം.പിമാര്‍ മത്സരിച്ചപ്പോള്‍ ഷാഫി പറമ്പിലിന് മാത്രമെ പുതുതായി സീറ്റ് നല്‍കാന്‍ സാധിച്ചുള്ളൂ. അത് ആദ്യം കിട്ടുന്ന അവസരത്തില്‍ തിരുത്തുമെന്ന് അന്ന് പറഞ്ഞതാണ്. അതിന്റെ ഭാഗമായി ചെറുക്കാരായ രണ്ടു പേര്‍ക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *