ഇഎസ്ജി റേറ്റിംഗിൽ മികവ് പുലർത്തി ഇസാഫ് ബാങ്ക്

Spread the love

കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ഉയർന്ന ഇഎസ്ജി റേറ്റിംഗ് ലഭിച്ചു. സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി, കെയർഎഡ്ജ് ആണ് ഇസാഫ് ബാങ്കിന് ഉയർന്ന റേറ്റിംഗായ 68.1 നൽകിയത്. ഈ മേഖലയിൽ ദേശീയ ശരാശരി 51.8 ആണ്. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് 76.9 റേറ്റിംഗാണ് ലഭിച്ചത്. ഗുണമേന്മയുള്ള ബാങ്കിങ് ഉൽപന്നങ്ങൾക്ക് പുറമെ, സാമൂഹിക വികസനത്തിനും മനുഷ്യാവകാശങ്ങൾക്കുമുള്ള പിന്തുണ, ഡാറ്റ സംരക്ഷണം, സ്വകാര്യതാ നയങ്ങൾ എന്നീ മേഖലകളിൽ ഇസാഫ് ബാങ്ക് പ്രതിബദ്ധത പുലർത്തി. കഴിഞ്ഞ വർഷങ്ങളിൽ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി അറ്റാദായത്തിന്റെ 5 ശതമാനം വിനിയോഗിക്കുന്ന ഇസാഫ് ബാങ്ക്, മൊത്തം വായ്പയുടെ 92 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗങ്ങൾക്കാണ് അനുവദിച്ചിട്ടുള്ളത്.

ബിസിനസ് മൂല്യങ്ങൾ ഉയർത്തിയുള്ള ബാങ്കിന്റെ ഭരണ സംവിധാനം മികച്ചതെന്നാണ് വിലയിരുത്തൽ. ബോർഡിന്റെ നയപരമായ തീരുമാനങ്ങളും അവ നടപ്പിലാക്കുന്ന രീതിയും ഉന്നത നിലവാരത്തിലുള്ളതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ബാങ്ക് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച സോഷ്യൽ ബാങ്കായി മാറാനുള്ള ഇസാഫ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഉയർന്ന ഇഎസ്ജി റേറ്റിംഗ് എന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു. “പാരിസ്ഥിതികവും, സാമൂഹികവും, ഭരണപരവുമായ ബാങ്കിന്റെ നയങ്ങളെല്ലാം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. പീപ്പിൾ, പ്ലാനറ്റ്, പ്രോസ്പിരിറ്റി എന്ന ത്രിതല സമീപനമാണ് ഇസാഫ് ബാങ്കിനുള്ളത്. ബാങ്കിന്റെ വിശാലമായ ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളോടും സ്ഥാപനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ലിസ്റ്റഡ് കമ്പനികളിൽ, 2024 ജൂലൈ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഇഎസ്ജി റേറ്റിംഗാണ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കരസ്ഥമാക്കിയതെന്ന് കെയർഎഡ്ജ് സിഇഒ രോഹിത് ഇനാംബർ പറഞ്ഞു.
—-
Photo Caption; ഉയർന്ന ഇഎസ്ജി റേറ്റിംഗ് കരസ്ഥമാക്കിയതിനുള്ള സർട്ടിഫിക്കറ്റ് കെയർ ഇഎസ്ജി റേറ്റിംഗ് സിഇഒ രോഹിത് ഇനാംബറിൽ നിന്നും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ഏറ്റുവാങ്ങുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *