പ്രതിപക്ഷ നേതാവ് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനം. (29/10/2024)
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലുള്ള പി.പി ദിവ്യയെ ഉടനടി പുറത്തു കൊണ്ടു വന്ന് അറസ്റ്റു ചെയ്യണം. ഞങ്ങളുടെ കുടുംബം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണമെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യയും ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയോ നാള് മുന്‍പ് പി.പി ദിവ്യയെ അറസ്റ്റു ചെയ്യാമായിരുന്നു. എന്തിനു വേണ്ടിയായിരുന്നു ഈ നാടകം? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ ചോദ്യം ചെയ്യലിനോ അറസ്റ്റിനോ അനുവദിക്കാതെ സംരക്ഷിച്ചത്.
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു പ്രഖ്യാപിച്ച സി.പി.എം മറുവശത്ത് പ്രതിയായ ദിവ്യയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പാര്‍ട്ടിയാണ് ദിവ്യയെ സംരക്ഷിച്ചത്. പ്രതി എവിടെയുണ്ടെന്ന് എല്ലാവര്ക്കും അറിയാമായിരുന്നിട്ടും ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയാറാകാതെ നീതിന്യായ സംവിധാനത്തെയാണ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരിഹാസ്യവും ജനങ്ങളാല്‍ വെറുക്കപ്പെട്ടവരുമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
പൊലീസ് നീതിപൂര്‍വകമായി പെരുമാറിയാല്‍ അതിനെ പിന്തുണയ്ക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടമാണ് നടത്തിയതെന്ന് വരുത്തിതീര്‍ത്ത് പ്രതിയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമം മരിച്ചു പോയ ആളെ അപമാനിക്കലാണ്. പ്രശാന്തന്റെ കള്ള ഒപ്പിട്ട് നവീന്‍ ബാബുവിനെതിരായ പരാതി കത്ത് തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ എ.കെ.ജി സെന്ററിലാണ്. ഗൂഡാലോചന മുകളിലാണ് നടക്കുന്നത്. എന്നിട്ടാണ് എം.വി ഗോവിന്ദന് നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അവര്‍ക്കൊപ്പമാണെന്ന് പറഞ്ഞത്. ആ കുടുംബത്തിന് അനുകൂലമായി എന്ത് നിലപാടാണ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചത്? പി.പി ദിവ്യയെ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ പ്രതിപക്ഷം വേറെ അന്വേഷണം ആവശ്യപ്പെടും.
നിയമപരമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടും. ജാമ്യമില്ലാത്ത കേസ് എടുക്കാന്‍ നിര്‍ബന്ധിതമായിട്ടും പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ പോലും ഇതുവരെ തയാറായിട്ടില്ല. പൊലീസിന്റെ കാര്യത്തില്‍ പിണറായി വിജയന് പോലും പങ്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കൊന്നും ഒരു കാര്യവുമില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശിവശങ്കരന് അധികാരം നല്‍കിയത് പോലെ ഉപജാപകസംഘത്തിന് എല്ലാ അധികാരവും നല്‍കിയിരിക്കുകയാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ മാഫിയ സംഘങ്ങളുടെ ആസ്ഥാനമാക്കി മാറ്റിയത്. അവര്‍ ഇടപെട്ട എത്ര കേസുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഉപജാപകസംഘമാണ് ദിവ്യയെ അറസ്റ്റു ചെയ്യേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. ഇനിയെങ്കിലും അറസ്റ്റു ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാകും.
തുടക്കം മുതല്‍ക്കെ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയാണ് ദിവ്യ ചെയ്തതെന്നാണ് ആദ്യ ദിനത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞത്. അതു തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആവര്‍ത്തിച്ചത്. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മാറ്റിപ്പറഞ്ഞു. വീട്ടിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ പൊലീസും പാര്‍ട്ടിക്കാരും ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു. പ്രതിഷേധക്കാരെ മര്‍ദ്ദിച്ച പൊലീസ് പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറായില്ല. ഫോണില്‍ വിളിച്ച് നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. ആ കുടുംബത്തിനൊപ്പം അവസാന നിമിഷം വരെ പ്രതിപക്ഷമുണ്ടാകും. രാവിലെയും വൈകിട്ടും മാറ്റിപ്പറയാന്‍ മടിയുള്ള ആളല്ല എം.വി ഗോവിന്ദന്. ദിവ്യയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചത്. അത് ഏഴു നിലയില്‍ പൊട്ടിപ്പോയി. മാധ്യമങ്ങളുടെ കൂടി പിന്തുണ കിട്ടിയതു കൊണ്ടാണ് അത് പൊളിഞ്ഞത്. ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത് മാധ്യമങ്ങളാണ്. ഇല്ലെങ്കില്‍ പരാതി നേരത്തെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്രിമം നടത്തി സ്ഥാപിച്ചേനെ. അക്കാര്യത്തില്‍ മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.
പൂരം കലക്കലില്‍ കേന്ദ്ര- സംസ്ഥാന അന്വേഷണമല്ല, വേണ്ടത് ജുഡീഷ്യല്‍ അന്വേഷണം; കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ സി.പി.എമ്മിനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ പിണറായി വിജയന് മതേതരത്വത്തിന് ക്ലാസെടുക്കേണ്ട; ന്യൂനപക്ഷ, ഭൂരിപക്ഷ പ്രീണനം അവസാനിപ്പിച്ച് സെക്യുലര്‍ നിലപാടെടുക്കാന്‍ എല്‍.ഡി.എഫ് തയാറാകുമോ? വാളയാര്‍ കേസിലെ ഉപജാപത്തെ കുറച്ച് എം.ബി രാജേഷ് കൂടുതല്‍ പറയിപ്പിക്കേണ്ട; സര്‍ക്കാരിന്റെ ദുര്‍ഭരണവും ബി.ജെ.പിയുടെ വര്‍ഗീയതയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും; പാലക്കാട്ടെ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ?മൂന്ന് മണ്ഡലത്തിലും ഒന്നാം സ്ഥാനത്ത് യു.ഡി.എഫ്
പൂരം കലങ്ങിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ മാത്രമല്ല സ്വന്തം മുന്നണിയിലെ സി.പി.ഐക്കും എതിരായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പൂരം കലക്കിയതാണെന്നു പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വെടിക്കെട്ട് വൈകിയതല്ല പ്രശ്നം. മഠത്തില്‍ വരവ് തുടങ്ങിയതു മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി. പൂരം കലക്കുന്നതിനു വേണ്ടി എ.ഡി.ജി.പി അജിത് കുമാര്‍ നല്കിയ പ്ലാനാണ് പൊലീസ് നടപ്പാക്കിയത്. പൂരം കലക്കിയതല്ലെങ്കില്‍ ഉത്തരവാദി കമ്മിഷണറാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അയാള്‍ക്കെതിരെ നടപടി എടുത്തത് എന്തിനു വേണ്ടിയായിരുന്നു? കമ്മിഷണര്‍ മാത്രമല്ല എ.ഡി.ജി.പിയുടെ സന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് വന്നില്ല. അപ്പോള്‍ മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടുള്ള പൂരം കലക്കല്‍ ഗൂഡാലോചനയാണ് അവിടെ നടന്നത്. പൂരം കലക്കിയതിനെ കുറിച്ച് ത്രിതല അന്വേഷണം നടക്കുമ്പോള്‍ പൂരം കലങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നതു തന്നെ അന്വേഷണത്തെ അട്ടിമറിക്കാനാണ്. വെടിക്കെട്ട് മാത്രം വൈകിയതെങ്കില്‍ എന്തിനാണ് ത്രിതല അന്വേഷണം. മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കുന്നത്? കേരളത്തിലെ ജനങ്ങളെ നിങ്ങള്‍ കബളിപ്പിക്കുകയാണോ? അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് എഫ്.ഐ.ആര് ഇട്ടിട്ടും കലങ്ങിയില്ലെന്നു പറഞ്ഞാല്‍ എത്ര പരിതാപകരമാണ് നിങ്ങളുടെ ഭരണം!
ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ഗൂഡാലോചന നടത്തി പൂരം കലക്കിയെന്നതാണ് യു.ഡി.എഫിന്റെ ആരോപണം. രണ്ട് മന്ത്രിമാര്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് മുന്നിലും പിന്നിലും പൊലീസ് സംരക്ഷണയില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും വത്സന് തില്ലങ്കേരിയെയും നാടകീയമായി എത്തിച്ചത് എങ്ങനാണ്? ആംബുലന്‍സില്‍ കയറിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഒരാള്‍ പറയുന്നത്. ആംബുലന്‍സില്‍ എത്തുന്നതിന്റെ വിഷ്വല്‍സ് എല്ലാവരുടെ കയ്യിലുണ്ടല്ലോ. ഇപ്പോള്‍ മായക്കണ്ണാണെന്നൊക്കെ തോന്നും. പൂരം കലക്കിയതിനെ കുറിച്ച് കേന്ദ്രവും അന്വേഷിക്കേണ്ട കേരളവും അന്വേഷിക്കേണ്ട; ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. സുരേഷ് ഗോപി സി.ബി.ഐ അന്വേഷണവും കേരള സര്‍ക്കാര്‍ ഇവിടെ അന്വേഷിച്ചാല്‍ മതിയെന്നും പറയുന്നതിന്റെ കാരണം മനസിലായല്ലോ?
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമാണ് സി.പി.എം നടത്തിയത്. 35 ദിവസവും സി.എ.എയെ കുറിച്ചാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ന്യൂനപക്ഷ വോട്ട് കിട്ടിയതുമില്ല, ഭൂരിപക്ഷ വോട്ട് പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷം പ്രീണനം മാറ്റി മതേതര നിലപാടെടുക്കാന്‍ എല്‍.ഡി.എഫ് തയാറാകണം. കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചിരിക്കുന്നതു പോലെ വിട്ടുവീഴ്ചയില്ലാത്ത സെക്യുലര്‍ നിലപാട് എടുക്കണമെന്നാണ് നിങ്ങളോട് ആവശ്യപ്പെടാനുള്ളത്. നിങ്ങള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി നിങ്ങള്‍ കേരളത്തിലെ സി.പി.എമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കൊണ്ടു പോയി കെട്ടിയിരിക്കുകയാണ്. കേരളത്തിലെ സി.പി.എം ജീര്‍ണതയിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്വന്തം ആവശ്യത്തിന് വേണ്ടി അവരെ സന്തോഷിപ്പിക്കാന്‍ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കൊണ്ടു പോയി സി.പി.എമ്മിനെ കെട്ടിയ നിങ്ങള്‍ ഞങ്ങള്‍ക്ക് മതേതരത്വത്തിന്റെ ക്ലാസെടുക്കേണ്ട.
30 വര്‍ഷം ജമാ അത്ത് ഇസ്ലാമിക്കൊപ്പമായിരുന്നു സി.പി.എം. പിണറായി വിജയനും കോടിയേരിയും ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയിട്ടില്ലേ. ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ജമാ അത്ത ഇസ്ലാമി എല്‍.ഡി.എഫിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊപ്പം നില്ക്കുമ്പോള് മതേതര വാദി, വിട്ടു പോകുമ്പോള്‍ വര്‍ഗീയവാദി, ആ നിലപാട് കയ്യില്‍ വച്ചാല്‍ മതി. യു.ഡി.എഫ് എടുത്തതു പോലുള്ള സെക്യുലര്‍ നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ. പണ്ട് ലീഗിന് പിന്നാലെ നടന്ന മതേതര പാര്‍ട്ടിയാണെന്നും സുന്ദരിയാണെന്നുമൊക്കെ പറഞ്ഞതല്ലേ. ഇപ്പോള്‍ അവര്‍ ലീഗിനെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്? നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് ലീഗ് എങ്ങനെയാണ് വര്‍ഗീയ പാര്‍ട്ടിയായി മാറിയത്? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് വച്ച ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്. എന്നിട്ടാണ് ഇപ്പോള്‍ ജയരാജന്റെ പുസ്തകം ഇറക്കിയിരിക്കുന്നത്. ആ പുസ്തകത്തില്‍ വിവിധ മുസ്ലീം സംഘടനകള്ക്കെതിരയാ ആക്രമണമാണ്. ഭൂരിപക്ഷ പ്രീണനമെന്ന പുതിയ നയത്തിന്റെ ഭാഗമാണത്. ആ നയം എത്രകാലം നില്‍ക്കുമെന്ന് അറിയില്ല. കാരണം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ചോര്‍ന്നു പോയി. അതിനു വേണ്ടിയാണ് 87 മോഡല്‍ എന്ന പേരില്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട്.
ഞാന്‍ ഉപജാപകസംഘത്തിന്റെ രാജകുമാരനാണെന്നാണ് എം.ബി രാജേഷ് പറഞ്ഞത്. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ഉപജാപകം നടന്നിട്ടുണ്ട്. ആ ഉപജാപത്തെ കുറച്ച് ഓര്‍ത്താണ് എം.ബി രാജേഷ് ഇപ്പോള്‍ ഉപജാപത്തെ കുറിച്ച് സംസാരിക്കുന്നത്. ബാക്കി എന്നെക്കൊണ്ട് പറയിക്കേണ്ട. അതാണ് രാജേഷിനുള്ള മറുപടി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വിമര്‍ശനത്തിന് അതിതനല്ല. നിയമസഭയില്‍ മൂന്ന് ദിവസവും അവര്‍ എനിക്കെതിരെയാണ് പറഞ്ഞത്. അതൊക്കെ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന് ഉമാ തേമസിനെയും കാണാന്‍ വിസമ്മതിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ദേവന്റെ കൃതികള്‍ എല്ലാ ഭാഷയിലും പ്രസിദ്ധീകരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ആളായിരുന്നു പി.ടി തോമസ്. ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ പോലും കാണാന്‍ തയാറായിട്ടില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്.അതില്‍ ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല. കോണ്‍ഗ്രസ് ഒരു സമുദായ സംഘടന നേതാക്കളോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അദ്ദേഹം എന്നെ കുറിച്ചും മോശമായി പറഞ്ഞു. അതിന് മറുപടി പറയുന്നില്ല. അദ്ദേഹത്തെ ഞാന്‍ ഏത് തരത്തിലാണ് ദ്രോഹിച്ചത് എന്നു കൂടി പറയണം. പ്രതിപക്ഷ നേതാവായതിനു ശേഷം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.
പി.പി ദിവ്യയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഷയമാണ്. വേറെ കത്തിന്റെ പിറകെ പോയാലൊന്നും അത് ഇല്ലാതാകില്ല. ആരെല്ലാം ഏതെല്ലാം വഴിക്ക് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഈ തിരഞ്ഞെടുപ്പില്‍ ഒരു പൊളിറ്റിക്കല്‍ നറേറ്റീവുണ്ടാകും. ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് പൂരം വന്നില്ലേ? ദിവ്യ കേസും വന്നില്ലേ? സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയ്ക്ക് എതിരായ കാമ്പയിനും ചര്‍ച്ചയാകും. അതു തന്നെയായിരിക്കും തിരഞ്ഞെടുപ്പിലെ നറേറ്റീവ്. അത് ആരൊക്കെ മനപൂര്‍വമായി ആയാലും അല്ലാതെ ആയാലും വേറെ വഴിക്ക് തെറ്റിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചാലും അതിനൊന്നും ആയുസുണ്ടാകില്ലെന്ന് മനസിലായില്ലേ? അതിനൊന്നും ആയുസുണ്ടാകില്ല.