വയനാട് പുനരധിവാസം: യൂത്ത് കോൺഗ്രസ് സമരത്തിന് യുഡിഎഫ് പിന്തുണയെന്ന് കൺവീനർ എം എം ഹസൻ

Spread the love

പോലീസ് നടപടി കാടത്തം.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടി കാടത്തമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

ഒരു പ്രകോപനം ഇല്ലാതെയാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അഴിഞ്ഞാടിയത്.

നേതാക്കളുള്‍പ്പെടെ അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ലാത്തിയടിയിൽ പരിക്കേറ്റത്. മുൻ വൈരാഗ്യം തീർക്കുന്നത് പോലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയത്. പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.5 തവണയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ജില്ലപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ജില്ല പഞ്ചായത്തംഗവുമായ അമല്‍ജോയി, സംസ്ഥാന ജന.സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ അരുണ്‍ദേവ്, സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, ജിനു ജോസഫ്, ഹാരിസ് കല്ലുവയല്‍, ജിബിന്‍ മാമ്പള്ളി, ആഷിഖ് മന്‍സൂര്‍, വിഷ്ണു, ലയണല്‍ മാത്യു, ബിന്‍ഷാദ് കെ.ബഷീര്‍, അസീസ് വാളാട്, രോഹിത് ബോധി, എബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അമല്‍ ജോയിയുടെ കൈക്കും ഹര്‍ഷല്‍ കോനാടന്റെ കൈവിരലിനും പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം ലാത്തിയടിയേറ്റ് പരിക്കേറ്റു.

കേരളത്തെ ഞടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായി നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ തീരാ ദുരിതത്തിലാണ്. വയനാട് ദുരന്തത്തിന്റെ പേരില്‍ കോടികള്‍ പിരിച്ചെടുത്തിട്ടും അവരെ പുരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മനുഷ്യവിരുദ്ധമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്. അനിശ്ചിതത്ത്വത്തിലൂടെ അവര്‍ കടന്നുപോകുമ്പോള്‍ സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത്. അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്‌നം തീരില്ലെന്നു സര്‍ക്കാര്‍ ഓര്‍ക്കുന്നതു നല്ലതാണ്. ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതുവരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് യുഡിഎഫിന്റെ പൂർണ്ണപിന്തുണയുണ്ടാകും. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് വരുമെന്നും എം എം ഹസൻ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *