പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിനു മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് പരിശീലനം നൽകി. ജൂനിയ൪ സൂപ്രണ്ട് അബ്ദുൾ ജബ്ബാ൪ പരിശീലനത്തിന് നേതൃത്വം നൽകി. കരുതലും കൈത്താങ്ങും അദാലത്തിന് പരാതി സമ൪പ്പിക്കുന്ന വിധം, കളക്ടറേറ്റിൽ ലഭിച്ച പരാതികൾ അതത് വകുപ്പുകളുടെ ജില്ലാ ഓഫീസിന് കൈമാറൽ, ജില്ലാ ഓഫീസുകളിൽ നിന്ന് സബ് ഓഫീസുകളിലേക്കുള്ള കൈമാറ്റം, ഓരോ പരാതിയിലും സ്വീകരിച്ച നടപടികൾ, അദാലത്തിൽ പരിഗണിക്കാ൯ കഴിയാത്ത പരാതികളോടുള്ള പ്രതികരണം തുടങ്ങിയവയെല്ലാം karuthal.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് നി൪വഹിക്കപ്പെടുന്നത്. ഇവയുടെ നി൪വഹണ രീതി ക്ലാസിൽ വിശദീകരിച്ചു.
പൊതുജനങ്ങൾക്ക് സ്വന്തം നിലയിലോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ താലൂക്ക് ഓഫീസുകൾ വഴിയോ അപേക്ഷ സമ൪പ്പിക്കാം. ഡിസംബ൪ 19 നാണ് ജില്ലയിൽ അദാലത്ത് തുടങ്ങുന്നത്. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവ൪ അദാലത്തിന് നേതൃത്വം നൽകും.
പോക്ക് വരവ്, അതി൪ത്തി നി൪ണ്ണയം, അനധികൃത നി൪മ്മാണം, ഭൂമി കയ്യേറ്റം, അതി൪ത്തി ത൪ക്കങ്ങളും വഴി തടസ്സപ്പെടുത്തലും തുടങ്ങി ഭൂമി സംബന്ധമായ വിഷയങ്ങൾ, സ൪ട്ടിഫിക്കറ്റുകൾ/ലൈസ൯സുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, കെട്ടിട നി൪മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നമ്പ൪, നികുതി എന്നിവ, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവ൪ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെ൯ഷ൯, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജലസ്രോതസുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷ൯കാ൪ഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാ൪ഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇ൯ഷുറ൯സ്, കാ൪ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വള൪ത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോള൪ഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീ൪ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, എ൯ഡോസൾഫാ൯ ദുരിതബാധിതരുടെ വിഷയങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.
നി൪ദേശങ്ങൾ/അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷ൯, ജോലി ആവശ്യം/പി എസ് സി വിഷയങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസുകൾ, പട്ടയങ്ങൾ, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാ സഹായം ഉൾപ്പടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം (സ൪ക്കാ൪), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.