മെഡിക്കൽ വിദ്യാർഥികളുടെ മരണം: ഗവർണറും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു

Spread the love

ആലപ്പുഴ: ആലപ്പുഴ കളർകോട് ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു. മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ച് ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് 12.30 നാണ് ഗവർണർ മെഡിക്കൽ കോളേജിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനെത്തി അന്തിമോപചാരമർപ്പിച്ചു.മന്ത്രിമാരായ വീണ ജോർജ്, പി.പ്രസാദ്,സജി ചെറിയാൻ എന്നിവർ നേരത്തെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പോസ്റ്റ് മോർട്ടം നടപടികൾക്കും ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ചു. എച്ച്.സലാം എം.എൽ.എ ഇന്നലെ മുതൽ തന്നെ സംഭവ സ്ഥലത്തും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി രക്ഷാ പ്രവർത്തനത്തിനെത്തയിരുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവരും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് റവന്യു വകുപ്പ് മന്ത്രി കെ.രാജനുവേണ്ടിയും ജില്ല ഭരണകൂടത്തിന് വേണ്ടിയും പുഷ്പചക്രമർപ്പിച്ചു. ജില്ല പോലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ, എ.ഡി.എം.ആശാ സി.എബ്രഹാം, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ എന്നിവർ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് രാവിലെ 9 മണിയോടെ തന്നെ പോസ്റ്റ് മോർട്ടം നടപടികളും പൂർത്തിയാക്കി. മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, എറണാകുളം സ്വദേശി പി.പി.മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ബി.ദേവനന്ദൻ, പാലക്കാട് സ്വദേശി ശ്രീദീപ് വൽസൺ, കാവാലം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ഇന്നലത്തെ അപകടത്തിൽ മരിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *