പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംസ്ഥാനതലത്തില്‍ സംയോജിത പ്രവർത്തനം ആവിഷ്കരിക്കും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേര്‍ക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളെയും സഹകരിപ്പിക്കും. ഇതിന്റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും.
ഭക്ഷണം കൊടുക്കല്‍ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ് ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കല്‍ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രായമുള്ള ജോലി ചെയ്യാന്‍ പറ്റാത്തവര്‍, രോഗം കാരണം ജോലി ചെയ്യാന്‍ പറ്റാത്തവര്‍ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാല്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവര്‍ക്ക് അത്തരത്തില്‍ സഹായം നല്‍കണം. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തരക്കാരെ പെടുത്താവുന്നതാണ്. ഓരോ കുടുംബത്തിന്റെയും സവിശേഷത മനസിലാക്കിയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. അതിദാരിദ്ര്യ മുക്തമാണോ എന്നതിന്റെ പുരോഗതി പ്രാദേശികമായി വിലയിരുത്താന്‍ ജനകീയ സമിതി പ്രവര്‍ത്തിക്കണം.
ഓരോ വകുപ്പിനുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്താനാകണം. സഹായ ഉപകരണങ്ങള്‍ ആവശ്യമായി വരുന്നവര്‍ക്ക് വിതരണം ചെയ്യണം. ഇതിന് മാറ്റിവെച്ച തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായി ചിലവഴിക്കണം. വീട് നിര്‍മ്മാണത്തിന് സ്പോണ്സര്ഷിപ്പുകള് സംഘടിപ്പിക്കാനാകണം.