പ്രതിപക്ഷ നേതാവ് കന്‍ോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (05/12/2024).
തലസ്ഥാനത്ത് സി.പി.എം സ്പോണ്‍സേര്‍ഡ് ക്രിമിനലുകളുടെ ആസ്ഥാനമായ ശിശുക്ഷേമ സമിതിയും യൂണിവേഴ്സിറ്റി കോളജും മാറിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ സ്വാധീനക്കുറവുള്ള കാലില്‍ ഷൂവിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു കൊണ്ട് ആ കാല് വെട്ടിയെടുക്കുമെന്ന് ഇടിമുറിയില്‍ വച്ച് എസ്.എസ്.ഐ നേതാക്കള്‍ ആക്രോശിച്ചു. ക്രൂരമായ ആക്രമണമാണ് യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. എസ്.എഫ്.ഐക്കാര്‍ക്ക് പോലും രക്ഷയില്ലാത്ത ക്രിമിനലുകളാണ് കോളജ് ഭരിക്കുന്നത്. ക്രിമിനലുകളെ ഭയന്നാണ് പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അവിടെ പഠിപ്പിക്കുന്നത്. നടപടി എടുക്കാന്‍ പോലും പേടിയാണ്. പൊലീസ് ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഒളിവിലാണെന്നു പറയുന്ന ക്രിമിനലുകള്‍ എല്ലാ ദിവസവും കേളജിലെത്തി പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയാണ്.
ശിശുക്ഷേമ സമിതിയും ക്രിമിനലുകളുടെ താവളമാണ്. പാര്‍ട്ടി ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ജോലി കൊടുത്ത് കുഞ്ഞുങ്ങളോട് പോലും ക്രൂരത കാട്ടുന്ന വൃത്തികെട്ട സ്ഥലമായി ശിശുക്ഷേമസമിതി മാറി. ആരോപണം നേരിടുന്നവര്‍ തന്നെയാണ് ഇപ്പോഴും അവിടെ തുടരുന്നത്. കുട്ടികളെ മാറ്റിയെന്നും കടത്തിയെന്നും ആരോപണം നേരിട്ടവരും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ താവളമാണ് ശിശുക്ഷേമസമിതി. കൊലക്കേസ് പ്രതിയായ സി.പി.എം നേതാവാണ് ശിശുക്ഷേമസമിതിയുടെ തലപ്പത്ത് ഇരിക്കുന്നത്. മൂന്നു തവണ പരാതി കിട്ടിയതിനെ തുടര്‍ന്ന് മാറ്റിയ ആയ വീണ്ടും എങ്ങനെയാണ് അവിടെ എത്തിയത്? പാര്‍ട്ടിയില്‍ സ്വാധീനമുണ്ടെങ്കില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് പോലും ക്രൂരത കാട്ടാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഈ രണ്ടു സംഭവങ്ങളും കേരളത്തിനു തന്നെ അപമാനമാണ്. ജജീര്ണത ബാധിച്ച സി.പി.എം ഏത് ക്രിമിനലിനും കുടപിടിക്കുന്ന അധപതിച്ച പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ഈ രണ്ട് സംഭവങ്ങളിലും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും. ശിശുക്ഷേമ സമിതി അടിയന്തിരമായി പിരിച്ചുവിടണം.