ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് 2024 ഡിസംബര്‍ 10ന് 80ന്റെ നിറവില്‍.
‘ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും’ (യോഹ. 10.10) എന്ന വിശുദ്ധ ബൈബിള്‍ വചനം മേല്‍പ്പട്ട ശുശ്രൂഷയിലെ ആപ്തവാക്യമായി സ്വീകരിച്ച് 19 വര്‍ഷക്കാലം രൂപതയെ നയിച്ചതിനോടൊപ്പം ആഗോള കത്തോലിക്കാസഭയുടെയും ഭാരതത്തിന്റെയും വിവിധങ്ങളായ തലങ്ങളില്‍ അവിസ്മരണീയവും അമൂല്യവുമായ സംഭാവനകള്‍ നല്‍കിയ അതുല്യവ്യക്തിത്വം വിശ്രമജീവിതത്തിനിടയിലും സജീവസാന്നിധ്യമാണ്.
ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്തുവാനും അംഗീകരിക്കുവാനും ഈ ഇടയശ്രേഷ്ഠനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല.
ജീവിത നാള്‍വഴികള്‍
1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച് സെന്റ് തോമസ് സ്‌കൂളില്‍ ബാല്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് ചങ്ങനാശേരി സെന്റ് തോമസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെമിനാരിയിലും വൈദികപഠനം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1971-1974 കാലഘട്ടങ്ങളില്‍ അമ്പൂരി ഇടവകയില്‍ അസി.വികാരി. ആത്മീയ ഉണവ്വിന്റെയും ജനസേവനത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും വാതിലുകള്‍ മലര്‍ക്കെ തുറന്നുള്ള അറയ്ക്കലച്ചന്റെ ജീവിത യാത്രയുടെ മറ്റൊരു ഘട്ടം ഇവിടെയാരംഭിക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ആരംഭിച്ച പിതാവിന്റെ സാമൂഹ്യപ്രവര്‍ത്തനം, രൂപതവിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി. യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, എന്തിന് അടിസ്ഥാന ജീവിത സൗകര്യങ്ങളോ, പോലുമില്ലാതിരുന്ന ഹൈറേഞ്ച് മലമടക്കുകളില്‍, രാഷ്ട്രീയക്കാരേക്കാള്‍ മുമ്പായി വികസനത്തിന്റെ കാഹളമെത്തിച്ചതിന്റെ മുന്‍നിരയില്‍ പിതാവുണ്ടായിരുന്നു എന്നത് ചരിത്രപാഠമാണ്.
1971 ല്‍ വൈദികനായ പിതാവ്, 2001 ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വട്ടക്കുഴി പിതാവിന്റെ പിന്തുടര്‍ച്ചക്കാരനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. ‘കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനി’ ഒരു പ്രയോഗം മാത്രമല്ല, ഒരു യാഥാര്‍ഥ്യം കൂടിയാണ്. കര്‍ഷകന്റെ അധ്വാനവും കത്തോലിക്കന്റെ അഭിമാനവും ഒരുമിച്ചു ചേരുന്ന ഒരു സത്വബോധമാണവന്റേത്. ഈ സത്വബോധം ഉറപ്പിച്ചുകൊണ്ട് തന്നില്‍ ഭരമേല്‍പ്പിച്ച അജഗണത്തെയും പൊതുസമൂഹത്തെയൊന്നാകെയും കര്‍മ്മനിരതരാക്കി എന്നതാണ് പിതാവിന്റെ ഏറ്റവും വലിയ നേട്ടം. രൂപതാംഗങ്ങളുടെ കുടുംബപശ്ചാത്തലം അറിഞ്ഞ് അവനെ പേരു ചൊല്ലി വിളിക്കുന്ന പുഞ്ചിരിയോടെ അവരുടെ കരംപിടിച്ച് ആശ്ലേഷിച്ച് അനുഗ്രഹിക്കുന്ന അറയ്ക്കല്‍ പിതാവ് അവര്‍ക്കെല്ലാം പ്രിയങ്കരനായി മാറിയതിന്റെ കാരണവും മറ്റൊന്നല്ല.
അറയ്ക്കല്‍ പിതാവിന്റെ ആത്മീയനേതൃത്വവും സാമൂഹികരംഗത്തെ സുസ്ഥിരവികസന കാഴ്ചപ്പാടുകളും ജനകീയശൈലിയിലൂന്നിയ കര്‍മ്മവഴികളും സഭയ്ക്കും സമൂഹത്തിനും എന്നും മുതല്‍ക്കൂട്ടാണ്. സഭാ-സമൂഹത്തെ ആത്മീയ – ഭൗതീക മേഖലകളിലൂടെ നയിച്ച അദ്ദേഹം ദൈവപരിപാലനയുടെ വഴികളെപ്പറ്റി മനസ്സു തുറന്നപ്പോള്‍.
മെത്രാന്‍ശുശ്രൂഷ
ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്നതായിരുന്നല്ലോ മെത്രാഭിഷേകവേളയില്‍ ഞാന്‍ സ്വീകരിച്ച ആപ്തവാക്യം. ജീവന്റെ സമൃദ്ധിക്കായുള്ള എന്റെ എല്ലാ യത്‌നങ്ങളിലും ദൈവം പച്ചയായ പുല്ത്തകിടികള്‍ കാണിച്ചു തരുകയായിരുന്നു. ഒന്നിനും അവിടുന്നു കുറവുവരുത്തിയില്ല. ഒരുപാടു പ്രതിസന്ധികളും സങ്കടനിമിഷങ്ങളും ഉണ്ടായെങ്കിലും അപ്പോഴെല്ലാം ദൈവംതമ്പുരാന്‍ എന്നെ കൈപിടിച്ചു താങ്ങിനടത്തി. ഒന്നിനും “നോ” എന്ന വാക്ക് എന്റെ നാവില്‍ ഒരിക്കലുമുണ്ടായിട്ടില്ല. അധികാരികളോടുള്ള അനുസരണയിലും കര്‍ത്താവില്‍ ആശ്രയിച്ചും നീങ്ങുമ്പോള്‍ ഏതു കാര്യവും നമുക്കു സാധ്യമാണ്.
അല്മായ ശാക്തീകരണം
സീറോ മലബാര്‍ സഭയുടെയും സിബിസിഐയുടെയും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അല്മായ സഹോദരങ്ങളെ നേരില്‍ കണ്ടു സംസാരിച്ച് അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അല്മായര്‍ എല്ലാ അര്‍ത്ഥത്തിലും അതീവ സമ്പന്നമായ വിഭവശേഷിയുള്ളവരാണ്. സ്വന്തം താല്‍പര്യത്താല്‍ ഒട്ടനവധി സംരംഭങ്ങളില്‍ അവര്‍ മുഴുകുന്നുണ്ട്. അണക്കെട്ടുപോലെ അവരെ ഒന്നിപ്പിച്ചു നിര്‍ത്തിയാല്‍ സഭയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. സഭയോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള സംഘടിതമുന്നേറ്റത്തിന് ശക്തിപകരാനാണ് ഞാന്‍ ശ്രമിച്ചത്. പലപ്പോഴും Obey – pray – pay എന്ന റോളിലേക്ക് അവരെ ഒതുക്കി നിര്‍ത്താറുണ്ടെന്ന് എനിക്കു തോന്നുന്നു. അതിനാല്‍ അവരെ സഭയുടെ മുഖ്യധാരയിലേക്കുകൊണ്ടുവന്ന് അവരുടെ അറിവും കഴിവും ചാനലൈസ് ചെയ്ത് ക്രിയാത്മകസംരംഭകത്വത്തിന്റെയും ആത്മീയ-ഭൗതികവളര്‍ച്ചയുടെയും ഉപകരണങ്ങളാക്കാനാണ് എന്റെ എളിയ ജീവിതം ഞാന്‍ സമര്‍പ്പിച്ചത്.
സഭാചരിത്രം സമ്പന്നമാണ്. വര്‍ത്തമാനകാലം പ്രൗഢമാണ്. ഭാവി ഐശ്വര്യപൂര്‍ണവും. എന്നാല്‍, സഭയോടു ഉള്‍ചേര്‍ന്നു നിന്നുകൊണ്ടു മുന്നേറിയാലേ ഈ മാനവവിഭവശേഷിയെ ജ്വലിപ്പിക്കാനാവൂ എന്ന് ഞാനവരോടു പറയാറുണ്ട്. ‘ആരും ഇതേവരെ ഞങ്ങളോട് ഇതൊന്നും ചോദിച്ചിരുന്നില്ലെന്നും ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നില്ലെന്നുമായിരുന്നു പലരുടെയും മറുപടി. സഭയുടെ ആവശ്യങ്ങള്‍ വിവരിച്ചു കൊടുത്തപ്പോള്‍ ഒരു കുടക്കീഴില്‍ ഒന്നിച്ചുനിന്ന് ഒട്ടനവധി പദ്ധതികളില്‍ സഹകാരികളാകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തി. പ്രാര്‍ത്ഥനാചൈതന്യം നിറഞ്ഞ ഒട്ടേറെപ്പേര്‍ അല്മായ കൗണ്‍സിലിനു കീഴിലുള്ള വിവിധ ഫോറങ്ങളുടെ നേതൃത്വത്തിലേയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ കടന്നുവന്നതും ഇന്ന് ഓര്‍മ്മകളില്‍ നിറയുന്നു.
സാമൂഹ്യവികസനരംഗം
ജൈവകൃഷിയിലൂടെ മാത്രമേ സുസ്ഥിരവികസനവും സമഗ്രവളര്‍ച്ചയും സാധ്യമാകൂ. കൊച്ചച്ചനായിരുന്ന കാലത്ത് തിരുവനന്തപുരത്ത് അമ്പൂരിയില്‍ കാണിക്കാരുടെ കൂടെയും പിന്നീട് ഇടുക്കിയില്‍ ആദിവാസിസമൂഹങ്ങള്‍ക്കൊപ്പവും ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവരെയൊന്നും വലിയ രോഗങ്ങള്‍ പിടികൂടാറില്ല എന്ന വസ്തുത എനിക്കു ചില നവീനബോധ്യങ്ങള്‍ നല്കി. നമുക്കിന്നു രോഗങ്ങളുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം പ്രകൃതിയില്‍നിന്ന് അകന്നുപോകുന്നതാണ്. അതിനാല്‍ ഒരു പാരിസ്ഥിതിക ആദ്ധ്യാത്മികത (Eco Spirituality) സഭാമക്കള്‍ക്കിടയില്‍ ആഴപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
അതുപോലെ ആയൂര്‍വേദത്തിന്റെ അനന്തസാധ്യതകള്‍ നാം ഇതേവരെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല. നമ്മുടെ സസ്യലതാദികളും പ്രകൃതിസമ്പത്തുമൊക്കെ അനവധി സാധ്യതകള്‍ നിറഞ്ഞവയാണ്. അവയെ ക്രമാതീതമായ ചൂഷണത്തിനു വിധേയമാക്കാതെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണം. നമ്മുടെ വിവിധ രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും വികസനഏജന്‍സികളും പ്രകൃതിയോടു ബന്ധപ്പെട്ട സുസ്ഥിരവികസനത്തിനാണ് എക്കാലവും മുന്‍തൂക്കം കൊടുക്കേണ്ടത്.
കാര്‍ഷിക കാഴ്ചപ്പാടുകള്‍
കാര്‍ഷികമേഖലയെ വന്‍വ്യവസായമായി മാത്രം കണ്ട് വലിയ ഉത്പാദനവും ലാഭവും കണക്കുകൂട്ടുന്നതിനോടൊപ്പം പ്രകൃതികൃഷിയിലൂടെ ഓരോ വീടിനും ആവശ്യമുള്ള വിഭവങ്ങള്‍ നട്ടുവളര്‍ത്താനും അങ്ങനെ സ്വയംപര്യാപ്തതയിലെത്താനും സാധിക്കണം. അല്ലെങ്കില്‍ വലിയ ഭക്ഷ്യക്ഷാമം ഇനിയുള്ള നാളുകളില്‍ നേരിടേണ്ടിവരും.
പ്രകൃതിക്ക് ഒരു സംരക്ഷണസ്വഭാവമുണ്ട്. Check and Control Measure എന്നു പറയാം. ഒരുതരം ബാലന്‍സ്. മണ്ണിന്റെ ഘടനയെ മാറ്റിമറിക്കാതെ വേണം കൃഷി നടത്താന്‍. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതപ്രയോഗം മണ്ണിന്റെ സ്വാഭാവികഘടനയെ തകര്‍ക്കും. സീറോ ബഡ്ജറ്റിംഗ് ഏറെ ശ്രദ്ധേയമാണെങ്കിലും കര്‍ഷകര്‍ക്കിടയില്‍ അതിനു പ്രചാരം ലഭിച്ചിട്ടില്ല. കീടനാശിനിപ്രയോഗത്തിലൂടെ മണ്ണിന്റെ സ്വാഭാവികഗുണത്തെ തകര്‍ക്കാതെ പ്രകൃതിയിലേക്കു മടങ്ങുകയാണ് കരണീയം. കൂടാതെ കാര്‍ഷികവൃത്തിയുടെ നന്മയും ഗുണങ്ങളും പുതുതലമുറക്കു മനസിലാക്കിക്കൊടുക്കാനും നമുക്ക് കഴിയണം.
സര്‍ക്കാര്‍ രാഷ്ട്രീയ ബന്ധങ്ങള്‍
സഭയുടെ ആവശ്യങ്ങള്‍ ശാന്തമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളോടും രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള ചര്‍ച്ചകളിലുടനീളം ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിച്ചാലും എല്ലാവരോടും ബഹുമാനിച്ചും സഹകരിച്ചും നീങ്ങുക എന്നതാണ് പ്രധാനം. എന്നാല്‍ സഭയുടെ മൂല്യങ്ങളിലും അവകാശങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈശ്വരാവബോധം തല്ലിക്കെടുത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യും. സഭാതാല്‍പ്പര്യങ്ങളും ദൈവജനത്തിന്റെ ന്യായമായ ആവശ്യങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണം. പ്രകോപനമുണര്‍ത്താതെ സംവേദനം സാധ്യമാക്കുന്ന സമവായത്തിനാണ് നാം എപ്പോഴും ശ്രമിക്കേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുമ്പോലെ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തത്വമാണ് ഇവിടെയും പ്രസക്തമാകുന്നതെന്ന് എനിക്കു തോന്നുന്നു. എതിര്‍ത്തു തോല്പിക്കുകയല്ല, സ്‌നേഹിച്ചു കീഴടക്കുകയെന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി. നമുക്ക് ദൈവം തന്നിരിക്കുന്ന ചുരുങ്ങിയ ജീവിതത്തില്‍ സ്‌നേഹം പങ്കുവെച്ച് സന്തോഷം കണ്ടെത്താനാകണം.
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസമേഖലയില്‍ സഭയുടെ സമഗ്രസംഭാവനകള്‍ വാക്കുകളിലൊതുങ്ങന്നതല്ല. നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് ബലമേകിയത് വിദ്യാഭ്യാസവളര്‍ച്ചയാണ്. ഈ മേഖലയില്‍ ഇനിയുള്ള നാളുകളിലും സഭ കുറേക്കൂടി വിപുലമായി ആഗോള കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കണമെന്നു തോന്നുന്നു. പഠനത്തിനും ജോലിക്കുമായി പുതുതലമുറ വിദേശത്തേയ്‌ക്കൊഴുകുമ്പോള്‍ ഈ മേഖലയില്‍ നമ്മള്‍ നാട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഗൗരവമായിട്ടെടുക്കുന്നില്ല. നമ്മുടെ നാടിന്റെ വികസനത്തിന് ഊന്നലുകളേകുന്ന വിദ്യാഭ്യാസ പദ്ധതികളാണ് അടിയന്തിരമായി വേണ്ടത്. വിദ്യാഭ്യാസമേഖലയിലെ ദേശീയ അന്തര്‍ദ്ദേശീയ മാറ്റങ്ങളും കാഴ്ചപ്പാടുകളും മനോഭാവങ്ങളും പഠിച്ച് മാറ്റങ്ങള്‍ക്ക് തയ്യാറാകണം.
എന്തുകൊണ്ട് കേരളസഭയ്ക്ക് ഒരു യൂണിവേഴ്‌സിറ്റിതന്നെ തുടങ്ങിക്കൂടാ? നമുക്ക് അടഞ്ഞ വാതിലുകളേക്കാള്‍ തുറന്നിട്ട വാതായനങ്ങളാണ് വേണ്ടത്. കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രാമുഖ്യം നല്‍കേണ്ടത് മാനവവിഭവശേഷി വികസനത്തിലാണ്. ഇതിന് ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളും കോളജുകളും വേണം. എല്ലാവിധസൗകര്യവുമുള്ള ഒന്നാംകിട കലാലയങ്ങളോടൊപ്പം പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലും സൃഷ്ടിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. മാറിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസരംഗം കേരളമെന്ന കൊച്ചുലോകത്തില്‍ ഒതുക്കരുത്. ആഗോള കാഴ്ചപ്പാടും മത്സരക്ഷമതയും തൊഴില്‍ സാധ്യതകളും ഇനിയെങ്കിലും ഉണ്ടാകുന്നില്ലെങ്കില്‍ പുതുതലമുറ ഇനിയും നാടുവിട്ട് ഒഴുകിപ്പോകും.
കുടിയേറ്റരംഗത്തെ പ്രതിസന്ധികള്‍
ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തി. ഭൂപ്രശ്‌നങ്ങളും വന്യജീവി അക്രമങ്ങളും ഇന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്ക്കുമ്പോള്‍ ജനകീയ സമരങ്ങളിലൂടെ ഈ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ നമുക്കു ഇനിയും കഴിയണം. സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം കര്‍ഷകസംരംഭങ്ങളും ഈ മേഖലയിലുണ്ടാകണം. രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഇക്കാലത്ത്, ആഗോളവിപണിയുമായി മത്സരിക്കുവാന്‍ നമ്മുടെ കര്‍ഷകരെ സജ്ജരാക്കാതെയും കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാതെയും വരും നാളുകളില്‍ കാര്‍ഷികമേഖലയില്‍ നമുക്കു പിടിച്ചുനില്‍ക്കാനാവില്ല. മാറിയ സാഹചര്യത്തില്‍ പഠനത്തിനും ജോലിതേടിയുമുള്ള കുടിയേറ്റത്തോടൊപ്പം കാര്‍ഷിക കുടിയേറ്റത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതാണ്. കൃഷിചെയ്യാന്‍ കേരളത്തിലിനി ഇടമില്ലാത്ത അവസ്ഥയുണ്ടാകും. കൃഷി നമുക്ക് ഉപേക്ഷിക്കാനുമാവില്ല. അതിനാല്‍ ആഫ്രിക്ക, എത്യോപ്യ, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം നാം കുടിയേറ്റസാധ്യതകള്‍ തേടണം.
കുടുംബാധിഷ്ഠിത വിശ്വാസം
ഇന്ന് സഭ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ആഴപ്പെട്ട വിശ്വാസത്തിലുള്ള പ്രതിസന്ധിയാണെന്നു തോന്നുന്നു. അതിനാല്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ച് കൗദാശികജീവിതം ആഴപ്പെടുത്താനുള്ള വചനാധിഷ്ഠിതപദ്ധതികള്‍ക്കു വളരെ പ്രസക്തിയുണ്ട്. നമുക്കറിയാം ഗാര്‍ഹികസഭയുടെ ഭദ്രത തകര്‍ക്കാനാണ് സഭാവിരുദ്ധരും നിരീശ്വരപ്രസ്ഥാനങ്ങളും എക്കാലവും ശ്രമിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ഗ്ഗീയ വിഷംചീറ്റല്‍ ഇന്ന് സമൂഹത്തില്‍ കൂടുതല്‍ ഭിന്നതകള്‍ സൃഷ്ടിക്കന്നു.
സഭാസംവിധാനങ്ങളിലേയ്ക്ക് നുഴഞ്ഞു കയറിയുള്ള ഭീകവാദപ്രസ്ഥാനങ്ങളുടെ ആസൂത്രിതശ്രമങ്ങളെ നാം നിസാരവല്‍ക്കരിക്കരുത്. അതിനാല്‍ കുടുംബബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന വിശ്വാസാധിഷ്ഠിത പദ്ധതികള്‍ക്ക് സഭ ഊന്നലുകളേകണം. ജീവന്റെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലുകള്‍ പ്രോജ്വലിപ്പിക്കണം. പണ്ടുകാലത്ത് എട്ടും പത്തും മക്കളുള്ള മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ, പട്ടിണികിടന്നും ഉടുതുണി വരിഞ്ഞുമുറുക്കിയുടുത്തും വളര്‍ത്തുകയും വിശ്വാസത്തില്‍ പോഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ക്രൈസ്തവര്‍ക്ക് മക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നു മാത്രമല്ല, മക്കളെ വിശ്വാസബോധ്യങ്ങളില്‍ വളര്‍ത്താന്‍ സാധിക്കാതെയും വന്നിരിക്കുന്നു. അതിനാല്‍, വിശ്വാസവളര്‍ച്ചയ്ക്കു സഹായിക്കുന്ന പദ്ധതികള്‍ക്കാണ് എന്നും ഞാന്‍ ഊന്നല്‍ കൊടുത്തത്.
ഒരേ സമയം ഒട്ടനവധി പദ്ധതികള്‍
ദൈവം ഓരോ ദൗത്യം മനസില്‍ തോന്നിപ്പിക്കുമ്പോള്‍ എന്നെ നയിക്കുന്ന ചിന്ത അവിടുന്നു തന്നെ അതിനുള്ള വഴിയും കാണിച്ചു തരുമെന്നാണ്. ‘ദേ, അവിടൊരു മതിലുണ്ടല്ലോ. എന്തു ചെയ്യും’ എന്ന് ഇവിടെ നിന്നുകൊണ്ടു ചിന്തിച്ചു വിഷമിക്കുന്ന പ്രവര്‍ത്തനശൈലിയായിരുന്നില്ല എന്റേത്. ദൈവം പ്രചോദിപ്പിക്കുന്നവര്‍ക്ക് അവിടുന്നുതന്നെ വാതിലുകള്‍ തുറന്നുതരും. മുന്നോട്ടു നീങ്ങാന്‍ കൃപയേകും. ദൈവപരിപാലനയില്‍ ആശ്രയിച്ചു നീങ്ങുക എന്ന ശൈലിയാണ് ഞാന്‍ എന്നും പുലര്‍ത്തിപ്പോന്നത്. പുതിയ ആശയങ്ങളുമായി വരുന്ന അച്ചന്മാരെയും അത്മായസഹോദരങ്ങളെയും ഞാനെന്നും പ്രോത്സാഹിപ്പിച്ചിരുന്നതും അതുകൊണ്ടാണ്.
പിതാവിന്റെ പ്രാര്‍ത്ഥന
ദൈവാശ്രയബോധത്തോടെ അവിടുത്തെ അനന്തപരിപാലനയുടെ കരംപിടിച്ചു നീങ്ങാനുള്ള അനുഗ്രഹത്തിനാണ് എന്റെ പ്രാര്‍ഥന. ദൈവത്തിനു പ്രീതികരമായ പ്രാദേശികസഭാസമൂഹത്തെ ആത്മീയതയില്‍ കെട്ടിപ്പടുക്കാനും മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനത്തിനു നേതൃത്വമേകാനും എന്നെ ഒരു ഉപകരണമാക്കിയതില്‍ എന്നും നന്ദി പറയുന്നു. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനമേകിയ ദൈവജനത്തോടും വൈദികരോടും സിസ്റ്റേഴ്‌സിനോടും അല്മായരോടും എനിക്കേറെ നന്ദിയുണ്ട്. മദര്‍തെരേസ പ്രാര്‍ത്ഥിച്ചതുപോലെ ദൈവകരങ്ങളിലെ പെന്‍സിലുപോലെ എന്നെയും മരണംവരെ എളിയൊരു ഉപകരണമാക്കണമേയെന്നാണ് ഈ എണ്‍പതിലും നല്ലവനായ കര്‍ത്താവിനോട് ഞാന്‍ അപേക്ഷിക്കുന്നത്.
അംഗീകാരങ്ങളേറെ
തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ വിവിധ സംസ്ഥാനദേശീയ അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിക്കുവാന്‍ പിതാവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ (2006) മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം സര്‍ട്ടിഫിക്കറ്റ് (2007) കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്റ് (95-98) കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ അംഗം (85-90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ (1995-), ജീവന്‍ ടി.വി ചെയര്‍മാന്‍ (2002-2007) രാഷ്ട്ര ദീപിക ചെയര്‍മാന്‍ (2003-2007), സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവ ഇവയില്‍ ചിലതു മാത്രം. അതിലുപരി, ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിനുള്ളില്‍ ഇന്നും പിതാവിനുള്ള സ്ഥാനം വളരെ വലുതാണ്.
ജീവിത സായാഹ്നം
ഓരോ സൃഷ്ടിയുടെയും പിറകിലുള്ള പദ്ധതിയെക്കുറിച്ച് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുണ്ട്. നന്മ ചെയ്യുക, നന്മയ്ക്ക് കാരണഭൂതനാകുക എന്നൊക്കെയാവും അറയ്ക്കല്‍ പിതാവിലൂടെ നടപ്പിലാക്കിയ ദൈവത്തിന്റെ പദ്ധതികള്‍. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുവെങ്കിലും പ്രതിഫലം നല്കുന്നത് കര്‍ത്താവാണല്ലോ.
മെത്രാന്‍ ശുശ്രൂഷയിലെ വിരമിക്കലിനുശേഷവും പിതാവ് കര്‍മ്മനിരതനാണ്. കൂടുതലും ആത്മീയ മേഖലകളിലാണെന്നുമാത്രം. കാഞ്ഞിരപ്പള്ളി ബിഷപ്‌സ് ഹൗസില്‍ രൂപതാധ്യക്ഷനായ ജോസ് പുളിക്കല്‍ പിതാവിന്റെ സ്‌നേഹവും പരിചരണവും സാമീപ്യവും ഏറ്റുവാങ്ങി എണ്‍പതിലും ഊര്‍ജ്ജസ്വലനായി അറയ്ക്കല്‍ പിതാവ് മുന്നോട്ടുനീങ്ങുന്നു. വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിങ്ങനെ സഭാതലം, രാഷ്ട്രീയം, സാമൂഹ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സന്ദര്‍ശനങ്ങളും സാന്നിധ്യവും നല്‍കുന്ന കൂടിക്കാഴ്ചയില്‍ അറയ്ക്കല്‍ പിതാവ് കൂടുതല്‍ ഊര്‍ജ്ജസ്വലനാകുന്നു.
Chevalier Adv V C Sebastian*
Secretary, Council for Laity
Catholic Bishops’ Conference of India (CBCI)
New Delhi
Mbl : +91 9447355512