വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അതിന്റെ ഭാഗമായി ഡിസംബര്‍ 16ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദീര്‍ഘകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ ലഭിച്ച കൊണ്ടിരുന്ന കരാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ അടിക്കടിയുള്ള വിലവര്‍ധനവിന് കാരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 16 പൈസയാണ് കൂട്ടിയത്. ഈ വര്‍ഷം 16 പൈസ കൂട്ടിയതിനൊപ്പം മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഉടന്‍ തന്നെ 12 പൈസ കൂടി കൂട്ടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഇത് നൂറു രൂപയില്‍ കൂടുതലാകും.
യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കി ശേഷം ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.ബോര്‍ഡിന് ലാഭകരമായ കരാര്‍ റദ്ദാക്കി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കരാറിലേര്‍പ്പെട്ട പിണറായി സര്‍ക്കാരിന്റെ നടപടിക്ക് പിന്നില്‍ വലിയ അഴിമതിയുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ പ്രകാരം യൂണിറ്റിന് 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെ മാത്രമായിരുന്നു നിരക്ക്.എന്നാല്‍ അത് റദ്ദാക്കിയ പുതിയ കരാറില്‍ പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ യൂണിറ്റിന് 10 രൂപ മുതല്‍ 14 രൂപവരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. നേരത്തെ കരാര്‍ പ്രകാരം കമ്പനികള്‍ 2040 വരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കണമായിരുന്നു.ആ കരാര്‍ മാറ്റി ഇതേ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യതി വാങ്ങുമ്പോള്‍ 2000 കോടിയോളം രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്തി പണമുണ്ടാക്കുമ്പോള്‍ ഉണ്ടാക്കുന്ന ബാധ്യത നികത്താന്‍ ജനങ്ങളുടെ മേല്‍ നിരക്ക് വര്ധനയേര്പ്പെടുത്തി പിഴിയുകയാണ്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് സൃഷ്ടിച്ച ഈ വൈദ്യുതി നിരക്ക് വര്‍ധനവ് ജനത്തിന് ബാധ്യതയാണ്. പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കൊള്ളയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും എം.ലിജു പറഞ്ഞു.