ഉദയംപേരൂരിൽ 175 കുടുംബങ്ങൾക്ക് കൂടി ലൈഫ് വീട് കൈമാറി

Spread the love

ലൈഫ് ഭവന പദ്ധതി പട്ടികയിലുള്ള മുഴുവൻ പേർക്കും വീട് നൽകും: മന്ത്രി എം ബി രാജേഷ്
ലൈഫ് ഭവന പദ്ധതി പട്ടികയിലെ മുഴുവൻ പേർക്കും വീട് നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാം വാർഡിലെ സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

13 ലക്ഷം പേരാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പട്ടികയിലുളളത്. 5,31000 പേർ വീടു പണിക്ക് കരാറിലേർപ്പെട്ടു. 4,21,795 പേർ വീട് പണി പൂർത്തിയാക്കി. ഇത്രയും പേർക്ക് അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നൽകാൻ കഴിഞ്ഞു. 1,0,9000 വീടുകൾ നിർമ്മാണ പുരോഗതിയിലാണ്. പട്ടികയിൽ അവശേഷിക്കുന്ന മുഴുവനാളുകൾക്കും വീട് നൽകണമെന്നാണ് സർക്കാർ ലക്ഷ്യം. 8 ലക്ഷം പേർക്ക് കൂടി വീട് ലഭിക്കാനുണ്ടെന്ന് കെ. ബാബു എംഎൽ എ ചടങ്ങിൽ ചൂണ്ടിക്കാട്ടിയ കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.
ഭവന നിർമ്മാണത്തിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക നൽകുന്നത് കേരളമാണ്. നാലുലക്ഷം രൂപയാണ് കേരളം നൽകുന്നത്. കേരളം കഴിഞ്ഞാൽ ഉയർന്ന തുക ആന്ധ്രപ്രദേശ് നൽകുന്ന ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ്. ഇതര സംസ്ഥാനങ്ങളിൽ പിഎംഎവൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളേക്കാൾ മികച്ച നിലവാരമുള്ളതാണ് കേരളത്തിലെ വീടുകൾ. ഈ വ്യത്യാസമുള്ളതുകൊണ്ടാണ് ഇവിടെ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത്.
ലൈഫ് പദ്ധതിയിൽ 18,080 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതിൽ 2080 കോടി രൂപയാണ് കേന്ദ്ര വിഹിതം. 16000 കോടി രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വഹിക്കുന്നു. സംസ്ഥാന ബജറ്റ്, തദ്ദേശസ്ഥാപന വിഹിതം, ഹഡ്കോ വായ്പ എന്നിവയിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ലൈഫ് വീടുകളെ ബ്രാൻഡ് ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻറെ ശ്രമം കേരളം എതിർത്തു. ഓരോ വീട്ടിലും അന്തസായി ജീവിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *