മോദി ഭരണത്തില്‍ രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റ് ഭീമനായ അദാനി അമ്മാനമാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി, വഞ്ചന എന്നിവയില്‍ അന്വേഷണം നടത്താനും മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
അദാനിയെ താണുവണങ്ങി നില്ക്കുന്ന ഭരണകൂടമാണ് മോദിയുടെത്. ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേടുകളിലും അഴിമതിയിലും ഒരന്വേഷണവും നടത്തുന്നില്ല. അതിന് പകരം അദാനിക്ക് എല്ലാ സംരക്ഷണവും നല്‍കുകയാണ്. പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനേക്കാള്‍ മോദിക്കും ബിജെപിക്കും താല്‍പ്പര്യം അദാനിയുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതുന്നതിനാണ്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കോഴ നല്‍കിയാണ് ഓരോ കരാറും അദാനി സ്വന്തമാക്കുന്നത്. ഇതിനെതിരേ അമേരിക്കന്‍ നീതിന്യായ വകുപ്പ് അദാനിക്കും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്തു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ അദാനിക്കെതിരെ അനക്കാത്തത് അതിലൊരു പങ്ക് കൈപ്പറ്റുന്നതിനാലാണ്.
വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച് അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് വന്‍നിക്ഷേപം നടത്തിയെന്നും അതുവഴി അവരുടെ കമ്പനികളിലെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നുമാണ് പ്രധാന ആരോപണം. അദാനി കമ്പനികളിലെ ഓഹരികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുതിച്ചുകയറിയത് ഇത്തരം തട്ടിപ്പുകളിലൂടെയാണ്. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നതിന് ശേഷമാണ് അദാനിയുടെ സമ്പത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്ക് മോദി ഭരണകൂടം വിട്ടുനല്‍കി. രാജ്യത്തിന്റെ പൊതുസമ്പത്ത് അദാനി സ്വന്തം തറവാട്ട് സ്വത്ത് പോലെയാണ് വിനിയോഗിക്കുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ ചവിട്ടിമെതിച്ചാണ് മോദി-അദാനി കൂട്ടുകെട്ട് മുന്നേറുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന ശക്തമായ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് രാജ്ഭവന് മാര്‍ച്ചെന്നും സുധാകരന് പറഞ്ഞു.
മണിപ്പൂര്‍ കഴിഞ്ഞ 18 മാസമായി കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി ഇതുവരെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ലോകം മുഴുവന്‍ കറങ്ങുന്ന പ്രധാനമന്ത്രിയാണ് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തത്. അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. 2004ല്‍ അക്രമം ഉണ്ടായപ്പോള്‍ അന്നു പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് മണിപ്പൂരില്‍ നേരിട്ടു ചെന്ന് പ്രശ്നം പരിഹരിച്ച ചരിത്രമുണ്ടെന്ന് സുധാകരന് പറഞ്ഞു.
രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ മോദി ഭരണകൂടം അദാനിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. മോദിയുടെ ഭരണത്തില്‍ അദാനിയുടെ സമ്പത്തില്‍ കോടാനുകോടിയുടെ വര്‍ധവുണ്ടായി. നൂറു രൂപയുടെ പോലും വിലയില്ലാത്ത അദാനിയുടെ കമ്പനികളുടെ ഓഹരികളാണ് വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച് പെരുപ്പിച്ച് നിക്ഷേപ വെട്ടിപ്പ് നടത്തിയത്. അദാനി കമ്പനികള്‍ വന്‍തോതില്‍ കൈക്കൂലി നല്കി ഇടപാടുകള്‍ നടത്തിയതിന് അമേരിക്കാന്‍ നീതിന്യായ വകുപ്പ് നടപടിയെടുത്തു. എന്നാല്‍ മോദി ഭരണകൂടം ഒരു കേസും എടുത്തില്ല. അന്വേഷണത്തിന് സെബിയെ ചുമതലപ്പെടുത്തിയെങ്കിലും സെബിയുടെ ചെയര്‍പേഴസ്ണ്‍ മാധബി പുരിക്കും ഭര്‍ത്താവിനും അദാനിയുടെ കമ്പനിയില്‍ കോടികളുടെ ഓഹരി നിക്ഷേപമാണുള്ളത്.അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് അദാനിക്കെതിരെ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുകയെന്നു സതീശന് ചോദിച്ചു.
മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന് സഹായം നല്‍കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ ആയുധപ്പുരയില്‍ നിന്നാണ് അക്രമികള്‍ക്ക് തോക്കു നല്‍കുന്നത്. ക്രിസ്തുമസിന് ക്രിസ്ത്യാനികളുടെ വീടുകളില്‍ കേക്കും വൈനുമായി വരുന്ന ബിജെപി നേതാക്കളോട് മണിപ്പൂരില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ചോദിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അധ്യക്ഷത വഹിച്ചു.എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്, കെ.മുരളീധരന്,ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവര്‍ പ്രസംഗിച്ചു.
കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്, വി.ടി.ബല്‍റാം, എന്‍.ശക്തന്,വിജെ പൗലോസ്,ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്, ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,അബ്ദുള്‍ മുത്തലിബ്, ആര്യാടന് ഷൗക്കത്ത്, ആലിപ്പറ്റ ജമീല,എംഎം നസീര്‍, കെ.പി.ശ്രീകുമാര്‍,ജോസി സബാസ്റ്റിയന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍,ഷാനിമോള്‍ ഉസ്മാന്,ജോണ്സണ് എബ്രഹാം,ചെറിയാന് ഫിലിപ്പ്, ഡിസിസി പ്രസിഡന്റുമാരായ എന്‍ഡി അപ്പച്ചന്,പി.രാജന്ദ്ര പ്രസാദ്,ബാബു പ്രസാദ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,ചാണ്ടി ഉമ്മന്‍, മുന്‍മന്ത്രി പന്തളം സുധാകരന്,ജി.വി ഹരി, കെ.മോഹന്‍കുമാര്‍,ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് വലിയ ജനപങ്കാളിത്തതോടെയാണ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നത്.