തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അണ്‍സ്റ്റോപ്പും സംയുക്തമായി ടെക്‌പ്രേമികള്‍ക്കായി ‘ഐ.സി.ടി.എ.കെ. ടെകാത്‌ലോണ്‍ 2024’ മത്സരം സംഘടിപ്പിക്കുന്നു. നൂതന ആശയങ്ങൾ, സര്‍ഗ്ഗാത്മകത, സഹകരണം എന്നിവ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത മത്സരം, ടെക്‌നോളജിയില്‍ പ്രതിഭ തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച വേദിയാണ്. നൂതന ആശയ സമര്‍പ്പണം, പ്രശ്‌നപരിഹാരം, കോഡ് ഗോള്ഫ്, ടെക് ക്വിസ് എന്നീ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് 2025 ജനുവരി 08 വരെ tinyurl.com/techathlon-24 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഐ.സി.ടി. അക്കാദമിയുടെ ‘ഇക്സെറ്റ് 2024’-ല്‍ പങ്കെടുത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് 599 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒരു മാസം നീണ്ടു നിൽക്കുന്ന ആദ്യപാദ മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി രണ്ടാം വാരം കൊച്ചിയിൽ ഗ്രാൻഡ് ഫിനാലെയോടെ ടെകാത്‌ലോണ്‍ സമാപിക്കും.
ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. 50,000 രൂപയാണ് ഒന്നാം സമ്മാനം. റണ്ണര്‍-അപ്പ്, സെക്കണ്ട് റണ്ണര്‍-അപ്പ്, മികച്ച പ്രൊജക്ടിനും എന്നിവര്‍ക്കും ക്യാഷ് പ്രൈസ് ലഭിക്കും. പുതുതലമുറയിലെ ടെക് ലീഡര്‍മാരെ ശാക്തീകരിക്കുന്നതിനായി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വിഭാവനം ചെയ്ത വേദിയാണ് ടെകാത്‌ലോണെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. മുരളീധരന്‍ മന്നിങ്കല്‍ അഭിപ്രായപ്പെട്ടു. നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആഘോഷമാണ് ടെകാത്‌ലോണ്‍. ലോകം നേരിടുന്ന പ്രശനങ്ങള്‍ക്ക് നൂതന പരിഹാരം വിഭാവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡവലപ്പര്‍മാര്‍ക്കും ആശയങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമെന്ന നിലയില്‍ ടെകാത്‌ലോണ്‍ ഏറെ ശ്രദ്ധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.
PGS Sooraj