അമിത് ഷായുടെ രാജി; രാജ്യത്തെ ജില്ലാകളക്ടറേറ്റുകളിലേക്ക് ബാബാ സാഹെബ് അംബേദ്കര്‍ സമ്മാന്‍ പ്രതിഷേധമാര്‍ച്ച് ഡിസംബര്‍ 24ന് : കെ.സി വേണുഗോപാൽ എംപി

Spread the love

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനം.

അമിത് ഷാ രാജിവെയ്ക്കണമെന്ന രാഷ്ട്രപതിക്കുള്ള നിവേദനം കളക്ടര്‍ക്ക് കൈമാറും.

ബി.ആര്‍.അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 24-ന് രാജ്യത്തെ ജില്ലാ കളക്ടറേറ്റുകളിലേക്ക് ബാബാസാഹെബ് അംബേദ്കര്‍ സമ്മാന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

അംബേദ്കര്‍ക്കെതിരെ അമിത് ഷാ നടത്തിയ ഹീനമായ വാക്കുകള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചു. എന്നാലതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അമിത് ഷായോ പ്രധാനമന്ത്രിയോ ബിജെപിയോ തയ്യാറായില്ല. പകരം പ്രകോപനപരമായി ന്യായീകരിക്കുകയും അംബേദ്ക്കറുടെ ചിത്രം മാറ്റി സോറോസിന്റെ ചിത്രം പതിപ്പിച്ച് വീണ്ടും അംബേദ്ക്കറെ ബിജെപി അപമാനിക്കുകയും ചെയ്തു. അതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ബിജെപി ഭരണകൂടം കേസെടുത്തു. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

‘ഭരണഘടനയില്‍ ഭാരതീയമായി ഒന്നുമില്ല’ എന്ന് പറഞ്ഞ് ഭരണഘടനയെ അവഹേളിച്ച ആര്‍എസ്എസിന്റെയും ബിജെപിയുടെയും മനസ്സിലിരിപ്പ് അമിത് ഷായിലൂടെ പുറത്തുചാടി. ഇതൊരു കോണ്‍ഗ്രസ് എംപിയാണ് പറഞ്ഞിരുന്നതെങ്കില്‍ അയാള്‍ക്ക് സ്ഥാനത്ത് തുടരാനാകുമായിരുന്നോ? കോര്‍പ്പറേറ്റ് സ്പോണ്‍സേര്‍ഡ് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജനങ്ങളിലേക്ക് ഈ വിഷയം നേരിട്ട് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും.

26, 27 തീയതികളില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയതിന്റെ നൂറാം വാര്‍ഷികം ബല്‍ഗാവിയില്‍ ആഘോഷിക്കുകയാണ്. 26-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും 27-ന് ജയ് ഭീം ജയ് സംവിധാന്‍ എന്ന പേരില്‍ ബിജെപിയുടെ ഭരണഘടനാ വിരുദ്ധ നടപടികളെ തുറന്നുകാട്ടി റാലിയും നടത്തും. സംസ്ഥാനതലത്തില്‍ റാലികളും, ഗ്രാമങ്ങളില്‍ സമ്മേളനങ്ങളും ഉള്‍പ്പെടെ ഒരുമാസത്തെ പ്രചരണ പരിപാടികളും സംഘടിപ്പിക്കും. ബൃഹത്തായ പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *