തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ സംവിധാനമായി മാറി : എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

Spread the love

തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഇലക്ഷന്‍ കമ്മീഷനെ ബിജെപി പക്ഷപാതപരമായ സംവിധാനമാക്കി മാറ്റി. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷനേതാവ് എന്നിവര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് മുഖ്യകമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ ബിജെപി മാറ്റം വരുത്തി. ചീഫ് ജസ്റ്റീസിന് പകരം കേന്ദ്രമന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തി. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തെ നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയത് എന്തിനാണ്?

ഹരിയാനയില്‍ അന്തിമ വോട്ടര്‍ ലിസ്റ്റ് കൈമാറാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായില്ല. ഹൈക്കോടതിയില്‍ നിന്ന് കോണ്‍ഗ്രസിന് അനുകൂല ഉത്തരവ് ലഭിച്ചപ്പോള്‍, ഇലക്ഷന്‍ കമ്മീഷന്‍ ചട്ടം മാറ്റി. മഹാരാഷ്ട്രയിലും അന്തിമ വോട്ടര്‍ ലിസ്റ്റ് കൈമാറാന്‍ തയ്യാറായില്ല. വോട്ടര്‍ പട്ടിക രഹസ്യ സ്വഭാവമുള്ള രേഖയാണോ? തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ നിയമനടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വിജയ രാഘവന്‍ വര്‍ഗ്ഗീയ രാഘവനായി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം പിബിയുടെ നയമാണോയെന്ന വ്യക്തമാക്കേണ്ടത് പ്രകാശ് കാരാട്ടാണ്. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഗുരുതരമാണ്. എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്തായ തിരുനെല്ലിയില്‍ പോലും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വന്‍ ലീഡ് നേടി. അതും വര്‍ഗീയ വോട്ടാണോ? സ്വന്തം കാലിന് ചുവട്ടിലെ മണ്ണാണ് ഒലിച്ച് പോകുന്നതെന്ന് സിപിഎം മനസ്സിലാക്കുന്നില്ല.

ബിജെപിയെ സന്തോഷിപ്പിക്കുകയാണ് കേരളത്തില്‍ സിപിഎം. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാനുള്ള ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തത്. അത് സിപിഎം അണികള്‍ ഏറ്റെടുക്കില്ല. കാരണം അവര്‍ വയനാട്ടില്‍ വോട്ടുചെയ്തത് രാഹുലിനും പ്രിയങ്കയ്ക്കുമാണ്.കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന് പറഞ്ഞാല്‍, വോട്ട് ചെയ്ത ജനങ്ങള്‍ അത് അംഗീകരിക്കില്ല. വിജയരാഘവന്‍ വര്‍ഗ്ഗീയ രാഘവനായി മാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണ്. കേരള മുഖ്യമന്ത്രിക്ക് മാത്രം മൗനം. അമിത് ഷാക്കെതിരെ പറയാന്‍ പിണറായിക്ക് പേടിയായിരിക്കും. ഭരണഘടനാ ശില്‍പ്പിയെ അപമാനിച്ചാല്‍ ആദ്യം അതിനെതിരേ മുന്നോട്ട് വരേണ്ടത് പ്രബുദ്ധ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ പി.ബി. അംഗങ്ങളും തയ്യാറായില്ല. പകരം അംബേദ്കറെ അപമാനിച്ച ബിജെപിക്കെതിരെ പ്രതിഷേധിക്കുന്ന രാഹുല്‍ ഗാന്ധിയെ ക്രൂശിക്കുകയാണ് സിപിഎം. ഇത് പി.ബി അംഗീകരിക്കുന്നുണ്ടോ?

സാമുദായിക നേതാക്കന്മാര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ല. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ഒരു മതാദ്ധ്യക്ഷനെയും അപമാനിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കുറിച്ചുള്ള സിപിഎമ്മിന്റെ അജണ്ടയാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസുകാര്‍ വീഴില്ല. കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിനെയും നിഷേധിക്കില്ല. എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്. സംഘടനാപരമായ തീരുമാനങ്ങളില്‍ അവസാനവാക്ക് പാര്‍ട്ടി നേതൃത്വമാണെടുക്കുന്നത്. വെള്ളാപ്പള്ളി നടേശനുള്ള മറുപടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ മറുപടി പറയാന്‍ താനുദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന പുനഃസംഘടനയുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

വാര്‍ത്തനല്‍കിയതിന്റെ പേരില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന മോദീ ഭരണകൂടത്തിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഒടുവിലേത്തേതാണ് മാധ്യമം ലേഖകനെതിരായ പോലീസ് നടപടി. മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശൈലിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. സംസ്ഥാനങ്ങളിലെ സമവാക്യങ്ങളില്‍ മാറ്റങ്ങളുണ്ട്; എന്നാലത് ദേശീയ ഐക്യത്തെ ബാധിക്കുന്നതല്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഇന്ത്യാ മുന്നണി ഒന്നിച്ചു നില്‍ക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *