പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയെന്ന ഒറ്റ അസൈന്‍മെന്റുമായി : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായി; വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിനെ സന്തോഷിപ്പിക്കാന്‍; സി.പി.എം നാവിലൂടെ പുറത്തുവരുന്നത് സംഘ്പരിവാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വര്‍ഗീയത; വയനാട് പുനരധിവാസത്തിന് അടിയന്തിര നടപടി സ്വീകരിക്കണം; പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയെന്ന ഒറ്റ അസൈന്‍മെന്റുമായി; വര്‍ഗീയതയ്‌ക്കെതിരെ എന്‍.എസ്.എസ് എടുത്ത ധീരമായ നിലപാടിനെ കുറിച്ച് ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്; വാര്‍ത്ത നല്‍കിയതിന് കേസെടുക്കാന്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്ന് പിണറായി ഓര്‍ക്കണം.


എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന് തുടക്കത്തിലെ പ്രതിപക്ഷം പറഞ്ഞതാണ്. പൊതുസമ്മര്‍ദ്ദവും രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായതിന്റെ പേരില്‍ മാത്രം നടത്തിയ പ്രഹസനമായിരുന്നു അന്വേഷണം. പത്താം ക്ലാസ് എ ഡിവിഷനില്‍ നിന്നും സി ഡിവിഷനിലേക്ക് മാറ്റിയതല്ലാതെ ഒരു സസ്‌പെന്‍ഷന്‍ പോലും നല്‍കിയില്ല. തൊട്ടുപിന്നാലെ ഡി.ജി.പിയായി പ്രമേഷന്‍ നല്‍കി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. കീഴുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ച് അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതാണ്. പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. അതുകൊണ്ടു തന്നെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു വേണ്ടി ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുകൊണ്ടാണ് എല്ലാ സമ്മര്‍ദ്ദങ്ങളും മറികടന്ന് മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ലെന്ന ധാര്‍ഷ്ട്യമാണ് കാട്ടുമ്പോള്‍ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരില്ലായ്മയാണ് പ്രകടമാകുന്നത്. നാലര മാസമായിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും കണ്ടെത്താനായിട്ടില്ല. ദുരന്തബാധിതരുടെ അബദ്ധപട്ടികയാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്‍.പി സ്‌കൂളിലെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതിലും നന്നായി പട്ടിക തയാറാക്കിയേനെ. ഒരു സൂഷ്മതയുമില്ലാതെയാണ് പട്ടിക തയാറാക്കിയത്. നാല് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നാലു മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. ഒരു തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പരിതാപകരമായ അന്തരീക്ഷമാണ്. അടിയന്തിരമായി പുനരധിവാസത്തിനുള്ള നടപടി സ്വീകരിക്കണം. മൈക്രോ ഫാമിലി പാക്കേജ് ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ ചെയ്യണം. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്.

പ്രിയങ്കഗാന്ധിയുടെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന് സി.പി.എം നേതാവ് എ വിജയരാഘവന്‍ പറഞ്ഞത് സി.പി.എം ലൈനാണ്. കഴിഞ്ഞ കുറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിക്കുന്നത്. നാലു ലക്ഷത്തി പതിനായിരം വോട്ടിന് പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് വിജയരാഘവന്‍ അല്ലാതെ ആരും പറയില്ല. വിജയരാഘവന്‍ യു.ഡി.എഫിന്റെ ഐശ്വര്യമെന്ന ട്രോളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാറില്‍ പോകുന്നത് അമ്മായിഅമ്മയെ കാണാനാണോയെന്ന വിജയരാഘവന്റെ ചോദ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യാതെ പ്രിയങ്കാഗാന്ധി എങ്ങനെയാണ് നാലുലക്ഷത്തി പതിനായിരം വോട്ടിന് വിജയിക്കുന്നത്. തീവ്രവാദികളാണ് വോട്ട് ചെയ്തതെന്നു പറയുന്നത് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. സംഘ്പരിവാറിന് സംസാരിക്കുന്നതിനുള്ള ആയുധമാണ് വിജയരാഘവന്‍ നല്‍കിയിരിക്കുന്നത്. എന്തും പറയാന്‍ വേണ്ടി വിജയരാഘവനെ പോലുള്ളവരെ പിണറായി വിജയന്‍ ഉപയോഗിക്കുകയാണ്. സംഘ്പരിവാറിനെ പോലും നാണംകെടുത്തുന്ന രീതിയിലുള്ള വര്‍ഗീയ പ്രചരണമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞതും ഇതുതന്നെയാണ്. മുഖ്യമന്ത്രിക്കു വേണ്ടി പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയും ഇതുതന്നെ. സംഘ്പരിവാര്‍ വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ നാവിലൂടെയാണ് പുറത്തുവരുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് അതീതനല്ല. എന്നെ വിമര്‍ശിക്കാന്‍ സാമുദായിക നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എന്റെ പാര്‍ട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയിലുള്ളവര്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നു മാത്രമെയുള്ളൂ. വിമര്‍ശനങ്ങളില്‍ തെറ്റു തിരുത്തേണ്ടതുണ്ടോയെന്ന് പരിശോധിച്ച് തെറ്റു തിരുത്തും. സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുത്. വിമര്‍ശങ്ങള്‍ പരിശോധിക്കണം. എല്ലാവരും സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭവത്തിനും രീതിക്കുമൊക്കെ മാറ്റമുണ്ടാക്കിക്കൊണ്ടിരിക്കണം. അല്ലാതെ നമ്മള്‍ പിടിച്ചതാണ് പ്രധാനമെന്ന വാശി ശരിയല്ല. കേരളത്തിലെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരികയെന്ന ഒറ്റ അസൈന്‍മെന്റാണ് ദേശീയ നേതൃത്വവും കേരളത്തിലെ എം.എല്‍.എമാരും എനിക്ക് നല്‍കിയിരിക്കുന്നത്. അതിനു വേണ്ടി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ്. അതിനിടയില്‍ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എല്ലാ മത ജാതി വിഭാഗങ്ങളെയും സാധാരണ മനുഷ്യരെയും ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് 2021-ല്‍ യു.ഡി.എഫിനൊപ്പമില്ലാതിരുന്ന ഒരുപാട് വിഭാഗങ്ങള്‍ ഇപ്പോള്‍ തിരിച്ചു വന്നത്. പല കാരണങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അദ്ഭുതകരമായ മാറ്റം 2026-ല്‍ ഉണ്ടാകും. അതിനു വേണ്ടിയുള്ള തീഷ്ണമായ യത്‌നത്തിന്റെ പണിപ്പുരയിലാണ്. ഞങ്ങളെല്ലാം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ആഘോഷിക്കാന്‍ വേണ്ടി എന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടാത്തതു കൊണ്ട് എന്റെ ബോഡി ലാംഗ്വേജിനെപ്പറ്റിയാണ് പറയുന്നത്. എന്‍.എസ്.എസിനെ പുകഴ്ത്തിപ്പറഞ്ഞുവെന്നും വാര്‍ത്തവന്നു. ഇന്നലെ എന്‍.എസ്.എസിനെ കുറിച്ച് പറഞ്ഞത് 2021 ലും 23ലും പറഞ്ഞിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ എന്‍.എസ്.എസ് എടുത്ത നിലപാടിനെ കുറിച്ച് വി.ഡി സതീശന്‍ ആദ്യമായി ഇന്നലെയല്ല പറയുന്നത്. പെട്ടന്ന് ലൈന്‍ മാറ്റിയെന്നാണ് പല ചാനല്‍ ചര്‍ച്ചകളിലും പലരും പറഞ്ഞത്. ഞാന്‍ അങ്ങനെ പെട്ടന്ന് ലൈന്‍ മാറ്റുന്ന ആളല്ല. ലൈന്‍ മാറ്റണമെങ്കില്‍ ബോധ്യം വേണം. എല്ലാ ഹൈന്ദവ സംഘടനകളെയും സംഘ്പരിവാര്‍ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ച സംഘടനായാണ് എന്‍.എസ്.എസ്. അതിന് ഞാന്‍ അവരെ നേരത്തെയും അഭിനന്ദിച്ചിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനത്ത് അവര്‍ എടുത്ത നിലപാട് ശ്രദ്ധേയമാണ്. എന്‍.എസ്.എസിനോട് എതിര്‍പ്പുണ്ടോയെന്ന് ഇന്നലെ വീണ്ടും മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആവര്‍ത്തിച്ചു എന്നു മാത്രമെയുള്ളൂ.

വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് പിണറായി വിജയനോട് ഓര്‍മ്മിപ്പിക്കാനുള്ളത്. പി.എസ്.സിയെ കുറിച്ച് വാര്‍ത്ത നല്‍കിയാല്‍ അത് എങ്ങനെയാണ് ഭരണഘടനാ സ്ഥാപനത്തിന് എതിരായ വാര്‍ത്തയാകുന്നത്. പി.എസ്.സിയുടെ കയ്യിലുള്ള ഡാറ്റ ഹാക്ക് ചെയ്ത് വില്‍പനയ്ക്ക് വച്ചതിനെ കുറിച്ച് വാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. മഹാരാജാസില്‍ പരീക്ഷ എഴുതാതെ എസ്.എഫ്.ഐ നേതാവ് പാസായെന്ന വാര്‍ത്ത നല്‍കിയതിന് അഖിലയ്‌ക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും. കേസെടുത്ത് തോന്ന്യാസം കാണിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല. മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തത് തെറ്റായ നടപടിയാണ്. അത് പിന്‍വലിക്കണം.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *