ക്രൈസ്തവര്‍ മോദിക്കും സംഘപരിവാര്‍ സംഘത്തിനും മാപ്പ് നല്‍കില്ല : ചെന്നിത്തല

Spread the love

സംഘ് പരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രിസ്ത്യന്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടു ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ പാലക്കാട് ജില്ലയില്‍ അരങ്ങേറിയത് സംഘ് പരിവാര്‍ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്. ജില്ലയിലെ രണ്ടു പ്രൈമറി സ്‌കൂളുകളില്‍ കരുന്നു കുട്ടികള്‍ ക്രിസ്മസിനു വേണ്ടി തയാറാക്കിയ പുല്‍ക്കൂടുകള്‍ തല്ലിത്തകര്‍ത്ത് പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു പേടിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലെ പുല്‍ക്കൂടാണ് അടിച്ചു തകര്‍ത്തത്. അതിനു മുന്‍പ് നല്ലേപ്പള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് കരാള്‍ സംഘത്തിനു നേരെയും അക്രമമുണ്ടായി. പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളുമടങ്ങിയ സംഘത്തെ ഭഷീണിപ്പെടുത്തി മടക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ വിശ്വഹിന്ദു പരിഷത്ത്, സംഘപരിവാര്‍ സംഘങ്ങളാണെന്നാണു പൊലീസ് പറയുന്നത്.

അടുത്തിടെ നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാകാം സംഘപരിവാര്‍ സംഘത്തെ പ്രകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മതസൗഹാര്‍ദം അട്ടിമറിക്കാനോ നാട്ടിലെ ക്രമസമാധാന നില അപായപ്പെടുത്താനോ ആരെയും അനുവദിച്ചു കൂടാ. ഇക്കാര്യത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണം.

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ക്രിസ്മസിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ്. വിശ്വസമാധാനത്തിന്റെ പ്രതീകമായാണ് ക്രിസ്മസിനെ പൊതുവേ കാണുന്നത്. എന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ പൊതുവില്‍ ആശങ്കയുടെയും ഭീഷണിയുടെയും നടുവിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിസ്മസ് ശോകമൂകമാണ്. രക്തരൂഷിതമാണ്.

അധികാരമേറ്റ ശേഷം ആഴ്ചയിലൊരിക്കലെന്ന കണക്കില്‍ വിദേശ യാത്ര നടത്തുന്ന നരേന്ദ്ര മോദി, സ്വന്തം രാജ്യത്തിനകത്ത് വിദേശശക്തികളുടെ സഹായത്തോടെ നടക്കുന്ന തീവ്രവാദയുദ്ധവും വംശഹത്യയും അവസാനിപ്പിക്കാന്‍ സമയം കണ്ടെത്താത്തത് നിരാശാജനകവും കുറ്റകരവുമാണ്. കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലും ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുകയും മണിപ്പൂരിലെ ക്രൈസ്തവരെ എരിതീയിലേക്കെറിഞ്ഞു കൊടുക്കുകയും ചെയ്തിട്ടു, ഡല്‍ഹിയിലിരുന്ന് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ടത്താപ്പാണ് കാണിക്കുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ അതിന് അദ്ദേഹത്തിന് ഒരിക്കലുംമാപ്പ്നല്‍കില്ല – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *