ഉപഭോക്താവ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

Spread the love

സ്വന്തം പണം കൊടുത്തു ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവ് ഉൽപ്പന്നം കുറ്റമറ്റതാണ് എന്ന് ഉറപ്പുവരുത്താനും അല്ലെങ്കിൽ പരാതിപ്പെടാനും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ.

ദേശീയ ഉപഭോക്തൃ അവകാശ ദിനാചാരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ അവകാശ ജാലകം പരിപാടി സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളിൽ പലർക്കും ഉപഭോക്തൃ അവകാശത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നും അറിവുള്ളവരിൽ പലരും
അവകാശങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കുന്നതായും എംഎൽഎ ചൂണ്ടിക്കാട്ടി. “ഏറ്റവും കൂടുതൽ മായം ചേർക്കുന്നത് വെളിച്ചെണ്ണയിലാണ്.സൂപ്പർമാർക്കറ്റിൽ ഒരുപാട് ബ്രാൻഡ് വെളിച്ചെണ്ണകളിൽ വിലക്കുറവുള്ള വെളിച്ചെണ്ണയാണ് നമ്മൾ വാങ്ങുക. വിലക്കുറവെന്ന് കേട്ടാൽ നമുക്ക് എന്തും സ്വീകാര്യമാണ്. ഗുണനിലവാരം നോക്കാറില്ല. റിബേറ്റും ഡിസ്കൗണ്ടും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല,” എംഎൽഎ ചൂണ്ടിക്കാട്ടി.

പരിപാടിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അംഗം വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘ഉപഭോക്തൃ നീതിക്കായുള്ള ഡിജിറ്റൽ വഴികൾ’ എന്ന വിഷയത്തിൽ കോഴിക്കോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മീഡിയേഷൻ സെൽ നോഡൽ ഓഫീസർ ഡി എസ് സത്യജിത്തും ‘ഉപഭോക്താക്കളും നിർമ്മിതബുദ്ധിയും’ എന്ന വിഷയത്തിൽ കേരള പോലീസിലെ സൈബർ ക്രൈം വിദഗ്ധൻ കെ ബീരജും ക്ലാസെടുത്തു.

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡണ്ട് ടി കെ എ അസീസ്, കേരള കൺസ്യൂമർ അസോസിയേഷൻ ജനറൽ സെക്രട്ടറി സലാം വെള്ളയിൽ, ഓൾ കേരള കൺസ്യൂമർ മൂവ്മെൻറ് പ്രസിഡന്റ് പാലത്ത് ഇമ്പിച്ചിക്കോയ, കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡണ്ട് സക്കറിയ പള്ളിക്കണ്ടി, പത്മനാഭൻ വേങ്ങേരി എന്നിവർ സംസാരിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ രജനി കെ കെ സ്വാഗതവും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അസിസ്റ്റൻറ് രജിസ്ട്രാർ വിദ്യുത് പ്രദീപ് ജി നന്ദിയും പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *