വിഖ്യാത സാഹിത്യകാരനും കഥകളുടെ പെരുന്തച്ചനുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി.നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എംടിയുടെ കഥാപാത്രങ്ങളില്‍ എപ്പോഴും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.ആര്‍ദ്രമായ പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കിയ മലയാളത്തിന്റെ പുണ്യമായിരുന്ന എംടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു.മനസിലും ചിന്തയിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകരുന്ന അക്ഷരങ്ങള്‍ കൊണ്ട് മായികലോകം സൃഷ്ടിക്കുകയും ആ നിര്‍വൃതിയില്‍ തലമുറകളിലെ ആസ്വാദകരെ മോഹിപ്പിക്കുന്ന കഥാപ്രഞ്ചമായിരുന്നു എംടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. ദീര്‍ഘകാലത്തെ ഊഷ്മള ബന്ധമാണ് തനിക്ക് എംടിയുമായി ഉണ്ടായിരുന്നത്. നിരവധി പൊതുപരിപാടികളില്‍ അദ്ദേഹവുമായി വേദി പങ്കിടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നവതി ആഘോഷങ്ങളുടെ നിറവില്‍ നിന്ന അദ്ദേഹത്തെ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഗുരുതര രോഗാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു. ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടര്‍മാരോടും ആശയവിനിമയം നടത്തിയിരുന്നു. ജീവിതത്തിലേക്ക് എം ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ പകരം വയ്ക്കാന്‍ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി.കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എംടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.