ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (31/12/2024)

ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പുറത്ത് കറങ്ങി നടക്കുന്ന പല സി.പി.എം നേതാക്കളും ജയിലിലാകും; കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച്; വയനാട് ദുരന്തത്തില്‍ പ്രഖ്യാപനമല്ല, കേരളത്തിന് വേണ്ടത് പ്രത്യേക സാമ്പത്തിക പാക്കേജ്.

കൊച്ചി : ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായിരിക്കുകയാണ്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യ നിലപാട് സ്വീകരിച്ചതു പോലെ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണ് ടി.പി വധക്കേസിലെ കൊടിയ ക്രിമിനലായ കൊടി സുനിക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരോള്‍ സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് നല്‍കുക മാത്രമാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയ്തത്. അല്ലാതെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടില്ല. തീരുമാനം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റേതുമാണ്. 2018-ല്‍ പരോള്‍ നല്‍കിയപ്പോള്‍ തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ

കേസുകളില്‍ ജയിലിന് അകത്തായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും പങ്കാളി ആയ ഒരാള്‍ക്ക് ഒരു മാസം പരോള്‍ നല്‍കാനുള്ള തീരുമനം എടുത്തത് പ്രതികളെ ഭയന്നാണ്. പ്രതികള്‍ സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ജയിലില്‍ കിടന്നു കൊണ്ട് സ്വര്‍ണക്കള്ളക്കടത്തും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും ഈ പ്രതികള്‍ പങ്കാളികളാകുകയാണ്. ടി.പി വധക്കേസിലെ ഗൂഡാലോചന പുറത്തുവിടുമെന്നാണ് ഈ പ്രതികള്‍ സി.പി.എം നേതാക്കളെ ഭയപ്പെടുത്തുന്നത്. ഗൂഡാലോചന പുറത്തു വന്നാല്‍ ഇപ്പോള്‍ പുറത്ത് കറങ്ങി നടക്കുന്ന പല സി.പി.എം നേതാക്കളും ജയിലിലാകും. ഇതു പറഞ്ഞ് സി.പി.എം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്താണ് ഈ പ്രതികള്‍ ഷേഡി ആയ എല്ലാ ബിസിനസുകളും ജയിലിനുള്ളി കിടന്നു കൊണ്ട് ചെയ്യുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പരോളും സംരക്ഷണവും നല്‍കുന്നത്. ഈ പ്രതികളുടെ പേര് പരോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പുറത്തു വന്നതിനു വരെ സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്ന് ജീവിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. ക്രൂരമായ കൊലപാതകം നടത്തിയ ക്രിമിനലുകള്‍ക്കൊപ്പമാണ് സര്‍ക്കാരും സി.പി.എമ്മും.

സി.പി.എം ക്രിമിനലുകള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയില്‍ അറിയപ്പെടുന്ന ക്രിമിനലുകളൊക്കെ സി.പി.എമ്മില്‍ ചേരുകയാണ്. എസ്.എഫ്.ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലിനെയാണ് മന്ത്രി മാലയിട്ട് സ്വീകരിച്ച് പദവി നല്‍കിയത്. ക്രിമിനലുകളുടെ താവളമായി സി.പി.എം മാറി. നടുറോഡില്‍ പരസ്യമായി വാഹനത്തിന്റെ ബോണറ്റില്‍ വച്ചാണ് ഗുണ്ടാസംഘങ്ങള്‍ പിറന്നാള്‍ കേക്ക് മുറിക്കുന്നത്. ചോദിക്കാന്‍ ആരുമില്ല. പൊലീസ് അവര്‍ക്ക് എസ്‌കോര്‍ട്ട് നല്‍കുകയാണ്.

കേരളം മിനി പാകിസ്ഥാനാണെന്നും തീവ്രവാദികളാണെന്നുമുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്ഥാവന സി.പി.എം പി.ബി അംഗം എ വിജയരാഘവന്‍ പറഞ്ഞത് ബി.ജെ.പി ഏറ്റുപിടിക്കുന്നു എന്നതിന്റെ തെളിവാണ്. സംഘ്പരിവാറിന്റെ അജണ്ടയാണ് കേരളത്തില്‍ സി.പി.എം പ്രചരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സി വഴി നല്‍കിയ വാര്‍ത്തയും മുഖ്യമന്ത്രി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും എ വിജയരാഘവന്‍ പ്രസംഗവും സി.പി.എം നേതാക്കളുടെ പ്രതികരണവുമൊക്കെയാണ് ബി.ജെ.പി നേതാക്കളും നടത്തുന്നത്. കേരളം പാകിസ്ഥാനാണെന്നും തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണ്.

വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്രയും മാസം എടുത്തെങ്കില്‍ പിന്നെ എന്ത് സംവിധാനമാണ് അവിടെയുള്ളത്. പ്രധാനമന്ത്രിയും കേന്ദ്ര സംഘവും സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളം നിവേദനം നല്‍കിയിട്ടും നാലരമാസം കഴിഞ്ഞപ്പോഴാണ് അതിതീവ്ര ദുരന്തമാണെന്നു പറയുന്നത്. അപ്പോള്‍ എന്ത് കാര്യക്ഷമതയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിന് വേണ്ടത് സാമ്പത്തിക സഹായമാണ്. അല്ലാതെ ഈ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ട് കാര്യമില്ല. കേന്ദ്രം നേരത്തെ നല്‍കിയ എസ്.ഡി.ആര്‍.എഫ് ഫണ്ടിന് ഇതുമായി ഒരു ബന്ധവുമില്ല. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നതാണ്. സ്‌പെഷല്‍ പാക്കേജാണ് അനുവദിക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അത് കേരളത്തിനും നല്‍കിയേ പറ്റൂ.

വന്യജീവി ആക്രമണത്തില്‍ നിസംഗതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. ഈ വിഷയം നിരവധി തവണ പ്രതിപക്ഷം ഉയര്‍ത്തിയതാണ്. ആയിരത്തോളം പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നിട്ടും മതിലോ കിടങ്ങോ സൗരോര്‍ജ്ജ് വേലിയോ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല. ഞാന്‍ വനം മന്ത്രി ആയതു കൊണ്ടാണോ കാട്ടില്‍ നിന്നും പുലിയും ആനയും ഇറങ്ങുന്നതെന്നു ചോദിക്കുന്ന മന്ത്രിയാണ് ഭരിക്കുന്നത്. വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ചെറുപ്പക്കാരനാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ആ മനുഷ്യരുടെ ജീവിതം ദുരന്തപൂര്‍ണമായി മാറിയിട്ടും സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം യു.ഡി.എഫ് ഉടന്‍ തുടക്കം കുറിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *