പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (06/01/2025)
പി.വി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നു
തിരുവനന്തപുരം : പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ
സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
പൊലീസ് നോട്ടീസ് നല്കിയാല് ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി അന്‍വര്‍. അതിന് പകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എം.എല്‍.എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിലും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ ഇനിയും ശക്തമായ സമരങ്ങളുണ്ടാകും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ജനകീയ സമരങ്ങളുടെ പേരില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരെയും സമാനരീതിയില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ കേസില്ല. വിദ്യാര്‍ഥി യുവജന നേതാക്കളുടെ തലതല്ലിപ്പൊളിച്ച ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ കേസെടുത്തില്ല. ‘രക്ഷാപ്രവര്‍ത്തനത്തിന്’ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയും കുറ്റവിമുക്തന്‍. ഇരട്ട നീതി കേരളത്തിന് ഭൂക്ഷണമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്ഓര്ക്കുക.