*നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം
*ഇനി ആറുനാൾ അനന്തപുരി പുസ്തക വസന്തത്തിന്റെ നിറവിൽ
*നിയമസഭാ പുരസ്കാരം എം. മുകുന്ദന് സമ്മാനിച്ചു
കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷൻസിന്റെ പുസ്തക തലസ്ഥാനം ‘വേൾഡ് ബുക്ക് ക്യാപിറ്റൽ’ എന്ന പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.
ലഭിച്ച പുരസ്കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്കാരമെന്ന് മറുപടി പ്രസംഗത്തിൽ എം മുകുന്ദൻ പറഞ്ഞു. മൂന്നരക്കോടി ജനങ്ങൾ നീതിക്കും തുല്യതയ്ക്കും വേണ്ടി ഉറ്റുനോക്കുന്ന മഹനീയമായ നിയമസഭയിൽ നിന്നും പുരസ്കാരം ലഭിച്ച നിമിഷം എന്നെന്നും ഓർമിക്കും. അറുപതോളം വർഷത്തോളം എഴുതിയതിനാണ് തനിക്ക് വാർദ്ധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിലൂടേയും വിദ്യാഭ്യാസ ബില്ലിലൂടേയും മുന്നേറിയ കേരളം ആധുനിക നിർമിതിയിലേക്കുള്ള പ്രയാണം തുടരേണ്ടതുണ്ട്. വർഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടക്കാൻ അനുവദിക്കരുത്. എഴുത്തുകാരും സർക്കാരും ജനനന്മക്കായി ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവ്ദത്ത് പട്നായിക്ക് പ്രകാശനം ചെയ്തു. ഡോ.മൻമോഹൻ സിംഗിനും എം ടി വാസുദേവൻ നായർക്കും അനുശോചനം അർപ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ, ജി ആർ അനിൽ, ചീഫ് വിപ്പ് ഡോ എൻ ജയരാജ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ നന്ദി പറഞ്ഞു.