പാലിയേറ്റീവ് പരിചരണത്തില്‍ നാഴികക്കല്ലായി ട്രീറ്റ്മെന്റ് സപ്പോര്‍ട്ടിങ് യൂണിറ്റുകള്‍

Spread the love

പാലിയേറ്റിവ് പരിചരണത്തിലുള്ളവരുടെയും കുടുംബാംഗങ്ങളുടെയും മാനസികവും സാമൂഹികവുമായ സംരക്ഷണം ഉറപ്പാക്കാന്‍ ട്രീറ്റ്മെന്റ് സപ്പോര്‍ട്ടിങ് യൂണിറ്റുകള്‍ ആരംഭിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ ചവറ, ഓച്ചിറ, ചടയമംഗലം, ശാസ്താംകോട്ട, വെട്ടികവല എന്നീ അഞ്ചിടങ്ങളിലാണ് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ളത്. മറ്റു ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പാലിയേറ്റിവ് രോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള പിന്തുണ, സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, ആശുപത്രികളിലേക്കും തിരികെയുമുള്ള സ്ഥിരമായ യാത്രാസൗകര്യം, മക്കളുടെ വിദ്യാഭ്യാസം, സ്ഥിരമായി കഴിക്കേണ്ടി വരുന്ന വിലകൂടിയ മരുന്നുകളുടെ ലഭ്യത, ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള സഹായം തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിവഴി ഉറപ്പാക്കുന്നത്. പാലിയേറ്റിവ് കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക-സന്നദ്ധ സംഘടനകള്‍, മത-സാമുദായിക സംഘടനകള്‍, വിദേശ മലയാളികള്‍, ഓട്ടോറിക്ഷ-ടാക്സി തൊഴിലാളി യൂണിയനുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ സ്ഥിരം സംവിധാനം ഒരുക്കുകയാണ് ട്രീറ്റ്മെന്റ് സപ്പോര്‍ട്ടിങ് യൂണിറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *