തിരുവനന്തപുരം : മുപ്പതു വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മണിയാര്‍ ജലവൈദ്യുത പ്രോജക്ട് കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് വൈദ്യുത ബോര്‍ഡിന് കൈമാറുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്കി. മണിയാര്‍ പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15 നു നല്കിയ കത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല രണ്ടാമതും കത്തു നല്‍കിയിരിക്കുന്നത്.
വൈദ്യുതോല്‍പാദനവുമായി ബന്ധപ്പെട്ട് നിരവധി തവണ കരാര്‍ ലംഘനം നടത്തിയ കാര്‍ബൊറാണ്ടത്തിന് മണിയാര്‍ കരാര്‍ ദീര്‍ഘിപ്പിച്ചു നല്കുന്നത്നിയമവിരുദ്ധമാണെന്നും കരാര്‍ കാലാവധി കഴിഞ്ഞ ശേഷവും കാര്‍ബോറാണ്ടം കമ്പനി വൈദ്യുതി ഉല്പാദിപ്പിച്ചു ഉപയോഗിക്കുന്നതു വഴി സര്‍ക്കാരിന് കനത്ത വരുമാനനഷ്ടമാണുണ്ടാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ബൊറാണ്ടത്തിന് കരാര്‍ നീട്ടിക്കൊടുക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയാണ്. സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കളോട് കടുത്ത ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി എത്രയും പെട്ടെന്ന് പദ്ധതി തിരിച്ചെടുത്തു വൈദ്യുത ബോര്‍ഡിന് കൈമാറണമെന്നു കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണരൂപം.
ബഹു. മുഖ്യമന്ത്രി,
സംസ്ഥാന വൈദ്യുതി ബോര്‍ഡും കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ കമ്പനിയും തമ്മിലുള്ള 30 വര്‍ഷത്തെ കരാര്‍കാലവധി അവസാനിച്ച പശ്ചാത്തലത്തില്‍ മണിയാര്‍ ജലവൈദ്യുതി പദ്ധതി കെഎസ്ഇബിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 15.12.2024 ല്‍ ഞാന്‍ താങ്കള്‍ക്ക് വിശദമായ കത്ത് നല്‍കിയിരുന്നതാണല്ലോ. എന്നാല്‍ പ്രസ്തുത കത്തിന്മേല് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഇക്കാര്യത്തില്‍ കാര്‍ബൊറാണ്ടം കമ്പനിക്ക് അനുകൂലമായ നടപടികളാണ് സര്‍ക്കാര്‍ രഹസ്യമായി സ്വീകരിക്കുന്നത്. മണിയാര്‍ പ്രോജക്ട് കെഎസ്ഇബിക്ക് കൈമാറണമെന്നാണ് കെഎസ്ഇബി ചെയര്‍മാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ഇബി ചെയര്മാന് 31.12.2024 ന് ഊര്‍ജ്ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കിയതായും മനസ്സിലാക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി മന്ത്രിയേയും, കെഎസ്ഇബിയേയും ഇരുട്ടില്‍ നിറുത്തിയുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ആക്ഷേപമുണ്ട്.
നിരവധി തവണ കരാര്‍ലംഘനം നടത്തിയ കാര്‍ബറോണ്ടം കമ്പനിക്ക് മണിയാര്‍ പദ്ധതിയുടെ കരാര്‍ദീര്‍ഘിപ്പിച്ച് നല്‍കുന്നത് തികച്ചും നിയമവിരുദ്ധമാണ്. മണിയാര്‍ പ്രോജക്ടിന്റെ കരാര്‍കാലാവധി 31.12.2024 ന് അവസാനിച്ച ശേഷവും കാറബറോണ്ടം കമ്പനി വൈദ്യുതി ഉല്പാദനം നടത്തുകയാണ്. യാതൊരു വ്യവസ്ഥാ ക്രമീകരണവും പാലിക്കാതെയുള്ള വൈദ്യുതി ഉല്പാദനത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനമാണ് ഇല്ലാതെ പോകുന്നത്. കരാര്‍ തീയതിക്കുശേഷം കാര്‍ബോറാണ്ടം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിനിയോഗത്തെയും, വിപണനത്തെയും സംബന്ധിച്ച് സര്‍ക്കാര്‍ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. വലിയ അഴിമതിയാണ് ഇതിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ ഊര്‍ജ്ജമേഖലയ്ക്കും, ഭീമമായ വൈദ്യുതി ചാര്‍ജ്ജ് മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ക്കും കൈത്താങ്ങാകുന്ന ഈ പദ്ധതിയെ അഴിമതിയും സാമ്പത്തിക നേട്ടവും ലക്ഷ്യമാക്കി വീണ്ടും സ്വകാര്യ കമ്പനിയുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നത് തികച്ചും ലജ്ജാകരമാണ്. സാധാരണക്കാരുടെ താല്പര്യങ്ങള്ക്കു പകരം സ്വകാര്യ കമ്പനികളുടെ വ്യവസായ – കച്ചവട താല്പര്യത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയോട് ചെയ്യുന്ന കടുത്ത അനീതിയാണ്. സംസ്ഥാനത്തെ ഊര്‍ജ്ജമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മണിയാര്‍ വൈദ്യുതി പദ്ധതിയുടെ നടത്തിപ്പ് എത്രയും വേഗം കെഎസ്ഇബിക്ക് നല്‍കുന്നതിനുള്ള തീരുമാനം എടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
രമേശ് ചെന്നിത്തല