2023 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി സ്ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലെ ആസ്ഥാനമന്ദിരത്തിൽ ആരംഭിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിൽ ജൂറി അംഗങ്ങളെ നിയോഗിച്ച് ഡിസംബർ 13ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കഥാ വിഭാഗത്തിൽ ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ എം.മോഹനനും കഥേതര വിഭാഗത്തിൽ സംവിധായകനും ദേശീയ, സംസ്ഥാന പുരസ്കാര ജേതാവുമായ എം.ജി ശശിയുമാണ് ജൂറി ചെയർമാൻമാർ. രചനാവിഭാഗത്തിൽ എഴുത്തുകാരനും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ഡോ.ജിനേഷ് കുമാർ എരമം ആണ് ജൂറി ചെയർമാൻ.
കഥാവിഭാഗത്തിൽ സംവിധായകൻ മോഹൻ കുപ്ളേരി, നടിയും അവതാരകയുമായ ഗായത്രി വർഷ, ഛായാഗ്രാഹകനും ദേശീയ പുരസ്കാര ജേതാവുമായ നിഖിൽ എസ്. പ്രവീൺ, ടെലിവിഷൻ സീരിയൽ, ഡോക്യുമെന്ററി നിർമ്മാതാവ് കൃഷ്ണകുമാർ നായനാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
കഥേതര വിഭാഗത്തിൽ വാർത്താ അവതാരകയും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ ഹേമലത, സംവിധായകനും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ബി.എസ് രതീഷ്, തിരക്കഥാകൃത്തും ഗാനരചയിതാവും ഡോക്യുമെന്ററി സംവിധായകനുമായ ബി.ടി അനിൽ കുമാർ, കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ ക്യാമറാമാൻ ശ്രീകുമാർ ടി.ജി എന്നിവർ അംഗങ്ങളാണ്.
രചനാവിഭാഗത്തിൽ എഴുത്തുകാരിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ഷീബ എം.കുര്യൻ, അധ്യാപകനും എഴുത്തുകാരനുമായ ഡോ.എം.എ സിദ്ദിഖ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മൂന്നു വിഭാഗങ്ങളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയാണ്.