ടൂറിസത്തിന് മുതല്‍ക്കൂട്ടാകാന്‍ മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ

Spread the love

കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വിനോദ സഞ്ചാരികൾക്ക് പുറംകാഴ്ചകൾ കണ്ടുള്ള യാത്രകൾ റോയൽ വ്യൂ ബസ് നൽകും. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമാണ്. മൂന്നാറിൽ സേവനം നടത്തുന്നതിനായി കെഎസ്ആർടിസി രൂപകല്പന ചെയ്ത റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനവും ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസിയുടെ സ്വപ്ന സംരംഭങ്ങളിൽ ഒന്നാണിത്. ഇത്തരത്തിൽ റെട്രോഫിറ്റ്‌മെന്റ് ഡബിൾ ഡക്കർ ബസ് ഇന്ത്യയിൽ ആദ്യമാണ്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ടു ഓപ്പൺ ഡബിൾ ഡക്കർ സർവ്വീസുകളുടെ തുടർച്ചയായിട്ടാണ് വിനോദസഞ്ചാര മേഖലകളിലേക്ക് റോയൽ വ്യൂ ബസ് സർവീസ് നടപ്പിലാക്കുന്നത്.
മുന്നാറിലെ മനോഹരമായ പ്രകൃതിയും, മൂടൽമഞ്ഞും മഴയും ആസ്വദിച്ച് റോയൽ വ്യൂ ബസിൽ 25 കിലോമീറ്റർ യാത്ര ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ വൈകുന്നേരം 6 മണിയോടെ ബസ്സിന്റെ പൂർണ്ണമായ ലൈറ്റിങ്ങോടുകൂടി മൂന്നാർ ടൗണിലെത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സുതാര്യമായ ഗ്ലാസ് ബോഡി ബസുകൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയും വീശിഷ്ടവ്യക്തികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഡബിൾ ഡക്കർ ബസിൽ ട്രയൽ റൺ നടത്തി. റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച ജീവനക്കാരെ മന്ത്രി അനുമോദിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ, ബോർഡ് അംഗം വിജയശ്രീ, വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ, ആർ. ഉദയകുമാർ, വി. സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *