മധ്യപ്രദേശ് ആസ്ഥാനമായള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിയന്ത സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
പാരിസ്ഥിതിക പഠനം നടത്താതെയാണ് വരള്‍ച്ചാ സാധ്യതയുള്ള പാലക്കാട് കോടികണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന ഡിസ്റ്റലിലറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെയും പിണറായി സര്‍ക്കാര്‍ ബ്രൂവറിയും ഡിസ്റ്റലിലറിയും രഹസ്യമായി അനുവദിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂട്ടേണടിച്ചു.
ലഹരി ഉപയോഗത്തെ ന്യായീകരിക്കുകയും എക്‌സൈസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്യുന്ന മന്ത്രി ഉള്‍പ്പെടുന്ന പിണറായി മന്ത്രിസഭയുടെ ലഹരി വ്യാപനത്തിന് വേഗം നല്‍കുന്ന ഈ തീരുമാനത്തില്‍ അത്ഭുതപ്പെടാനില്ല. മന്ത്രിമാര്‍ തന്നെ ലഹരിയെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്രാന്റ് അംബാസിഡര്‍മാരായിട്ടാണ് പിണറായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ ശേഷം മദ്യലോബിയുടെ പണം കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് സിപിഎം.സാമൂഹ്യ വിപത്തായ ലഹരി ഉപയോഗത്തെ സാമ്പത്തിക ലാഭത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.