കേരളത്തിലെ 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50000 കോടിയ്ക്ക് മുകളിൽ എത്തിയ 5 ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനവും കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്ന് കേരള ബാങ്ക് ആസ്ഥാനത്തു നടന്ന് വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.കേരള ബാങ്കിന്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് 50000 കോടി രൂപ പിന്നിട്ടത്. രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരിക്കുന്നത്.മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽ തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനം ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്പാ-നിക്ഷേപ അനുപാതമാണ്.മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാർഷിക, ചെറുകിട സംരംഭക മേഖലയുടെയും വളർച്ചയ്ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്യയുടെ 12.30 ശതമാനം വായ്പ നൽകിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെ 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നൽകിയിട്ടുള്ളത്.
കാർഷികാധിഷ്ഠിത വ്യവസായങ്ങളും സേവനങ്ങളും ആരംഭിക്കുന്നതിന് ഒരു ശതമാനം പലിശ നിരക്കിൽ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾക്ക് നൽകിയ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പാ പദ്ധതികളിൽ 56 എണ്ണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. 203 കോടി രൂപ ഈയിനത്തിൽ അനുവദിച്ചിട്ടുണ്ട്.സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പു വച്ചു. ക്ഷീര കർഷകർക്കായി 3 ലക്ഷം രൂപ വരെ ലഭിക്കുന്ന ക്ഷീരമിത്ര വായ്പയും,മിൽമ ഡീലർമാർക്കായി 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ഫ്രാഞ്ചൈസി ക്യാഷ് ക്രെഡിറ്റ് ലോണും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കാൻ ധാരണയായി. കേരള ബാങ്കിന്റെ 823 ശാഖകളിലൂടെയും മിൽമയുടെ കീഴിലുള്ള 10.6 ലക്ഷത്തിലധികം ക്ഷീര കർഷകർക്കും 30000 ലധികം ഡീലർമാർക്കും വായ്പ നൽകുമെന്നും മന്ത്രി അറിയിച്ചു.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, മാനേജ്മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, മാനേജ്മെന്റ് ബോർഡ് അംഗം ബി.പി. പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാമും എ.ആർ. രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.