ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു നയവും ഇല്ലാത്ത നയപ്രഖ്യാപനം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

തിരുവനന്തപുരം : യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള വഴിപാടാക്കി ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ സര്‍ക്കാര്‍ അധഃപതിപ്പിച്ചു. സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയും ജനകീയ പ്രശ്‌നങ്ങളും ഉള്‍പ്പെടെ പരിഹരിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിലില്ല. ആവര്‍ത്തിച്ചു പഴകിയതാണ് പല പ്രഖ്യാപനങ്ങളും. സര്‍ക്കാരിന് ഒരു നയവും ഇല്ലെന്നും ഉള്ളത് കുറെ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും തെളിഞ്ഞു. കേരളത്തില്‍ സര്‍ക്കാരില്ലായ്മ ആണെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് ഇന്നത്തെ നയപ്രഖ്യാപന പ്രസംഗം.

വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും മനുഷ്യ-വന്യജീവി സംഘര്‍ഷവും മനുഷ്യ നഷ്ടവും കുറയാന്‍ തുടങ്ങിയെന്ന വിചിത്ര വാദമാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 2016 മുതല്‍ വന്യജീവി ആക്രമണത്തില്‍ ആയിരത്തോളം പേര്‍ മരിക്കുകയും എണ്ണായിരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ കണ്ടെത്തല്‍ ജനങ്ങളോടുള്ള പരിഹാസമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നതാണ് ഈ നയ പ്രഖ്യാപനം. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാനോ, റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കാനോ ഒരു നടപടികളുമില്ല.

ലൈഫ് മിഷനില്‍ എട്ട് വര്‍ഷംകൊണ്ട് 4,24,800 വീടുകള്‍ നിര്‍മ്മിച്ചെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം കൊണ്ട് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ എട്ടു വര്‍ഷം കൊണ്ട് അതു പോലും നിർമ്മിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

മദ്യവര്‍ജ്ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോഴാണ് അഴിമതിക്കു വേണ്ടി മദ്യ നിര്‍മാണശാലകള്‍ ആരംഭിക്കാന്‍ രഹസ്യമായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് വ്യാപനത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടും അത് തടയാനുള്ള ഒരു പ്രഖ്യാപനവും നയപ്രഖ്യാപനത്തിലില്ല.

സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ജി.എസ്.ടി കോമ്പന്‍സേഷന്‍ നിര്‍ത്തലാക്കിയെന്നും റവന്യൂ ഡെഫിസിറ് ഗ്രാന്‍ഡ് കുറയുന്നു എന്നുമുള്ള പതിവു പല്ലവി അല്ലാതെ തനത് നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു പ്രഖ്യാപനവും നയപ്രഖ്യാപനത്തിലില്ല. കെ.എഫ്.സിയെ പുകഴ്ത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മുങ്ങിക്കൊണ്ടിരുന്ന അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതു സംബന്ധിച്ച് ഉന്നയിച്ച അഴിമതി ആരോപണത്തിന് മറുപടി നല്‍കാത്തത്?

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാറുകള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയതാണ് വൈദ്യുതി മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം. കുറഞ്ഞു തുകയ്ക്കുള്ള കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ അതേ കമ്പനികളില്‍ നിന്നും കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങുകയാണ് ചെയ്തത്. ഇതെല്ലാം മറച്ചുവച്ചാണ് ഊര്‍ജമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന നയപ്രഖ്യാപനത്തില്‍ പറയുന്നത്. മണിയാര്‍ ഉള്‍പ്പെടെ കരാര്‍ കാലാവധി കഴിഞ്ഞ പദ്ധതികള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനവും നയപ്രഖ്യാവനത്തില്‍ ഇല്ല.

ആരോഗ്യ മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാനോ കരുണ്യ പദ്ധതിയുടെ കുടിശിക തീര്‍ക്കാനോ മരുന്ന് ക്ഷാമം പരിഹരിക്കാനോ ഒരു നടപടികളുമില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പുരോഗതി കൈവരിച്ചെന്ന് വാദിക്കുന്ന സര്‍ക്കാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ മാലിന്യം തള്ളിയാണോ മാലിന്യമുക്ത കേരളം നടപ്പിലാക്കുന്നത്?

കെ.എസ്.ആര്‍.ടി.സി ജീവനകകാരുടെ കുടിശിക തീര്‍ക്കുമെന്ന പ്രഖ്യാപനം പതിവു പോലെ ഈ നയപ്രഖ്യാപനത്തിലുമുണ്ട്. നാലു മാസത്തെ പെന്‍ഷന്‍ കുടിശികയായി ലഭിക്കേണ്ട 6400 രൂപ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാതെയാണ് ക്ഷേമ പെന്‍ഷനുകള്‍ സമയബന്ധിതമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവാര തകര്‍ച്ചയും കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള വിദ്യര്‍ത്ഥികളുടെ ഒഴുക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികളിലും ഈ സര്‍ക്കാരിന് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശങ്ങളുമില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *