വേമ്പനാട് കായൽ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: പി.പി ചിത്തരഞ്ജൻ എംഎൽഎ
പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിൻ തുടങ്ങി. ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായൽസംരക്ഷണ പ്രവർത്തനം നടത്തണം. വേമ്പനാട് കായലിലും കരയിലും മാറ്റം ഉണ്ടാക്കാൻ ആലപ്പുഴയൊന്നാകെ മുന്നിട്ടിറങ്ങുന്ന ഈ ജനകീയ കാമ്പയിനിലൂടെ കഴിയും. വേമ്പനാട് കായൽ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും എംഎൽ പറഞ്ഞു.എച്ച് സലാം എംഎൽഎ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേമ്പനാട് കായൽ സംരക്ഷണം തുടർപ്രവർത്തനമാക്കി മാറ്റണം. മണ്ണും വെള്ളവും ഒക്കെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്. കായൽസംരക്ഷണവും തോട് ശുചീകരണവുമൊക്കെ വികസനപ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.