നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ – രമേശ് ചെന്നിത്തല

Spread the love

നിയമസഭ ചട്ടം 285 അനുസരിച്ചാണ് അഴിമതി ആരോപണം എഴുതി ഉന്നയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയും പാലക്കാട്ടെ മഴനിഴല്‍ പ്രദേശമായ കഞ്ചിക്കോട്, പുതുശേരി, എലപ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്. കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ നിന്നും അടച്ചുപൂട്ടുന്നതിനു വേണ്ടിയുള്ള സമരത്തിന് നേതൃത്വം നല്‍കിയവരാണ് ഇടതു മുന്നണി. സാധാരണക്കാര്‍ക്ക് കുടിവെള്ളവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലവും ലഭിക്കുന്നില്ലെന്നാണ് അന്നു പറഞ്ഞത്. അതേ ആളുകളാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്‌സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി വൈന്‍ പ്ലാന്‍ എന്നിവ ആരംഭിക്കാനുള്ള അനുവാദം നല്‍കിയത്. അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവിലും ഈ കമ്പനിയെ പുകഴ്ത്തുകയാണ്. കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ചാണ് ഉത്തരവില്‍ പറയുന്നത്. ഡല്‍ഹി മദ്യ നയ കേസില്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ പ്രതിയാണെന്നതും പഞ്ചാബില്‍ ജലം മലിനപ്പെടുത്തിയതിന് നിരവധി കേസുകള്‍ കമ്പനിക്കെതിരെ ഉണ്ടെന്നതും നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞതാണ്. അതേ കമ്പനിയെയാണ് ഏറ്റവും വിശ്വാസ്യതയുള്ള കമ്പനിയായി അവതരിപ്പിക്കുന്നത്. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ അവരുടെ പ്രവര്‍ത്തന പാരമ്പര്യത്തെ കുറിച്ചുമൊക്കെയാണ് ഉത്തരവില്‍ പറയുന്നത്.

ഈ കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തത്. 2018-ല്‍ മൂന്നു ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനം അന്നത്തെ പ്രതിപക്ഷം എതിര്‍ത്തതു കൊണ്ട് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. അതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഒരു ചട്ടങ്ങളും പാലിക്കാതെയാണ് അന്ന് തീരുമാനം എടുത്തത്. ഇപ്പോള്‍ മദ്യനയം രൂപീകരിച്ച് മന്ത്രിസഭായോഗം മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ എലപ്പുള്ളി പഞ്ചായത്തിന്റെ അനുമതിയോ വെള്ളം നല്‍കാമെന്ന് ജല അതോറിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ല. കുടിവെള്ള പോലും കിട്ടാത്ത സ്ഥലത്താണ് ഒയാസിസ് കമ്പനിക്ക് ഇത്രയും വലിയ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പ്രതിദിനം 5 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്ലാന്റിന് വേണ്ടി ഉപയോഗിക്കേണ്ടി വരും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 80 മില്യന്‍ ജലം വരെ ഉപയോഗിക്കേണ്ടി വരും. ജവാന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യം നിര്‍മ്മിക്കുന്ന സര്‍ക്കാരിന്റെ മലബാര്‍ ഡിസ്റ്റിലറീസിന് പോലും ഇതുവരെ വെള്ളം നല്‍കാന്‍ സാധിച്ചിട്ടില്ല. മഴനിഴല്‍ പ്രദേശത്താണ് മഴവെള്ളം സംഭരിക്കും എന്ന് പറയുന്നത്. ഇവിടെ എത്ര ശതമാനം വെള്ളം കിട്ടുമെന്ന് പഠനം നടത്തിയിട്ടുണ്ടോ? ഭൂഗര്‍ഭ ജലത്തിന്റെ അളവ് പരിശോധിച്ചിട്ടുണ്ടോ?

ഓയാസിസ് ലിസ്റ്റു ചെയ്ത കമ്പനിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ധാരാളം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓയില്‍ കമ്പനികളുടെ പിന്തുണ ഒയാസിസിന് ഉണ്ടെന്നാണ് പറയുന്നത്. ഏത് ഓയില്‍ കമ്പനിയുടെ പിന്തുണയാണെന്ന് അറിയില്ല. ഏതെങ്കിലും കമ്പനി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ പേരില്‍ ഈ കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു. തെലങ്കാനയിലെ മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പിന്തുണ ഈ ഇടപാടിന് പിന്നിലുണ്ട്. കമ്പനിയെ തിരഞ്ഞെടുത്തതില്‍ അഴിമതിയുണ്ട്. ഉത്തരവാദിത്തത്തോടെ നിയമസഭയില്‍ എഴുതിക്കൊടുത്താണ് ഉന്നയിച്ചത്. ജനന്മയെ കരുതി ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം.

കേരളത്തിലെ 89 സ്ഥലങ്ങള്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. 89 സ്ഥലങ്ങളിലും വൈന്‍, ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനു വേണ്ടിയാണ് ഈ ഉത്തരവിറക്കിയത്. ഈ സര്‍ക്കാര്‍ നാട്ടില്‍ മദ്യം ഒഴുക്കുകയാണ്. ഇതേക്കുറിച്ചൊക്കെ അന്വേഷണം വേണം.

എക്‌സൈസ് വകുപ്പ് എക്കാലത്തും സി.പി.എമ്മിന്റെ കറവ പശുവാണ്. പാര്‍ട്ടി നടത്തിയ വന്‍ അഴിമതിയാണ് മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതിനു പിന്നില്‍. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പോലും ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇന്ത്യയില്‍ ഈ കമ്പനി മാത്രമെയുള്ളോ? ആരും അറിയാതെ ഈ കമ്പനിയെ മാത്രം വിളിച്ച് ഉത്തരവ് നല്‍കുകയായിരുന്നു. ബ്രൂവറി നല്‍കിയപ്പോഴും ഇല്ലാത്ത കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. അന്ന് പിന്‍വലിച്ചതു പോലെ ഈ തീരുമാനവും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരും.

 

Author

Leave a Reply

Your email address will not be published. Required fields are marked *