നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം. (23/01/2025)
പി.പി.ഇ കിറ്റ് അഴിമതിയില്‍ കൂടുതല്‍ തെളിവുകള്‍ നിയമസഭയില്‍; 550 രൂപയ്ക്ക് കിറ്റ് നല്കിയ കമ്പനിയെ ഒഴിവാക്കിയതും 1550 രൂപയ്ക്ക് സാന്‍ ഫാര്‍മയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചതും ഒരേ ദിവസം; മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ നിര്‍ണായക രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്; കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സര്‍ക്കാര്‍ മാറി.
നയപ്രഖ്യാപന പ്രസംഗത്തില്‍ ആവര്‍ത്തന വിരസതയും നയമില്ലായ്മയുമുണ്ട്. എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് യാഥാര്‍ത്ഥ്യം. നികുതി വരുമാനം വര്‍ധിപ്പിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഥമിക ഉത്തരവാദിത്തം. പ്രഥമിക ഉത്തരവാദിത്തം നടപ്പാക്കുന്നതില്‍ തന്നെ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. നികുതി പിരിവില്‍ ദയനീയമായി പരാജയപ്പെട്ടു. ജി.എസ്.ടി നടപ്പാക്കിയിട്ടും ഉപഭോഗ സംസ്ഥാനമായ നമുക്ക് 10 ശതമാനം നികുതി വരുമാനം പോലും ഉണ്ടാക്കാനായില്ല. ഭീകരമായ നികുതി ചോര്‍ച്ച കേരളത്തിലുണ്ട്. സമീപകാലത്തൊന്നും കരകയറാന്‍ പറ്റാത്ത രൂക്ഷമായ കടക്കെണിയിലേക്കാണ് സംസ്ഥാനം ആഴ്ന്നിറങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധി മാറിയാലെ റേഷന്‍ പ്രതിസന്ധി തീര്‍ക്കാന്‍ സാധിക്കൂവെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ദയനീയമായി പരാജയപ്പെട്ടു. ആയിരക്കണക്കിന് കോടി രൂപയാണ് സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 13 ഇന അവശ്യസാധനങ്ങള്‍ പോലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. രൂക്ഷമായ വിലക്കയറ്റത്തിന്റെ ഭാരം മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ താങ്ങുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ പണമില്ലാതെ സപ്ലൈകോ വിഷമിക്കുകയാണ്. സാധാരണക്കാരായ വിതരണക്കാര്‍ക്ക് മാത്രം 200 കോടിയോളം രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് പണം നല്‍കാത്തതിനെ തുടര്‍ന്ന് വിതരണക്കാര്‍ മരുന്ന് എത്തിക്കുന്നില്ല. മരുന്നും റേഷനരിയും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളും ഇല്ലാത്ത അവസ്ഥയാണ്. കാരുണ്യ ചികിത്സയുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കാരുണ്യ പദ്ധതിയില്‍ പുതുതായി ആരെയും സര്‍ക്കാര്‍ ചേര്‍ക്കുന്നുമില്ല. പാവങ്ങളല്ലേ ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നത്?
കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തുന്നില്ല. കാര്‍ഷിക മേഖല വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറുന്നു. മത്സ്യത്തൊഴിലാളി മേഖലയിലും വറുതിയിലാണ്. എല്ലാ മേഖലകളിലും ഉള്ളവര്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പോകുകയാണ്. ജനം പ്രതിസന്ധിയിലാകുമ്പോള്‍ അവരെ സഹായിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ സാന്നിധ്യ ഉണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കഷ്ടപ്പെടുന്ന ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാരിന്റെ എന്തെങ്കിലും ഇടപെടലുണ്ടോ?
കെ.എസ്.ആര്.ടി.സിയില്‍ 47000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് 22000 ആയി. യു.ഡി.എഫ് കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി. യൂണിറ്റിന് 20 പൈസ കുറച്ചുകൊടുത്തു. 2016-ല്‍ ഞങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കടം 1083 കോടിയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി. ഇപ്പോള്‍ 8 മുതല്‍ 14 രൂപ 30 പൈസയ്ക്ക് വരെ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. 15 കോടി മുതല്‍ 20 കോടി രൂപ വരെയാണ് പ്രതിദിന നഷ്ടം. ഇതിന്റെയെല്ലാം ബാധ്യത അവസാനം സാധാരണക്കാരായ ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കും. ഇത്തവണ രണ്ടു തവണത്തെ വൈദ്യുതി ചാര്‍ജ്ജാണ് ഒന്നിച്ചു കൂട്ടിയത്. മാര്‍ച്ച് മുതല്‍ പുതിയ ചാര്‍ജ്ജ് വര്‍ധന നിലവില്‍ വരും. നിങ്ങള്‍ വരുത്തി വച്ച ബാധ്യതകളും അഴിമതിയും കെടുകാര്യസ്ഥതയുമാണ് വൈദ്യുതി ബോര്‍ഡിനെ കടക്കെണിയിലാക്കിയത്. അദാനിയുടെ കമ്പനിക്ക് വേണ്ടി ദീര്‍ഘകാല കരാര്‍ റദ്ദാക്കിയവരാണ് ഈ സര്‍ക്കാര്‍. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ടെല്‍ക്കും ട്രാക്കോ കേബിളും പ്രതിസന്ധിയിലാണ്. എല്ലാ കശുവണ്ടി ഫാക്ടറികളും പൂട്ടി. കൈത്തറി മേഖലയും കയര്‍ മേഖലയും പ്രതിസന്ധിയിലാണ്. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് ഇടപെടലാണ് നടത്തിയത്? പാവപ്പെട്ട സ്ത്രീകളുടെ തൊഴിലിടങ്ങള്‍ ഇല്ലാതായി. ചുമട്ടു തൊഴിലാളികള്‍ക്കു വരെ തൊഴില്‍ ഇല്ലാതായി. ഈ സാമൂഹിക മാറ്റം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ പരിണിത ഫലമാണ്.
കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചു. മയക്കുമരുന്ന് നിയന്ത്രിക്കാനും അതിന്റെ സ്രോതസ് അറിയാനും എക്സൈസ് വകുപ്പ് എന്താണ് ചെയ്യുന്നത്. എക്സൈസ് വകുപ്പ് നോക്കുകുത്തികളായി നില്‍ക്കുകയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം മാറി. അതേത്തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചു. സ്ത്രീ സുരക്ഷയും പേരിനു മാത്രമായി.
അഴിമതിക്ക് മാത്രം സംസ്ഥാനത്ത് ഒരു കുറവുമില്ല. കോവിഡ് കാലത്ത് കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. പി.പി.ഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ കാര്യം കൂടി പുറത്തുവിടുകയാണ്. 28-03-2020-ല്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അനിത ടെക്സിക്കോട്ട് എന്ന കമ്പനിക്ക് 25000 പി.പി.ഇ കിറ്റുകള്‍ 550 രൂപയ്ക്ക് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇ മെയില്‍ അയച്ചു. എന്നാല്‍ അതേ ദിവസം വൈകിട്ട് 5:55
ന് നെഗോഷ്യേറ്റ് ചെയ്തപ്പോള്‍ അനിത ടെക്സിക്കോട്ട് എന്ന കമ്പനി 550 രൂപ കുറയ്ക്കാന്‍ തയാറായില്ലെന്നും അതുകൊണ്ട് അവരില്‍ നിന്നും പതിനായിരം കിറ്റ് മാത്രമെ വാങ്ങുന്നുള്ളൂവെന്നും ഫലയില്‍ രേഖപ്പെടുത്തി. അതേ ദിവസം വൈകിട്ട് 7:48 ന് സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തിന് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അങ്ങോട്ട് മെയില്‍ അയച്ച് 1550 രൂപ നിരക്കില്‍ അവരുടെ പി.പി.ഇ കിറ്റ് വാങ്ങാന്‍ തയാറാണെന്ന് അറിയിച്ചു. 15000 കിറ്റുകള്‍ വാങ്ങാന്‍ അവര്‍ക്ക് 100 ശതമാനം അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തു. 550 രൂപ കുറയ്ക്കാന്‍ ഒരു കമ്പനി തയാറിയില്ലെന്നു പറഞ്ഞവരാണ് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും പി.പി.ഇ കിറ്റ് വാങ്ങിയത്. ഇതിനേക്കാള്‍ വലിയ അഴിമതി എന്തുണ്ട്?
പാവങ്ങളും കുഞ്ഞുങ്ങളും പോകുന്ന 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. രാസമാറ്റം സംഭവിച്ച് ജീവഹാനി വരെ ഉണ്ടാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ 20 ശതമാനം വിലയ്ക്ക് വാങ്ങി 80 ശതമാനമാണ് കമ്മീഷനായി കൈപ്പറ്റിയത്. 14 കമ്പനികളുടെ ഒറ്റ മരുന്ന് പോലും പരിശോധിച്ചിട്ടില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ ആളുകളും കമ്പനികളും തമ്മില്‍ ധാരണയാണ്. പരിശോധന നടത്തിയില്ലെങ്കില്‍ ചാത്തന് മരുന്നുകള്‍ വരും. നമ്മുടെ കുഞ്ഞുങ്ങളും കുടുംബക്കാരുമൊക്കെയല്ലേ ഈ മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാങ്ങി കഴിച്ചത്. എന്തൊരു കൊള്ളയാണ് കോവിഡ് കാലത്ത് നടത്തിയത്?
പാലക്കാട് മദ്യനിര്‍മ്മാണ ശാല തുടങ്ങുന്നതിനു വേണ്ടി ഒരു കമ്പനി മാത്രം അപേക്ഷ നല്‍കിയെന്നാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഒരു ബ്രൂവറി പ്ലാന്റും എഥനോള്‍ പ്ലാന്റും ബോട്ടിലിംഗ് പ്ലാന്റും ബ്രാണ്ടി പ്ലാന്റും വൈന്‍ പ്ലാന്റുമൊക്കെ ഒറ്റ കമ്പനിക്കാണ് കൊടുത്തത്. അതും ആരും അറിയാതെ. കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും അറിഞ്ഞില്ല. അനുമതി നല്കുന്ന കാര്യ മധ്യപ്രദേശിലെ ഒയാസിസ് കമ്പനി മാത്രമെ അറിഞ്ഞുള്ളൂ. രണ്ടു വര്‍ഷം മുന്‍പ് കോളജ് തുടങ്ങാനെന്ന പേരില്‍ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ആരും അറിയാതെ മധ്യപ്രദേശ് കമ്പനി മാത്രം എങ്ങനെയാണ് മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്കുന്ന വിവരം അറിഞ്ഞത്? എക്സൈസ് മന്ത്രിയും സര്‍ക്കാര്‍ ഓര്‍ഡറിലും കമ്പനിയെ പ്രകീര്‍ത്തിക്കുകയാണ്. ഡല്‍ഹി മദ്യനയകേസില്‍ ഉള്‍പ്പെടുകയും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുകയും ചെയ്യുന്ന കമ്പനിയെയാണ് മന്ത്രി പ്രകീര്‍ത്തിക്കുന്നത്. ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാലു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയ ക്രൂരത ചെയ്ത കമ്പനിയെ കുറിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ എന്തൊരു പ്രകീര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് എക്സൈസ് മന്ത്രി സംസാരിക്കുന്നത്. കുപ്രസിദ്ധമായ കമ്പനിയുടെ മാത്രം അപേക്ഷ വാങ്ങി കുടിക്കാന്‍ വെള്ളമില്ലാത്ത പാലക്കാടാണ് അനുമതി നല്‍കിയിരിക്കുന്നത്. 200 ദശലക്ഷം യൂണിറ്റാണ് മലമ്പുഴ അണക്കെട്ടിന്റെ കപ്പാസിറ്റി. 400 ദശലക്ഷം യൂണിറ്റ് ജലമാണ് പാലക്കാടും പരിസര പ്രദേശത്തും വിതരണം ചെയ്യേണ്ടത്. ഈ സാഹചര്യത്തിലാണ് ദിവസേന 80 ദശലക്ഷം ലിറ്റര്‍ വെള്ളം ഈ കമ്പനിക്ക് നല്‍കുന്നത്. വെള്ളമില്ലാത്ത പാലക്കാടാണ് മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
കെ.എഫ്.സിയുടെ കരുതല്‍ ധനമായി ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 61 കോടി രൂപ ആരും അറിയാതെ അനില്‍ അംബാനിയുടെ പൊളിഞ്ഞുകൊണ്ടിരിക്കുന്ന കമ്പനിയില്‍ നിക്ഷേപിച്ചു. പിറ്റേ വര്‍ഷം ആ കമ്പനി പൂട്ടിപ്പോയി. അതോടെ പണവും നഷ്ടമായി. 110 കോടി രൂപ കിട്ടേണ്ട സ്ഥാനത്ത് 7.5 കോടി രൂപ കിട്ടി. സംസ്ഥാനത്തിന് പണം നഷ്ടമായതിന് ഉത്തരവാദി ആരാണ്. കമ്മീഷന് വാങ്ങിയാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. എന്നിട്ടും നടപടി എടുത്തോ? മറുപടിയുണ്ടോ? കരുതല്‍ ധനം ആരെങ്കില് സ്റ്റേക്കില്‍ നിക്ഷേപിക്കുമോ? ഡബിള്‍ എ പ്ലസ് റേറ്റിംഗ് ഉണ്ടെന്നാണ് തോമസ് ഐസക് പറഞ്ഞത്. റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തോമസ് ഐസക്കിനെയും ധനകാര്യ മന്ത്രിയെയും പിന്നീട് കണ്ടിട്ടില്ല. റേറ്റിംഗ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടും സ്റ്റോക് എക്സേഞ്ചിന്റെയും സെബിയുടെയും അംഗീകാരമില്ല കമ്പനിയില്‍ ഫെഡറല്‍ ബാങ്കില്‍ കിടന്ന നിക്ഷേപം ഇട്ട് തുലച്ചു. 2007-ല്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് സര്‍ക്കാരിന്റെ മുതല്‍മുടക്കും നഷ്ടപരിഹാരവും ഈടാക്കേണ്ടത്. പദ്ധതിയില്‍ വീഴ്ച വരുത്തിയ ടീകോമിന് സര്‍ക്കാര്‍ അങ്ങോട്ട് സര്‍ക്കാര്‍ പണം നല്‍കുന്നത് എന്ത് താല്പര്യത്തിന്റെ പുറത്താണ്? എന്തൊക്കെയാണ് നടക്കുന്നത്. സാധാരണക്കാരന്റെ പണം എടുത്താണ് ഇതെല്ലാം ചെയ്യുന്നത്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി നിങ്ങള്‍ മാറി. എന്തൊരു അഴിമതിയും കെടുകാര്യസ്ഥതയുമാണ്? സാമ്പത്തികമായി നിങ്ങള്‍ കേരളത്തെ തകര്‍ന്ന് തരിപ്പണമാക്കി. നന്ദി പ്രമേയ ചര്‍ച്ചയെ എതിര്‍ക്കുന്നു.